തൃശൂർ: ന്തെൂട്ടിസ്റ്റാ...ഇനീം സംശയാ? സംഭവം പൊടിച്ചൂട്ടോ.. പൂരം നഗരിയിൽ ഇന്നലെ സംസ്ഥാന സ്‌കൂൾ കലോത്സവം കാണാനെത്തിയ കാണികളിൽ ഒരാളോട് മേളയെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യപ്രതികരണം ഇങ്ങിനെ..

ആദ്യം ആന, പിന്നെ പൂരം. ഒപ്പം ചെണ്ടമേളോം വെടിക്കെട്ടും പുലിക്കളിം ഓണത്തല്ലുക്കൊ ഇവിടുത്തുകാരുടെ രക്തത്തിൽ അലിഞ്ഞതാണെ.. ഇതൊപ്പോ അങ്കോം കാണാം താളിം ഒടിക്കാം എന്നു പറഞ്ഞപോലെ അല്ലേ... എല്ലാ ഗഡികളും ഇതാ ഇപ്പോ ഇവിടെയല്ലേ.. അദ്ദേഹം വ്യക്തമാക്കി..പോണുട്ടോ..താമിസൂച്ചാ സീണ്ടാവില്ലേ.. പേരും വിവരങ്ങളും അരായുന്നതിനിടെ ഇതും പറഞ്ഞ് അദ്ദേഹം സ്ഥലം കാലിയാക്കുകയും ചെയ്തു.

സാംസ്‌കാരിക തലസ്ഥാനം,പൂരങ്ങളുടെ നാട് എന്നുതുടങ്ങി നിരവധി വിശേഷണങ്ങളുള്ള ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം തൃശ്ശൂർ നെഞ്ചേറ്റിക്കഴിഞ്ഞു.വഴിയെ പോകുന്ന സർക്കസുകരാൻ കൈയും കലാശവും കാണിച്ചാൽ പോലൂം ആളുകൂടുന്ന തേക്കിൻകാട് മൈതാനിയിലെ വേദികളിൽ ഇന്നലെ മോഹിനിയാട്ടമത്സരം ആരംഭിച്ചപ്പോൾ മുതൽ കാണികളുടെ ഒഴുക്ക് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.രാത്രി വൈകി മത്സരങ്ങൾ പൂർത്തിയായപ്പോഴും റൗണ്ടിനെ ചുറ്റിപ്പറ്റിയുള്ള വേദികൾ ഏറെക്കുറെ സജീവമായിരുന്നു.

പ്രധാനവേദിയായ നീർമാതളത്തിൽ 11-ന് ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ട മത്സരം തുടങ്ങുമെന്നായിരുന്നു സംഘാടകരുടെ അറിയിപ്പ് .ഉദ്ഘാടന പരിപാടി നീണ്ടതോടെ ഈ നീക്കം പൊളിഞ്ഞു.മുഖ്യമന്ത്രിയുടെ അസാന്ന്യദ്ധ്യത്തിൽ നിറംകെട്ട ഉദ്ഘാടന മാമാങ്കം കഴിഞ്ഞപ്പോൾ ഒരു മണിയോടടുത്തിരുന്നു.പിന്നെയും അരമണിക്കൂറോളം വൈകിയാണ് ഇവിടെ മത്സരങ്ങൾ ആരംഭിച്ചത്.

തേക്കിൻകാട് മൈതാനിയിലെ തന്നെ നീലക്കുറിഞ്ഞിയിലും ഇന്നലെ കാണികൾക്ക് ക്ഷാമമില്ലാതിരുന്നു.ഹയർസെക്കന്ററി വിഭാഗം മോഹനിയാട്ടമാണ് ഇവിടെ നടന്നത്.മത്സര ഇനങ്ങളിലെ ഗ്ലാമർ വിഭാഗത്തിൽപ്പെടുന്ന ഈ രണ്ട് മത്സരങ്ങളാണ് റൗണ്ടിലെ വേദികളിൽ ഇന്നലൈ കാണികളെ എത്തിച്ചത് എന്നതാണ് വാസ്തവം.മറ്റ് വേദികളിൽ കാര്യമായി കാണികളെ കണ്ടില്ല.

ഇന്ന് മുതൽ ഇനിയുള്ള ദിവങ്ങളിലെ മത്സരങ്ങൾ കാണാൻ കാണികളുടെ ഒഴുക്കായിരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.ഇന്ന് അവധി ദിനം കൂടിയായതിനാൽ വേദികളെല്ലാം നിറഞ്ഞ് കവിയുമെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.നീർമാതളത്തിൽ ഹൈസ്‌കൂൾ വിഭാഗം( ബി )ഭരതനാട്യ മത്സരവും ഹയർസെക്കന്ററി വിഭാഗം തിരുവാതിര മത്സരവുമാണ് നടക്കുക.തൊട്ടടുത്ത നീലക്കുറിഞ്ഞിയിൽ ഹയർസെക്കന്ററി വിഭാഗം (ബി) ഭരതനാട്യ മത്സരവും മിമിക്രി മത്സരവുമാണ് അരങ്ങേറുക.വേദി 24 ആയ കേരത്തിൽ നടക്കുന്ന ബാന്റ് മേളമാണ് ഇന്നത്തെ മറ്റൊരു പ്രധാന മത്സര ഇനം.

ഭക്ഷ്യവസ്തുക്കൾക്ക് നേരിതോതിൽ വിലവർദ്ധയുണ്ടെന്നത് ഒഴിച്ചുകഴിഞ്ഞാൽ മേള ആസ്വദിക്കാനെത്തുന്ന കാണികൾക്ക് പറയത്തക്ക ബുദ്ധിമുട്ടുകൾ ആനുഭവപ്പെടുന്നില്ലതാണ് വാസ്തവം. കമ്മീഷണർ രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ അടിക്കടി യോഗം ചേർന്ന് സുരക്ഷാപ്രശ്‌നങ്ങൾ വിലയിരുത്തുന്നുണ്ട. പ്രധാനവേദിയായ നീർമാതളത്തോട് ചേർന്നുള്ള പൊലീസ് വിഭാഗത്തിന്റെ ഇൻഫർമേഷൻ കൗണ്ടറിൽ മണിക്കൂറുകളോളം തങ്ങി നേരിൽ സ്ഥിഗതികൾ വിലയിരുത്തിയാണ് അദ്ദേഹം മടങ്ങിയത്.