തിരുവനന്തപുരം: കല്ലമ്പലം ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിക്കാൻ ഇടയാക്കിയ സംഭവത്തിൽ കടബാധ്യതയും കുടുംബ അംഗങ്ങൾക്ക് ഉണ്ടായ അസുഖങ്ങളും കാരണമായതായി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഗൃഹനാഥൻ മണിക്കുട്ടൻ(46)തൂങ്ങി മരിച്ച നിലയിലും ഭാര്യ സന്ധ്യ(38)മക്കൾ അജീഷ്(15)അമേയ(13),മണികുട്ടന്റെ അമ്മയുടെ സഹോദരി ദേവകി(80)എന്നിവരെ കിടക്കയിൽ മരിച്ച നിലയിലും കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന മണിക്കുട്ടന്റെ അമ്മ വാസന്തി(85)മാത്രമാണ് കൂട്ട മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

അമ്മയെ ഒഴിവാക്കി മറ്റുള്ളവർക്ക് വിഷം കൊടുത്ത് മരണം ഉറപ്പാക്കിയ ശേഷം മണിക്കുട്ടൻ ജീവനൊടുക്കി എന്ന നിഗമനത്തിലാണ് പൊലീസ്. തമിഴ്‌നാട്ടിൽ 12 ലക്ഷത്തോളം രൂപയ്ക്ക് പാട്ടത്തിനെടുത്ത മാമ്പഴ തോട്ടം കോവിഡ് കാരണം പ്രതിസന്ധിയിലായത് കടബാധ്യത ഉണ്ടാക്കി എന്നാണ് സൂചന. മൂത്ത സഹോദരന്റെ പേരിൽ ഉണ്ടായിരുന്ന വീടും പുരയിടവും 8 ലക്ഷം രൂപയ്ക്ക് വാങ്ങി 5 ലക്ഷത്തോളം രൂപ ചെലവിട്ടു നവീകരിച്ചിരുന്നു. ഇതിലും ബാധ്യത ഉണ്ടായി. തടി ബിസിനസ് തുടങ്ങി എങ്കിലും പ്രതീക്ഷിച്ചപോലെ വിജയിച്ചില്ല. വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പകളുടെ തിരിച്ചടവും മുടങ്ങി. മകൾ അമേയ കലശലായ ശ്വാസം മുട്ടലിന് വർഷങ്ങളായി ചികിത്സയിലായിരുന്നു.

ഭാര്യ സന്ധ്യയ്ക്ക് ഗർഭാശയ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. മണിക്കുട്ടന് വൃക്കയിൽ കല്ലിന്റെ അസുഖവും അലട്ടിയിരുന്നു. ഒരാഴ്ച മുൻപ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയും പിഴയും നേരിട്ടിരുന്നു. ഈ വിഷമങ്ങൾ എല്ലാം നേരിട്ട മണിക്കുട്ടൻ ബാക്കിയുള്ളവർക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദമ്പതികൾക്കിടയിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ്

മാതാപിതാക്കളും രണ്ടു മക്കളും ബന്ധുവും അടക്കം കുടുംബത്തിലെ അഞ്ചു പേരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. ദേശീയപാതയിൽ രണ്ടു പതിറ്റാണ്ടായി തട്ടുകട നടത്തുന്ന ആളായിരുന്നു ആർ.മണിക്കുട്ടൻ. മകൻ അജീഷ് പത്താം ക്ലാസ് വിജയിച്ച് പ്ലസ് വൺ അഡ്‌മിഷന് ശ്രമിക്കുകയായിരുന്നു. മകൾ അമേയ ഞെക്കാട് ഗവ.വിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. . മൃതദേഹങ്ങൾ തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു. മണിക്കുട്ടന്റെ അമ്മ വാസന്തി മരണവിവരം പുലർച്ചെ വരെ അറിഞ്ഞില്ല. ബാഹ്യ ഇടപെടലുകളോ പിടിവലിയോ നടന്നതായി ലക്ഷണങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അസ്വാഭാവികതയൊന്നും ഇല്ലെന്ന് പറയുകയാണ് പൊലീസ്.

മണിക്കുട്ടനും സന്ധ്യയും കിടപ്പു മുറിയിലും മക്കൾ തൊട്ടടുത്ത മുറിയിലെ കിടക്കയിലും ദേവകി വീടിനു മുൻവശത്തെ ഹാളിൽ തറയിലും ആണു കാണപ്പെട്ടത്. അവിവാഹിതയായ ദേവകി ദീർഘകാലമായി രോഗബാധിതയാണ്. മണിക്കുട്ടന്റെ തട്ടുകടയിൽ ഒരാഴ്ച മുൻപ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് 5,000 രൂപ പിഴയിട്ടു. പിഴ അടച്ച ശേഷം തുറന്നു പ്രവർത്തിക്കാനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവം. തട്ടുകട തുറക്കാനെത്തിയ ജീവനക്കാരൻ രാവിലെ മണിക്കുട്ടനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനാൽ വീട്ടിലെത്തി വാതിലിൽ തട്ടി വിളിച്ചു.

വാസന്തി വാതിൽ തുറക്കുമ്പോഴും മരണവിവരം അറിഞ്ഞിരുന്നില്ല. റൂറൽ എസ്‌പി ദിവ്യ ഗോപിനാഥ് ആറ്റിങ്ങൽ ഡിവൈഎസ്‌പി പി.നിയാസ് എന്നിവരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.. തട്ടുകടയിൽ നിന്നു മോശമല്ലാത്ത വരുമാനം ലഭിച്ചിരുന്ന മണിക്കുട്ടനു തടിക്കച്ചവടവും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ പൂക്കൾ, മാവ്,കാട്ടുനെല്ലി, പച്ചക്കറി തോട്ടം പാട്ടത്തിന് എടുത്തു കൃഷിയും നടത്തിയിരുന്നു. കോവിഡ് വന്നതോടെ കൃഷി നഷ്ടത്തിലായി. ഇതും മണിക്കുട്ടനെ തളർത്തി.