തിരുവനന്തപുരം: മലയാളിയെ ചിരിപ്പിക്കുക മാത്രമേ കൽപ്പന ചെയ്തിരുന്നുള്ളൂ. മലയാളിയുടെ മനോരമയായി ഏവരേയും ചിരിപ്പിച്ച അൽഭുത പ്രതിഭ. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതും ഹാസ്യത്തിൽ പൊതിഞ്ഞാണ്. കാണുന്നവരെയൊന്നും ചിരിപ്പിക്കാതെ വിടാൻ കൽപ്പനയ്ക്ക് ആയിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമാ ലോകത്ത് മിത്രങ്ങൾ മാത്രമായിരുന്നു കൽപ്പനയ്ക്ക് സമ്പാദ്യം. എവിടെ ദുഃഖമുണ്ടായാലും അവിടെ സ്വാന്തനവുമായി കൽപ്പന ഓടിയെത്തി. ഇപ്പോഴിതാ ആദ്യമായി സഹപ്രവർത്തകരെ കരയിപ്പിക്കുകയാണ് കൽപ്പന. അതും മരണത്തിലൂടെ.

ഇത് കേട്ട കെപിഎസി ലളിത ചിലതൊക്കെ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖം കൽപ്പനയ്ക്കുണ്ടായിരുന്നു. എന്നാൽ വേദനകൾ സ്വകാര്യമായി കരുതുകയായിരുന്നു കൽപ്പന. വിവാഹ മോചനം അവരെ തളർത്തിയിരുന്നു. എന്നാൽ സംവിധായകൻ അനിലുമായുള്ള വേർപാടിന്റെ കാരണങ്ങളോ മറ്റ് കാര്യങ്ങളോ അവർ ആരോടും പറഞ്ഞിരുന്നില്ല. സഹോദരൻ കമൽ ആത്മഹത്യ ചെയ്തിട്ട് വർഷങ്ങൾ ഏറെയായി. അതും കൽപ്പനയ്ക്ക് മറക്കാനായില്ല. എല്ലാവരേയും ചിരിപ്പിക്കുമ്പോഴും സ്വകാര്യമായി കരയുകയായിരുന്നു കൽപ്പനയെന്ന് കെപിഎസി ലളിത പറയുന്നു. അടുത്തിടെ കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ കൽപ്പന ചികിൽസയ്ക്ക് എത്തിയിരുന്നു. അപ്പോഴും രോഗമെന്തെന്ന് ആരോടും പറഞ്ഞില്ല.

താര സംഘടനയായ അമ്മയുടെ സജീവ മുഖമായിരുന്നു കൽപ്പന. എല്ലാ മീറ്റിംഗുകൾക്കും ഓടിയെത്തും. എക്‌സിക്യൂട്ടീവ് അംഗമായ കൽപ്പനയുമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവർക്ക് സഹോദര തുല്യമായ അടുപ്പമുണ്ട്. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ഏറെ അംഗീകാരവും സ്വാതന്ത്ര്യവും കൊടുത്ത നടി. അവരോട് പോലും ഒന്നും കൽപ്പന പറഞ്ഞില്ല. അവസാനം അമ്മയുടെ മീറ്റിംഗിന് വന്നിരുന്നില്ല. എന്തോ അസുഖത്തിന് ചികിൽസയിലാണെന്ന് അറിഞ്ഞു. തിരക്കയപ്പോഴും ഒരു കുഴപ്പവുമില്ലാത്തതു പോലെയാണ് പ്രതികരിച്ചത്ഇന്നസെന്റിന്റെ പ്രതികരണം ഇങ്ങനെ.

അച്ഛനും അമ്മയും നാടകത്തിനായി സമർപ്പിച്ച വ്യക്തിത്വങ്ങളായിരുന്നു. ഉർവ്വശിയും കലാരഞ്ജിനിയും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോൾ കൽ്പ്പനയ്ക്കും സാധ്യതകൾ ഏറെയായിരുന്നു. എന്നാൽ കുടുംബത്തിനായിരുന്നു കൽപ്പന കൂടുതൽ പ്രാധാന്യം നൽകിയത്. അനുജനേയും നോക്കി ചേച്ചി വീട്ടിൽ തന്നെ കഴിഞ്ഞു. അങ്ങനെ സഹോദരനുമായി ഏറെ ആത്മബന്ധം കൽപ്പനയ്ക്കുണ്ടായിരുന്നു. ഈ സഹോദരന്റെ മരണവും കൽപ്പനയ്ക്ക് അപ്രതീക്ഷിതമായിരുന്നു. അതിന് ശേഷമാണ് അവർ സിനിമയിൽ കൂടുതൽ സജീവമായത്. എല്ലാ ദുഃഖവും ചിരിച്ച് മറയ്ക്കാനുള്ള ഇടമായിരുന്നു സിനിമ. അത് നന്നായി അവർ ചെയ്യുകയും ചെയ്തു.

മുന്നോറോളം സിനിമകളിൽ അഭിനയിച്ച കൽപ്പന, സംവിധായകൻ അനിലിനെ വിവാഹം ചെയ്തതും ഏറെ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വിവാഹമോചനവുമെത്തി. മകളുമായി കഴിയുമ്പോഴും കുടുംബ ബന്ധത്തിലെ വിള്ളൽ ഈ നടിയെ തളർത്തിയിരുന്നു. ഇതിനിടെയാണ് അസുഖ വാർത്ത എത്തുന്നത്. സഹോദരി ഉർവ്വശിയും മനോജ് കെ ജയനുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളിൽ കൽപ്പന വേറിട്ട നിലപാടാണ് എടുത്തത്. മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തെ കൽപ്പന അനുകൂലിച്ചിരുന്നില്ല. മനോജിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. ഉർവ്വശിയുടെ കുടുംബ പ്രശ്‌നങ്ങളും കൽപ്പനയെ അലട്ടിയിരുന്നു. ഉർവ്വശിയുമായി ബന്ധപ്പെട്ടുയർന്നിരുന്ന വിവാദവും അലോസരപ്പെടുത്തി. ഇതിനിടെയാണ് ഹൃദയാഘാതമെത്തുന്നത്.

8 വയസുള്ളപ്പോൾ നടൻ വിൻസന്റിനെ കല്യാണം കഴിക്കണമെന്ന് തോന്നിയിരുന്നു. ഞാനത് തുറന്ന് പറയുകയും ചെയ്തു.അന്ന് അദ്ദേഹം പറഞ്ഞു. ഫിക്‌സ് ചെയ്ത് പോയല്ലോ മോളെ അല്ലെങ്കിൽ നോക്കാമായിരുന്നു. പിന്നെ കമൽഹാസനെ കല്യാണം കഴിക്കണമെന്നായി. പിന്നെ ആരോടും ഒന്നും തോന്നിയിട്ടില്ലെന്നായിരുന്നു വിവാഹത്തെ കുറിച്ച് കൽപ്പന പറഞ്ഞിരുന്നത്. അനിൽ ആദ്യം വിവാഹം ആലോചിച്ചത് ഉർവശിയെ ആണെന്നും അത് നടക്കാതെ വന്നപ്പോൾ കൽപ്പനയിലേക്ക് തിരിഞ്ഞെന്നും പറയുന്നവരുണ്ട്. അതിനേയും കൽപ്പന നിഷേധിച്ചിരുന്നു. ഈ ചോദ്യത്തോട് എന്നും കൽപ്പന പ്രതികരിച്ചത് ഇങ്ങനെയായിരുന്നു-അയ്യയ്യോ....ഒരിക്കലുമല്ല. ഉർവശിക്ക് അനിലിന്റെ സ്വഭാവം വലിയ ഇഷ്ടമായിരുന്നു. അവൾ അണ്ണാ എന്ന് വിളിക്കുന്ന അപൂർവം പേരിൽ ഒരാൾ അനിലായിരുന്നു. ഒരു മൂത്ത ഏട്ടനായിരുന്നു ഉർവശിക്ക് അനിൽ.

2012ൽ  കൽപ്പനയും സംവിധായകൻ അനിലും വിവാഹമോചിതരായി. എറണാകുളം കുടുംബ കോടതിയാണ് ഇവർക്ക് വിവാഹമോചനം അനുവദിച്ചത്. ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുകളുണ്ടെന്ന സൂചനകൾ കുറെക്കാം മുമ്പെ പുറത്തുവന്നെങ്കിലും കൽപ്പന ഇതെല്ലാം നിഷേധിച്ചിരുന്നു. സാധാരണ ഒരു കുടുംബത്തിൽ ഉണ്ടാകാറുള്ള പ്രശ്‌നങ്ങൾ മാത്രമേ തങ്ങൾക്കുള്ളിലും ഉള്ളൂ എന്നും, വേർപിരിയലിന്റെ വാർത്തകൾ ശരിയല്ലെന്നും അവർ അന്ന് പറഞ്ഞിരുന്നു. അനിലിന് ബാംഗ്ലൂരിലെ ഒരു വ്യവസായിയായ സ്ത്രീയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണം എന്നും വാർത്തകൾ വന്നു. എന്നാൽ ഇക്കാര്യത്തിൽ വെളിപ്പെടുത്തലുകൾക്കോ വിവാദങ്ങൾക്കോ കൽപ്പന തയ്യാറായില്ല. അനിൽ പലതും പറയുമ്പോഴും മൗനമായിരുന്നു കൽപ്പനയുടെ മറുപടി.

അനിൽ തന്നെയാണ് വിവാഹമോചന ഹർജി നൽകാൻ മുൻകൈയെടുത്തത്. രണ്ടുപേരും ചേർന്ന് ഹർജി നൽകണമെന്ന അനിലിന്റെ ആവശ്യം കൽപന ആദ്യം അംഗീകരിച്ചില്ല. മാത്രമല്ല, വിവാഹമോചനം ഒഴിവാക്കാനും ചില സുഹൃത്തുക്കൾ മുഖേന മധ്യസ്ഥ ശ്രമങ്ങൾ നടത്തുകയും ചെയ്തു. അനിൽ അതിനൊന്നും വഴങ്ങാതെ വന്നതോടെ കൽപനയ്ക്കു വേണ്ടി ഇടപെട്ട സിനിമാരംഗത്തെ സുഹൃത്തുക്കൾതന്നെ സംയുക്ത ഹർജി നൽകാൻ കൽപനയെ പ്രേരിപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്നു നൽകിയ ഹർജിയിൽ കോടതി അനുകൂല വിധി നൽകുകയും ചെയ്തു. മകളെ തനിക്കു വിട്ടുകിട്ടണമെന്ന അനിലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

അനിൽ കൽപന ദാമ്പത്യ ബന്ധം തകരുന്നുവെന്ന വാർത്തകൾ നേരത്തേ പുറത്തുവന്നപ്പോൾ അതിനോട് അതിരൂക്ഷമായാണ് കൽപന പ്രതികരിച്ചിരുന്നത്. എന്നാൽ അനിൽ ഇതേക്കുറിച്ചു മാദ്ധ്യമങ്ങളോടു കാര്യമായി സംസാരിച്ചിരുന്നില്ല. കൽപന, തനിക്കും ഭർത്താവിനുമേതിരേ ആരോ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആദ്യം വിശ്വസിച്ചതും പുറത്തു പറഞ്ഞതും. കുടുംബ ബന്ധം തകർന്നതോടെ ഈ പ്രതീക്ഷയും അസ്തമിച്ചു. ഇത് മാനസികമായി വല്ലാതെ കൽപ്പനയെ തകർന്നു. മകളെ കോടതി വിട്ടുനൽകിയത് മാത്രമായിരുന്നു ഏക ആശ്വാസം.

ഉർവശി കല്പന കലാരഞ്ജിനി ത്രയങ്ങളുടെ സഹോദരൻ. ഒരു സിനിമയിൽ മാത്രം ആണ് പ്രിന്‌സ് അഭിനയിച്ചത്. അതാകട്ടെ ഒരു അഡൽട്‌സ് ഒണ്‌ലി സിനിമയും. ഈ മരണത്തിനു പിന്നിൽ ഒട്ടേറെ കഥകൾ ഉണ്ട്. മയക്കു മരുന്നിനു അടിമ ആയിരുന്നു, പ്രേമ നൈരാശ്യം-ഇങ്ങനെ പോകുന്ന കഥകൾ. ഈ അനുജനെ പറ്റി മറവില്ലാതെ കൽപ്പന പറയുന്നത് ഇങ്ങനെ- പ്രിൻസ് 16 വയസിൽ ഞങ്ങൾക്ക് നഷ്ടമായി.(സിൽക്ക് സ്മിതയ്‌ക്കൊപ്പം ലയനം എന്ന ചിത്രത്തിൽ നായകനായ പ്രിൻസ് പിൽക്കാലത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു).

രണ്ടാമത്തെ സഹോദരൻ കമൽ റോയിയും ഉദ്ദേശിച്ചിടത്ത് എത്തിയില്ല. കമൽറോയി ഞങ്ങളേക്കാൾ ടാലന്റഡാണ് .അസലായിട്ട് പാടും.എല്ലാ വാദ്യോപകരണങ്ങളും വായിക്കും.അവൻ സുഹൃത്തുക്കൾ വേണ്ടി മാത്രം ജീവിച്ചയാളാണ്. എ.ആർ.റഹ്മാൻ ദിലീപായിരിക്കുന്ന കാലത്ത് അവന്റെ ക്‌ളോസ് ഫ്രണ്ടാണ്.പിന്നെ അവൻ തിരിച്ചറിവായപ്പോൾ മുതൽ കാണുന്നത് ചേച്ചിമാരുടെ പ്രശസ്തിയാണ്. ലൊക്കേഷനിലേക്ക് കൊണ്ടു പോകാൻ കാത്തു കിടക്കുന്ന വണ്ടികൾ,ആരാധകർ...ഒരു കഷ്ടപ്പാടും അറിയാതെ 14 വയസിൽ ബൈക്ക് കിട്ടി. 18 വയസിൽ കാർ കിട്ടി. സ്വാഭാവികമായും ജീവിതത്തോട് വേണ്ടത്ര ഗൗരവം അവന് തോന്നിയിരിക്കില്ലെന്നും കൽപ്പന പറഞ്ഞിരുന്നു.

വിവാദങ്ങളോട് കരുതലോടെ മാത്രമേ കൽപ്പന പ്രതികരിച്ചിട്ടുള്ളൂ. ഞങ്ങളുടെ കാഴ്പ്പാടിൽ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഇതിനേക്കാൾ വലിയ പ്രശ്‌നങ്ങളുണ്ട്. ജയറാമിന്റെയും മോഹൻലാലിന്റെയും സഹോദരന്മാർ ആത്മഹത്യ ചെയ്തില്ലേ? പാർവതിയുടെ അനുജത്തി മരിച്ചില്ലേ? ഞങ്ങളുടെ വീട്ടിൽ കലാരഞ്ചിനി, കൽപ്പന, ഉർവശി, മനോജ്.‌കെ.ജയൻ, അനിൽ....എല്ലാവരും പ്രശസ്തരാവുമ്പോൾ അവർക്ക് പറ്റുന്ന വീഴ്ചകൾ ഒരു പടം ഹിറ്റാകുന്നതു പോലെ അറിയപ്പെടും.ആയുസും ദാമ്പത്യവും ഒന്നും നമ്മുടെ കയ്യിലല്ല. വിവാഹജീവിതത്തിൽ നമുക്ക് പരമാവധി ചെയ്യാൻ കഴിയുന്നത്് അഡ്ജസ്റ്റ് ചെയ്യുക എന്നതാണ്. എന്നിട്ടും കാര്യങ്ങൾ കൈവിട്ടു പോയാൽ അത് നമ്മുടെ കർമ്മം. പ്രശ്‌നങ്ങളില്ല എന്ന് ഞാൻ പറയില്ല. മനുഷ്യ ജീവിതമാവുമ്പോൾ പ്രശ്‌നങ്ങളുണ്ടാവുമെന്നായിരുന്നു കൽപ്പനയുടെ പ്രതികരണം

സത്യത്തിൽ മനസിലാവുന്നില്ല.ഞങ്ങൾ ആർക്കും ഒരു ദോഷം ചെയ്തിട്ടില്ല.ആരോടും മോശമായി പെരുമാറിയിട്ടില്ല.വേലക്കാരെപ്പോലും വീട്ടുകാരായി കരുതും. വേലക്കാർ എന്ന് പോലും പറയില്ല. സഹായി എന്നേ പറയൂ. ഞങ്ങളേക്കാൾ വേദനിക്കുന്നവരെ കാണുമ്പോൾ ഞങ്ങൾക്ക് ഇത്രയല്ലേ വന്നുള്ളൂ എന്ന് ഓർത്ത് സമാധാനിക്കും. ഞങ്ങൾ മൂന്ന് പേർക്കും ഇന്നേ വരെ ദൈവം തൊഴില് മുട്ടിച്ചിട്ടില്ല. അന്നം മുടക്കിയിട്ടില്ല.പേരോ പ്രശസ്തിയോ നഷ്ടപ്പടുത്തിയിട്ടില്ല.എന്തിനെയും നേരിടാനുള്ള ശക്തി ദൈവം ഞങ്ങൾക്ക് തന്നിട്ടുണ്ട്.അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് 36 വയസ്.ഞങ്ങൾ കുട്ടികൾ ഒരിടത്തും എത്തിയിട്ടില്ല.ആ അവസ്ഥയിൽ നിന്ന് ദൈവം ഇത് വരെ എത്തിച്ചില്ലേ? ചെങ്ങന്നൂരമ്മയ്ക്ക് അടിമ കെട്ടിച്ച പെണ്ണാണ് ഞാൻ.അതുകൊണ്ട് ബാക്കി കാര്യങ്ങളും ഭഗവതി നോക്കി കൊള്ളും-ഇങ്ങനെയായിരുന്നു കൽപ്പനയുടെ പ്രതികരണങ്ങൾ.

അപ്പോഴും അനുജന്റെ മരണം തന്നിലുണ്ടാക്കിയ ആഘാതം മറച്ചുവയ്ക്കാൻ പ്രത്യേക ശ്രദ്ധിച്ചു. കലാരഞ്ജിനിയുടേയും ഉർവ്വശിയുടേയും കുടുംബ ജീവിതത്തിന് പിറകേ തന്റേയും വിവാഹ മോചനം കൽപ്പന ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അത് ഒഴിവാക്കാൻ ശ്രമിച്ചതും. അതും നടക്കാതെ പോയി. അപ്പോഴും സിനിമയായിരുന്നു ആശ്വാസം. അതുകൊണ്ട് തന്നെ അവസരങ്ങൾ നഷ്ടമാക്കാൻ കൽപ്പന ആഗ്രഹിച്ചിരുന്നില്ല. അസുഖം മറച്ചുവച്ചും സെറ്റിൽ നിന്നും സെറ്റിലേക്ക് നീങ്ങി. എല്ലാവരിൽ നിന്നും എല്ലാം ഒളിച്ചു വയ്ക്കുന്ന കൽപ്പന, ഇവിടേയും അതു തുടർന്നു. അതുകൊണ്ട് തന്നെ കൽപ്പനയ്ക്ക് ഉചിതമായ ചികിൽസ ഉറപ്പുവരുത്താൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല. വേദനയോടെ അവർ ഈ വേർപാടിനെ ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ്.