തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി സംഘടിപ്പിച്ച 'കളിമുറ്റം' - 'കളിയും കാര്യവുമായി ഒരു ദിനം' ശനിയാഴ്‌ച്ച ടെക്നോപാർക്കിലെ ക്ലബ്ബ് ഹൗസിൽ നടന്നു. മലയാളത്തിന്റെ പ്രശസ്ത കവി പ്രൊഫസർ വി മധുസൂദനൻ നായർ ഉത്ഘാടനം ചെയ്തു.

പ്രതിധ്വനി എക്‌സിക്യുട്ടീവ് മെമ്പർ മീര എം എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 'കളിമുറ്റം 2017 ' ജനറൽ കൺവീനർ സുദിപ്ത എസ് സ്വാഗതവും നെസിൻ ശ്രീകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് പ്രതിധ്വനിയുടെ സാഹിത്യക്ലബ് സെക്രട്ടറി ബിമൽ രാജ് എൻ മലയാളത്തിന്റെ പ്രിയ കവി പ്രൊഫസർ വി മധുസൂദനൻ നായരെ പൊന്നാടയണിച്ചു ആദരിച്ചു.

കളിച്ചുല്ലസിക്കുവാനുള്ള അവസരമാണ് അവധിക്കാലങ്ങൾ നൽകേണ്ടതെന്നുള്ള തിരിച്ചറിവാണ് കളിമുറ്റം പോലെയുള്ള കൂട്ടായ്മകൾ സമ്മാനിക്കുന്നതെന്നും അവനവനെ തിരിച്ചറിയുകയും ചങ്ങാത്തങ്ങളാണ് ഏറ്റവും വലിയ സമ്പാദ്യങ്ങളെന്ന് മനസിലാക്കുകയും ചെയ്യുവാൻ പുതു തലമുറയിലെ കുട്ടികൾക്ക് കഴിയട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തിൽ മധുസൂദനൻ നായർ പറഞ്ഞു. കവിതകൾ പാടിയും കുട്ടികളെ കൊണ്ട് ഏറ്റു പാടിപ്പിച്ചിട്ടുമാണ് മധുസൂദനൻ നായർ മടങ്ങിയത്.

ടെക്നോപാർക്ക് ജീവനക്കാരുടെ എല്ലാ കുട്ടികൾക്കും പങ്കെടുക്കുന്നതിനു വേണ്ടി മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും ആണ് എല്ലാ മത്സരയിനങ്ങളും സംഘടിപ്പിച്ചത്. കേവലം മത്സരങ്ങൾ എന്നതിനപ്പുറം കുട്ടികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അവധിക്കാലത്തെ തിരിച്ചു നൽകുക എന്നതും അവരിലെ സർഗാത്മകതയെ പരിപോഷിപ്പിക്കുക എന്നതായിരുന്നു 'കളിമുറ്റം' എന്നതിലൂടെ പ്രതിധ്വനി ഉദ്ദേശിച്ചത്. തുടർന്ന് കുട്ടികളുടെ വിവിധയിനം മത്സരങ്ങളും കളികളും വൈകുന്നേരം 5.30 വരെയും ഉണ്ടായിരുന്നു. എല്ലാ മത്സരയിനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളൂം മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. സർട്ടിഫിക്കറ്റും ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളും ഗിഫ്റ്റുകളും ചോക്കലേറ്റുകളും എല്ലാ കുട്ടികൾക്കും നൽകി.

ടെക്നോപാർക്കിൽ നടന്ന സാഹിത്യ മത്സരമായ സൃഷ്ടിയിൽ സമ്മാനാർഹരായ ജ്യോതിഷ് കുമാർ, മീര എം എസ്, യദു കൃഷ്ണൻ, സിനു ജമാൽ, അജിൻ തോമസ് , അമൽ ജെ പ്രസാദ് , അദീബ് അബ്ദുൽ ഖരീം, മാഗി വൈ വി, ഹെർമിയ അജിൻ, ബിമൽ രാജ്, റോഷ്നി രാമചന്ദ്രൻ, ശ്രീജിത്ത് കെനോത് എന്നിവർ കുട്ടികളുടെ വിവിധ മത്സരങ്ങൾക്ക് വിധികർത്താക്കളായി.

കളിമുറ്റം 2017 ജനറൽ കൺവീനർ സുദീപ്ത എസ്, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, ട്രെഷറർ റെനീഷ് എ ആർ, പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനു പി വി, അശ്വിൻ എം സി, സതീഷ് കുമാർ , അരുൺ കേശവൻ, അജിത് ശ്രീകുമാർ, രാഹുൽ രാജേന്ദ്രൻ, കിരൺ സി, മിഥുൻ വേണുഗോപാൽ, ശക്തീ ബാലൻ, ദൃശ്യ മനോഹരൻ, സുവിൻ ദാസ്, ഹാഷിം എന്നിവർ ചേർന്ന് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.