തിരുവനന്തപുരം: സർവ്വൈവൽ മൂവിയെന്നാൽ സിനിമാ പ്രേമികൾക്ക് മെൽ ഗിബ്സണിന്റെ അപ്പൊകാലിപ്റ്റോയാണ് എല്ലാമെല്ലാം. ബഡ്ജറ്റ് മാറ്റിനിർത്തിയാൽ പൂർണ്ണതക്കായി ഏതറ്റവും പോകുന്നവരാണ് അണിയറയിൽ എന്നുള്ളതുകൊണ്ട് തന്നെ കാളിയൻ ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണപ്പെട്ട സർവ്വൈവൽ മൂവികളിലൊന്നാകുമെന്ന് ഉറപ്പ്. പൃഥ്വിരാജിന് പുറമെ തമിഴിൽ നിന്നുള്ള വമ്പൻ താരവും ചിത്രത്തിൽ അണിനിരക്കും.

വേണാടിന്റെ ചരിത്രം പേറുന്ന കഥാഗാനങ്ങളിൽ നിന്നും ഉയിരെടുക്കുന്നതാണ് കാളിയനെന്ന പ്രഥ്വിരാജ് ചിത്രം. കുഞ്ചിറക്കോട്ട് കാളിയെന്ന പോരാളിയുടെ സാഹസിക യാത്രയാണ് ചിത്രം പറയുന്നത്. ഏതാണ്ട് ആറ് വർഷങ്ങളായുള്ള അധ്വാനവും കാത്തിരിപ്പും കാളിയനെന്ന ചിത്രത്തിനു പിന്നിലുണ്ട്. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് വായിച്ച് പൃഥ്വിരാജ് ചെയ്യാമെന്നേറ്റ ചിത്രമാണ് കാളിയൻ. ഉറുമി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചരിത്ര സിനിമയാണ് കാളിയൻ.

നാടിന് വേണ്ടി പടവെട്ടി വീരമൃത്യു മരിച്ച അറിയപ്പെടാതെ പോയ പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒമ്പതാം ശതകത്തിൽ കൊല്ലം ആസ്ഥാനമാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക് സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. ആ വേണാടിലെ വീരന്മാരുടെ കഥ. തിരുമാലനായകനെ പലവട്ടം തോല്പിച്ച ഇരവിക്കുട്ടി പിള്ള വലിയ പടതലവനും അദ്ദേഹത്തിന്റെ വിശ്വസ്തനായ അനുയായി കുഞ്ചിറക്കോട്ട് കാളിയുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

പല കാരണങ്ങളാൽ ചിത്രം നീണ്ടു പോകുകയായിരുന്നു. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഇശ്ചാശക്തിയാണ് കാളിയൻ ഇപ്പോഴെങ്കിലും യാഥാർത്ഥ്യമാകുന്നതിന് പിന്നിൽ. പൃഥ്വിരാജിന് പുറമെ തമിഴിൽ നിന്നുള്ള മുതിർന്ന താരവും കാളിയനിലുണ്ടാകും.

എസ് മഹേഷ്

ദീർഘകാലമായി മാധ്യമ രംഗത്തുള്ള മഹേഷ് നിരവധി ഹ്രസ്വചിത്രങ്ങളും പരസ്യ ചിത്രങ്ങളുമൊരുക്കിയിട്ടുണ്ട്. മലയാളത്തിന് അധികം പരിചിതമല്ലാത്ത സർവ്വൈവൽ മൂവിയെന്ന ജോണർ അവതരിപ്പിക്കുന്നതാണ് മഹേഷിന് മുന്നിലുള്ള വെല്ലുവിളി. തമിഴിൽ നിന്നും ഒരു വലിയ താരം കാളിയനിലുണ്ടാകും. താരത്തെ കണ്ട് ധാരണയിലെത്തിയിട്ടുണ്ട്. ഒപ്പം ശങ്കർ - എഹ്സാൻ- ലോയി ടീമിന്റെ സംഗീതം ആണ് മറ്റൊരു പ്രധാന ആകർഷണം.

ബോളിവുഡ് വമ്പൻ ചിത്രങ്ങളുടെ പ്രധാന ചേരുവയായ ശങ്കർ - എഹ്സാൻ- ലോയി യെ എത്തിക്കാനാകുന്നതും കാളിയന് എക്സ്ട്രാ മൈലേജ് നൽകുന്നു. ഓർഡിനറി, അനാർക്കലി എന്നീ വലിയ ഹിറ്റുകൾ സമ്മാനിച്ച മാജിക് മൂൺ രാജേഷ് നായരാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണച്ചെലവിന്റെ കാര്യത്തിലും ഇതുവരെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾക്കു മുകളിൽ നിൽക്കും കാളിയൻ.

ബിടി അനിൽ കുമാർ

കാളിയനെന്ന ചിത്രം ചെയ്യാമെന്ന് പൃഥ്വിരാജ് സമ്മതിച്ചതിന്റെ ഏകകാരണം തിരക്കഥയായിരുന്നു. മാധ്യമ പ്രവർത്തകനും ഇപ്പോൾ സർക്കാർ ജീവനക്കാരനുമായ ബിടി അനിൽ കുമാറാണ് പ്രഥ്വിരാജിനെ വിസ്മയിപ്പിച്ച കാളിയന്റെ എഴുത്തുകാരൻ. ആദ്യ ഡ്രാഫ്റ്റ് വായിച്ച പ്രഥ്വിരാജ് അപ്പോൾ തന്നെ ചിത്രം ചെയ്യാമെന്നേൽക്കുകയായിരുന്നു.