ദോഹ: നാട്ടുമണവും നാടൻപാട്ടും നാട്ടറിവുകളും അന്യം നിന്ന് പോകുന്ന വർത്തമാനകാല ബാല്യത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായി സംസ്‌കൃതി കളിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടന്ന നാടൻ പാട്ട് ശില്പശാല ശ്രദ്ധേയമായി. ഖത്തറിലെ ആദ്യ നാടൻ പാട്ട് സംഘമായ ''കനൽ നാടൻ പാട്ട് സംഘ''ത്തിലെ കലാകാരന്മാരാണ് കുട്ടികൾക്ക് മുന്നിൽ പുതിയ ആശയങ്ങളും അറിവുകളുമായി എത്തിയത്. ക്‌ളാസ്മുറികളുടേയും, ഫ്‌ളാറ്റുകളുടേയും മതിലുകൾ ഭേദിച്ച് മലയാളനാടിന്റെ പച്ചപ്പിലേയ്ക്കാണ് കുരുന്നുകൾ പറന്നിറങ്ങിയത്.

ഐ സി സി മുംബൈ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അന്തരിച്ച പ്രിയ കലാകാരൻ കലാഭവൻ മണിയുടെ സഹോദരി ശ്രീമതി തങ്കമണിയെ കളിക്കൂട്ടം കൂട്ടുകാർ ആദരിച്ചു. കലാഭവൻ മണിയുടെ സഹോദരി പുത്രൻ പ്രവീൺ ആലപിച്ച നാടൻപാട്ടുകൾ ഹർഷാരവത്തോടെയാണ് കളിക്കൂട്ടം കൂട്ടുകാർ സ്വീകരിച്ചത്. സംസ്ഥാന ആസൂത്രണ ബോർഡിൽ ഉപദേശക സമിതി അംഗമായി നിയമനം ലഭിച്ച സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരനെ കൂട്ടുകാർ അനുമോദിച്ചു.

കളിക്കൂട്ടം പ്രവർത്തകരായ ഓമനക്കുട്ടൻ പരുമല, ഗോപാലകൃഷ്ണൻ അരിച്ചാലിൽ, ഷംസീർ അരികുളം, ഷൺജിത് മുണ്ടമെട്ട, രവി മണിയൂർ, സഖി ജലീൽ, അർച്ചന ഓമനക്കുട്ടൻ, രമ ബാബുരാജൻ, വനജ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

നാട്ടറിവുകളും, മലയാളനാടിന്റെ പച്ചപ്പും, സംസ്‌കാരവും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പരിപാടികളും, കുട്ടികളുടെ ബൗദ്ധികവും, മാനസികവുമായ വളർച്ചയ്ക്കുതകുന്ന ക്‌ളാസ്സുകളും എല്ലാ മാസവും സംസ്‌കൃതി കളിക്കൂട്ടം സംഘടിപ്പിച്ച് വരുന്നു. കൂടുതൽ വിവരങ്ങൾക്കും, തുടർമാസങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി 50035901 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.