കൊച്ചി: അമ്മയുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയെന്ന പറയുന്നതിലും ഭംഗി അഭിനയം രക്തത്തിലുള്ളതാണെന്നതാണ്. മിനുവിനെ (കല്പന) പോലെയൊരു അഭിനേത്രിയാവുകയല്ല ആഗ്രഹം. അവർക്ക് പകരമാവാൻ എനിക്കെന്നല്ല ആർക്കും സാധിക്കില്ല. നായികയെന്ന നിലയിൽ നല്ല അഭിനയം കാഴ്ചവയ്ക്കാനാണ് എനിക്ക് താത്പര്യം-ഇത് പറയുന്നത് ശ്രീസങ്ഖ്യയാണ്. കൽപനയുടെ മകൾ ശ്രീമയി എന്ന ശ്രീസങ്ഖ്യയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അമ്മയുടെ മരണ ശേഷം കലാരഞ്ജിനി നൽകിയ ആത്മവിശ്വാസത്തിൽ ശ്രീസങ്ഖ്യ വെള്ളിത്തിരിയിൽ എത്തുകയാണ്.

കൽപ്പനയെ മിനുവെന്നായിരുന്നു മകൾ വിളിച്ചിരുന്നത്. സിനിമയിലേക്ക് എത്തുമ്പോൾ അമ്മയുടെ വേഷങ്ങൾ പോലെയുള്ളത് ചെയ്യുകയല്ല മകളുടെ ലക്ഷ്യം. ശ്രീസങ്ഖ്യ പറയുന്നത് ഇങ്ങനെയാണ്. മിനു തിരിഞ്ഞെടുത്തതു പോലെയുള്ള ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കും എന്നൊരു ധൈര്യം ഇതുവരെയും വന്നിട്ടില്ല. സിനിമകളിൽ ചെറിയ ഹ്യൂമർ സീക്വൻസ് വന്നാൽ ഒരുപക്ഷേ ചെയ്യാൻ സാധിക്കുമായിരിക്കും. എനിക്ക് പിന്നാലെ കുഞ്ഞാറ്റയും കാർത്തുവിന്റെ (കലാരഞ്ജിനി) മകൻ അമ്പോറ്റിയും അമ്മാവന്റെ മകൻ അമ്പാടിയും സിനിമയിലേക്ക് തന്നെ വരും. രണ്ട് -മൂന്ന് വർഷങ്ങൾക്കകം തന്നെ ഞങ്ങളെ എല്ലാവരെയും സിനിമയിൽ കാണാൻ സാധിക്കും-കൽപ്പനയുടെ മകൾ പറയുന്നു

ആബ്ര ഫിലിംസിന്റെ ബാനറിൽ സുമേഷ് ലാൽ സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ചുമക്കളും എന്ന ചിത്രമാണ് ആദ്യമായി ചെയ്യാൻ പോകുന്നത്. ജനുവരിയിൽ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കുഞ്ചിയമ്മ എന്ന ലീഡ് റോളിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ഗാന്ധിബസാറിന്റെ പരിസരത്ത് താമസിക്കുന്ന 20 വയസ്സുള്ള ഒരു പെൺകുട്ടിയും അവരേക്കാൾ ഇരുപത് വയസ്സ് മൂത്ത അഞ്ച് വളർത്തുമക്കളും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ കഥ.

മറ്റ് ഓഫറുകൾ വരുന്നുണ്ടെങ്കിലും പഠനത്തിനൊപ്പം സിനിമ കൊണ്ട് പോകാൻ സാധിക്കുന്ന തരത്തിലുള്ളവ മാത്രമാണ് സ്വീകരിക്കുന്നത്. നല്ല കഥയും കഥാപാത്രങ്ങളും വരികയാണെങ്കിൽ ഉറപ്പായും സ്വീകരിക്കുമെന്ന് കൽപ്പനയുടെ മകൾ പറയുന്നു. ചെന്നൈ എസ്.ആർ.എം യൂണിവേഴ്‌സിറ്റിയിൽ ബി.എ. വിഷ്വൽ മീഡിയ ഒന്നാം വർഷം പഠിക്കുകയാണ്. പഠിത്തം പൂർത്തിയാക്കിയതിന് ശേഷം സിനിമയിൽ സജീവമാകാനാണ് ഇഷ്ടം. കൊച്ചി ചോയ്‌സ് സ്‌കൂളിലാണ് പ്ലസ് ടൂ വരെ പഠിച്ചത്.