ദോഹ: ഞായറാഴ്ച കണ്ണൂരിൽ അന്തരിച്ച 'കണ്ടൽ പൊക്കുടൻ' എന്ന കല്ലേൻ പൊക്കുടൻ തന്റെ ഏഴ് പതിറ്റാണ്ട് നീണ്ട ജീവിതത്തിലൂടെ യഥാർത്ഥ മനുഷ്യസ്‌നേഹി ഒരു പ്രകൃതിസ്‌നേഹി കൂടി ആണെന്ന് തെളിയിച്ചുവെന്ന് സംസ്‌കൃതി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കർഷകതൊഴിലാളികൾക്കായി എ. കെ. ജി ഡൽഹിയിൽ നടത്തിയ നിരാഹാര സമരത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന ജയിൽ നിറയ്ക്കൽ സമരത്തിൽ അടക്കം നിരവധി പ്രക്ഷോഭങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ച പൊക്കുടൻ പിന്നീട് കണ്ണൂരിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിൽ മുന്നിൽ നിന്നു. യുനെസ്‌കോയുടെ അടക്കം ശ്രദ്ധ പിടിച്ചുപറ്റിയ പൊക്കുടന്റെ കണ്ടൽ വിപ്‌ളവം അന്തർദേശീയ ശ്രദ്ധയാകർഷിച്ചതായിരുന്നു. ഒരു ലക്ഷത്തിലധികം കണ്ടലുകൾ വച്ചുപിടിപ്പിച്ച പൊക്കുടന്റെ വിയോഗത്തിലൂടെ ഉന്നതനായ ഒരു പ്രകൃതി സ്‌നേഹിയെയാണ് നഷ്ടമായിരിക്കുന്നതെന്ന് സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ, പ്രസിഡന്റ് എ. കെ. ജലീൽ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.