കൊച്ചി: മലയാളം ടെലിവിഷൻ സിനിമാ അവാർഡുകളിൽ പ്രധാനപ്പെട്ട സ്ഥാനത്താണ് ഏഷ്യാനെറ്റിന്റെ സിനിമാ അവാർഡ്. മലയാളത്തിലെ താരരാജാക്കന്മാർ എല്ലാവരും ഒരുമിക്കുന്ന വേദിയായി ഈ അവാർഡ് നിശ എല്ലാത്തവണയും മാറാറുണ്ട്. ഇത്തവണയും ഈ പതിവ് തെറ്റിയില്ല. എന്നാൽ, അകാലത്തിൽ പൊലിഞ്ഞ നടി കൽപ്പനയുടെ വിങ്ങുന്ന ഓർമ്മകൾ അവാർഡ് നിശയിലും പ്രതിഫലിച്ചു. കൽപ്പന അവസാനമായി അഭിനയിച്ച മലയാള സിനിമ ചാർലിയിലെ മേരിയെന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അവസാനമായി കൽപ്പന അഭിനയിച്ച ഈ സിനിമയിൽ ആരുടെയും കണ്ണ് നനയിക്കുന്ന പ്രകടനമായിരുന്നു അവരുടേത്. ഈ സിനിമയിലെ അഭിനയത്തിന് പുരസ്‌ക്കാരം നൽകിയാണ് ഇന്നലെ ഏഷ്യാനെറ്റ് അവരെ ആദരിച്ചത്.

മൺമറഞ്ഞ കൽപ്പനയ്ക്ക് വേണ്ടി അവാർഡ് വാങ്ങാൻ മകൾ ശ്രീമയി എത്തിയത് അവാർഡ് നിശയിലെ ഈറൻ നിമിഷങ്ങളായി മാറുകയും ചെയ്തു. മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരമാണ് കൽപ്പനയ്ക്ക് ചാർലിയിലെ അഭിനയത്തിലൂടെ ലഭിച്ചത്. പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ മകൾ ശ്രീമയി എത്തിയതോടെ വൈകാരിക നിമിഷങ്ങൾക്കും അവാർഡ്ദാന വേദി സാക്ഷിയായി. കെപിഎസി ലളിതയായിരുന്നു പുരസ്‌ക്കാരം സമ്മാനിച്ചത്. താൻ അനുജത്തിയെ പോലെ കാണുന്ന കൽപ്പനയെ കുറിച്ചുള്ള ഓർമ്മകളും പങ്കുവച്ച ലളിത തന്റെ പ്രിയ അനുജത്തിയുടെ ഓർമ്മകളിൽ വിതുമ്പി.

ചെന്നൈയിൽ ജീവിക്കുന്ന കാലം മുതൽ കൽപ്പനയെ അറിയാമെന്നും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും ലളിത പറഞ്ഞു. തനിക്ക് അവൾ അനുജത്തി തന്നെയായിരുന്നു. മദ്രാസിലെ ഫ്‌ലാറ്റിൽ വന്ന് എല്ലാറ്റിനെയും കോമഡിയോടെ കാണുന്ന പ്രകൃതമായിരുന്നു കൽപ്പനയുടേത്. കൽപ്പനയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചപ്പോൾ ലളിതചേച്ചി വിതുമ്പിയത് സദസിനെയും കണ്ണീരണിയിച്ചു. കൽപ്പനയുടെ മകൾ ശ്രീമയിയുടെ കൈയിൽ പിടിച്ച് വിതുമ്പിക്കൊണ്ടാണ് ലളിത പ്രസംഗം നിർത്തിയത്. ഇന്നസെന്റും ലളിതയ്‌ക്കൊപ്പം ഇതേസമയം വേദിയിൽ ഉണ്ടായിരുന്നു. കൽപ്പനയ്ക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച ബാബു ജനാർദ്ധനന്റെ തനിച്ചല്ല ഞാൻ എന്ന ചിത്രത്തിൽ കെപിഎസി ലളിതയും കൽപ്പനയും ഒരുമിച്ചാണ് അഭിനയിച്ചിരുന്നത്. നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

കെപിഎസി ലളിതയിൽ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശ്രീമയി അമ്മയ്ക്ക് വേണ്ടി എല്ലാവരോടും നന്ദി പറഞ്ഞു. ചാർലി സിനിമയുടെ ക്രൂവിനോടാണ് ശ്രീമയി നന്ദി പറഞ്ഞു. അമ്മയുടെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ഇതെന്നും ശ്രീമയി പറഞ്ഞു. മരണാനന്തര ബഹുമതിയായി പുരസ്‌ക്കാരം നൽകി ഏഷ്യാനെറ്റിനും ശ്രീമയി നന്ദി പ്രകാശിപ്പിച്ചു. തൃപ്പൂണിത്തുറയിലെ സ്‌കൂളിലെ ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയാണ് ശ്രീമയി.