- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദസ്തയേവ്സ്കിയുടെ വിഖ്യാത നോവൽ കുറ്റവും ശിക്ഷയും മലയാളത്തിൽ സിനിമയാകുന്നു; സംവിധായകനാകുന്നത് കളിയാട്ടത്തിന്റെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂരും
ലോകപ്രശസ്ത എഴുത്തുകാരൻ ഫയദോർ ദസ്തയേവ്സ്കിയുടെ വിഖ്യാത നോവൽ ‘ക്രൈം ആൻഡ് പനിഷ്മെന്റ്(കുറ്റവും ശിക്ഷയും)' മലയാളത്തിൽ സിനിമയാകുന്നു. കളിയാട്ടത്തിന്റെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോർട്ട് കൊച്ചിയിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലാകും സിനിമ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ബൽറാം മട്ടന്നൂരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇത് വളരെ സങ്കീർണമായ കഥയാണ്. ഒന്നര വർഷത്തോളം സമയമെടുത്താണ് ഈ കഥ ഒരുക്കിയത്. അതിശയകരമായ ഒരു ഘടകം ഞാൻ തിരക്കഥയിൽ കൊണ്ടുവന്നിട്ടുണ്ട്. അത് പ്രോജക്റ്റിന്റെ കരുത്തായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഒഥല്ലോയെ വടക്കൻ കേരളത്തിലെ തെയ്യം പശ്ചാത്തലമാക്കി കളിയാട്ടമാക്കിയതുപോലെ, കുറ്റവും ശിക്ഷയും ഏത് കാലഘട്ടത്തിലാണ് അടിസ്ഥാനമാക്കേണ്ടതെന്ന് തീരുമാനിക്കുന്നതിൽ മാത്രമാണ് ബുദ്ധിമുട്ട് ഉണ്ടായത്. അത് തീരുമാനം ആയതിന് ശേഷം ബാക്കി എല്ലാം തന്നെ സുഖകരമായി. എഴുത്തുകാരൻ എന്ന നിലയ്ക്ക് ഒരു നാടകത്തിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നതിനേക്കാൾ നോവലിൽ നിന്നും എളുപ്പമാണെന്ന് തോന്നുന്നു' ബൽറാം മട്ടന്നൂർ പറഞ്ഞു.
മഴയ്ക്ക് സിനിമയിൽ പ്രാധാന്യമുള്ളതിനാൽ ജൂണിൽ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ഒരു പ്രമുഖ നടനായിരിക്കും അവതരിപ്പിക്കുക. ചിത്രത്തിന്റെ പൂർണ്ണ വിവരങ്ങൾ ഈ മാസാവസാനത്തോടെ അറിയിക്കുമെന്നും ബൽറാം വ്യക്തമാക്കി. ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്നാണ് ബൽറാം കളിയാട്ടം ഒരുക്കിയത്. അതേപോലെ തന്നെയാണ് പുതിയ ചിത്രവും വരുന്നത്.
മറുനാടന് മലയാളി ബ്യൂറോ