കോഴിക്കോട്: മിശ്രവിവാഹത്തിന്റെ പേരിൽ മലപ്പുറത്തെ മുസ്ലിം കുടുംബത്തെ മഹല്ല് കമ്മറ്റി ഊരുവിലക്കേർപ്പെടുത്തിയ സംഭവത്തിനെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തമായി വ്യാപിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിൽ അനാവശ്യമായി മതം ഇടപെടുന്നത് എന്തിനെന്ന ചോദ്യമാണ് ഇതോടെ വിവിധ കോണുകളിൽ നിന്നും ഉയർന്നത്. ഇപ്പോഴിതാ കത്തോലിക്കാ സഭയിലെ കല്ലറ കച്ചവടത്തിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത്. മൃതദേഹത്തെ വെച്ച് വിലപേശിയ പള്ളിവികാരിയും പള്ളിക്കമ്മറ്റിയുമാണ് വില്ലൻ സ്ഥാനത്ത്. കുടുംബകല്ലറയിൽ മൃതദേഹം അടക്കാൻ വേണ്ടി കോഴിക്കോട് കൂരാച്ചുണ്ടുള്ള കല്ലാനോട് സെൻ മേരീസ് ദേവാലയം അധികാരികൾ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണ്. എന്നാൽ, ഇതേചൊല്ലി തർക്കമായതോടെ അമ്പതിനായിരം രൂപ അടയ്ക്കാൻ സമ്മതിക്കുകയായിരുന്നു. ഈ സംഭവം ചോദ്യം ചെയ്ത സഭാ വിശ്വാസിയെ വൈദികനും കൈക്കാരായ ഗുണ്ടകളും ചേർന്ന് കൈ തല്ലിയൊടിച്ചു. ജോസ് ജോസഫ് എന്നയാൾക്കാണ് മർദ്ദനമേറ്റത്.

ചേട്ടായി എന്ന ഓമനപ്പേരിൽ നാട്ടുകാർ വിളിച്ചുവരുന്നു കൂരാച്ചുണ്ട് പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡഡന്റ് മാത്യുകുട്ടി കോതമ്പനാനിയുടെ സംസ്‌കാര ചടങ്ങിന് വേണ്ടിയാണ് ഒരു ലക്ഷം രൂപ പള്ളിമ്മറ്റി ആവശ്യപ്പെട്ടത്. ഈ പണം അടയ്ക്കാതെ മൃതദേഹം അടയ്ക്കാൻ സമ്മതിക്കില്ലെന്ന് പള്ളിവികാരി ഫാദർ ഫ്രാൻസിസ് പുതിയേടത്ത് പറയുകായിരുന്നു. ഇതോടെ തർക്കം ഉടലെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിൽ പള്ളിക്കമ്മറ്റിയുടെ നിലപാടിനെ ചോദ്യം ചെയ്തതോടെയാണ് ജോസിന് നേരെ ആക്രമണം ഉണ്ടായത്.

പള്ളിവികാരിയുടെ കൈക്കാരായ എട്ടീൽ ജോൺസൺ, പനക്കവേൽ ജോൺസൺ, നാണാട്ട് സജി, ജോണി താന്നിക്കൽ എന്നിവർ ചേർന്നാണ് ജോസിനെ ആക്രമിച്ചത്. യോഗത്തിനിടെ വിഷയം ഉന്നയിച്ച ജോസിനെതിരെ ആക്രോശിച്ചു കൊണ്ട് ഇവർ ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും എതിർത്തപ്പോൾ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയുമായിരുന്നു. സംഭവത്തിൽ വികാരി ഫ്രാൻസിസ് പുതിയേടത്തിനും കൈക്കാർക്കുമെതിരെ ജോസ് പൊലീസിൽ പരാതി നൽകി. കേസെടുത്ത് പൊലീസ് ജോസിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കലക്ടർക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. പള്ളിക്ക് ശവക്കോട്ട പണിയാൻ മാത്യുകുട്ടി കോതമ്പനാനിയുടെ കുടുംബമാണ് സ്ഥലം കൊടുത്തിരുന്നത്. എന്നിട്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് തർക്കത്തിന് ഇടയാക്കിയതും.

അതേസമയം സിമിത്തേരിയിലേ ചില നിർമ്മാണത്തിനെതിരേ കലക്ടർക്ക് ജോസ് ജോസഫ് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെമിത്തേരിയിൽ പുതിയ നിർമ്മാണ പദ്ധതികൾക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്കിയിരുന്നു. ഇതിനേ മറികടന്നു കൊണ്ടു കൂടിയായിരുന്നു പള്ളിയിൽ ശവകല്ലറ കച്ചവടം നടന്നത്. അതേസമയം പള്ളിവികാരിക്കെതിരെ കടുത്ത ആരോപണമാണ് മർദ്ദനത്തിന് ഇരയായ ജോസ് ഉന്നയിക്കുന്നത്. അമ്മയുടെയും അഞ്ച് വയസു പ്രായമുള്ള കുട്ടിയുടെയും വസ്തു രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വികാരിയും പള്ളി അധികാരികളും തട്ടിയെടുത്തു എന്ന ആരോപണമാണ് ജോസ് ഉന്നയിച്ചത്.

മണൽ മാഫിയക്കെതിരെ അടക്കം സമരം നടത്തുന്ന തനിക്കെതിരെ മർദ്ദനമുണ്ടായതിന് പിന്നിൽ ഇക്കൂട്ടരുടെ സ്വാധീനമുണ്ടെന്നും കാണിച്ച് തന്റെ ജീവൻ വരെ ഭീഷണിയുണ്ടെന്നും ജോസ് കൂരാച്ചുണ്ട് പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കാലങ്ങളായി സെന്റ് മേരീസ് ദേവാലയത്തിൽ കല്ലറ കച്ചവടം നടക്കുന്നുണ്ട്. എന്നാൽ, വിശ്വാസികളാരും ഇതിനെ ചോദ്യം ചെയ്യാറില്ല. അടുത്തിടെ കത്തോലിക്കാ സഭക്കുള്ളിൽ ഭാഗത്തു നിന്നും ഇതിനെതിരെ ചില വിമതശബ്ദങ്ങൾ ഉയരുന്നുണ്ട് താനും. മൃതദേഹം വെച്ച് വിലപേശുന്ന നടപടി പള്ളിക്കമ്മിറ്റി തിരുത്തണമെന്നാണ് ആവശ്യം ശക്തമാക്കിയിട്ടുണ്ട്.