തിരുവനന്തപുരം: സ്വർണ്ണത്തിൽ മെഴുക് നിറച്ച് വിറ്റ കല്ല്യാൺ ജൂവലറിക്കെതിരെയുള്ള പരാതിയിൽ നടപടി സ്വീകരിച്ച തമ്പാനൂർ എസ്ഐ സമ്പത്ത് കൃഷ്ണനെ സ്ഥലംമാറ്റിയ ഉത്തരവ് സർക്കാർ ഇടപെട്ട് പിൻവലിച്ചു. മുതലാളിക്കെതിരെ നടപടി എടുത്തതിന് എസ്ഐയെ സസ്പെൻഡ് ചെയ്യാനുള്ള നീക്കം മറുനാടൻ മലയാളിയാണ് ഇന്നലെ റിപ്പോർട് ചെയ്തത്. മറുനാടൻ വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ എസ്ഐ സമ്പത്തിന് അനുകൂലിച്ചും പിന്തുണയറിയിച്ചും അധികാരികൾ കല്യാണിന് കുടപിടിക്കുന്നുവെന്നും ആരോപിച്ച് വലിയ പ്രക്ഷോഭമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിന് പിന്നാലെയാണ് സമ്പത്തിനെ സ്ഥലം മാറ്റാനുള്ള ഉത്തരവ് മരവിപ്പിച്ചത്.

സമ്പത്തിനെ കല്യാണിനെതിരെ കേസെടുക്കാത്തതിന്റെ പേരിൽ സ്ഥലം മാറ്റുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു പൊലീസിലെ ചില ഉന്നതരുടെ ശ്രമം. അങ്ങനെ സമ്പത്തിനെ മാറ്റുമ്പോൾ കല്യാണിനെതിരെ പൊലീസ് കേസെടുക്കുമോ എന്ന ചോദ്യം സോഷ്യൽ മീഡിയ ചർച്ചയാക്കി. ഇതോടെയാണ് സമ്പത്തിനെതിരെ നടപടിയെടുക്കേണ്ടെന്ന നിലപാടിൽ പൊലീസെത്തുന്നത്. കല്യാൺ വിഷയത്തിൽ കമ്മീഷണറുടെ അറിവോടെയായിരുന്നു എല്ലാം എസ് ഐ ചെയ്തത്. എന്നിട്ടും ബലിയാടാക്കുന്നതിനെതിരെ പൊലീസിലും വ്യാപക പ്രതിഷേധം ഉയർന്നു. ഇതേ തുടർന്നാണ് സമ്പത്തിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്.

നാലര പവൻ സ്വർണം പണയം വെക്കാൻ ബാങ്കിൽ എത്തിയ ആൾ അവിടെ അപ്റൈസർ പരിശോധിച്ച് പറഞ്ഞ വിവരം കേട്ട് ഞെട്ടുകയായിരുന്നു. മൂന്ന് പവൻ വെഴുകിനാണ് പണം നൽകി ജൂവലറിയിൽ നിന്ന സ്വർണം വാങ്ങിയത് എന്ന് മനസ്സിലാക്കിയ ഉപഭോക്താവായ മാറനെല്ലൂർ സ്വദേശി ജൂവലറിയെ സമീപിച്ച് നടപടിയുണ്ടാകാതെ വന്നതോടെ തമ്പാനൂർ എസ്ഐ സമ്പത്ത് കൃഷ്ണനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ സമ്പത്ത് ജൂവലറി അധികൃതരെ വിളിച്ച് വരുത്തുകയായിരുന്നു. അവർക്ക് പറയാനുള്ളത് കേട്ട ശേഷം എഫ്ഐആർ ഇടാൻ തീരുമാനിക്കുകയും ചെയ്തു.

കല്യാൺ ജൂവലറിയുടേയും ഉപഭോക്താവിന്റേയും വിശദീകരണങ്ങൾ കേട്ട ശേഷം സമ്പത്ത് സിറ്റി പൊലീസ് കമ്മീഷണറുടെ അടുത്ത് ഈ വിവരങ്ങൾ അറിയിക്കുകയായിരുന്നു. ഇരു വിഭാഗവും കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ കമ്മീഷണർ നിർദ്ദേശിച്ചത് എഫ്ഐആർ ഇട്ട് കേസ് കോടതിയിലേക്ക് വിട്ടാലും ഇരു വിഭാഗവും പുറത്ത് സെറ്റിൽ ചെയ്യട്ടെ എന്ന് തീരുമാനിച്ചാൽ കോടതിയും അത് അംഗീകരിക്കുമല്ലോ. അപ്പോൾ പിന്നെ അവർക്ക് കേസ് ഇവിടെ വെച്ച് സെറ്റിൽ ആകുന്നെങ്കിൽ ആകട്ടെ എന്ന് കരുതി തന്നെയാണ് സമ്പത്ത് ഇടപെട്ട് പരാതിക്കാരന് നീതി വാങ്ങി കൊടുത്തത്.

ഇതിന് ശേഷം ഉപഭോക്താവ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ സംഭവം വാസ്തവമാണോ എന്ന് മറുനാടൻ മലയാളി അന്വേഷിക്കുകയും തമ്പാനൂർ പൊലീസ് സംഭവം സ്ഥിരീകരിക്കുകയും ചെയ്തതോടെ കല്ല്യാൺ ജൂവലറിയുടെ തട്ടിപ്പ് മറുനാടൻ മലയാളി വാർത്തയാക്കുകയും ചെയ്തു.ഈ വാർത്ത മുഖ്യധാര മാധ്യമങ്ങൾ കൈവെച്ചില്ലെങ്കിലും സോഷ്യൽ മീഡിയയും മറുനാടന്റെ വാർത്ത ഏറ്റെടുത്തതോടെ കല്ല്യാൺ ജൂവലറി വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയും ചെയ്തു.സമ്പത്ത് കേസെടുക്കാതെ ഒത്ത് തീർപ്പ് നടത്തി വിട്ടു എന്ന് ആരോപിച്ച് നടപടിയെടുക്കുന്നവർ അദ്ദേഹത്തിന് പകരം വരുന്നയാളെ കൊണ്ട നടപടി എടുപ്പിക്കുമോ എന്ന മറുനാടൻ മലയാളി ഉന്നയിച്ച ചോദ്യവും നിർണ്ണായകമാവുകയും ചെയ്തു.

കല്ല്യാൺ ജൂവലറിക്കെതിരെ പ്രചരിച്ച പോസ്റ്റിനും വാർത്തകൾക്കും കാരണക്കാരൻ എസ്ഐ സമ്പത്താണെന്ന് കരുതി അധികൃതർ ഉന്നധരെ സമീപിക്കുകയും ചെയ്തു. സമ്പത്തിനെ സസ്പെ്ഡ് ചെയ്യുകയ സ്ഥലം മാറ്റുകയോ ചെയ്യണമെന്ന ആവശ്യവുമായി പല തവണ പൊലീസ് ആസ്ഥാനത്ത് കല്ല്യാൺ അധികൃതർ കയറി ഇറങ്ങിയതിന്റേയും അതൊടൊപ്പം തന്നെ ഒരു ഉന്നത പൊലീസ് ഓഫീസറുടെ സഹായവുമായപ്പോൾ നടപടിക്ക് വഴിയൊരുങ്ങുകയും ചെയ്തു.

സമ്പത്തിനെതിരെ നീക്കം നടക്കുന്നതായും മുതലാളിക്ക് എതിരായി നടപടി എടുത്തതിന് പകപോക്കൽ ഉണ്ടാകുന്നുവെന്നും വാർത്ത വന്നതോടെ സമ്പത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ വൻ പിന്തുണ ലഭിക്കുകയും ചെയ്തു. ഇതോടെയാണ് അധികൃതർ നടപടി പിൻവലിച്ച് തടിയൂരിയത്. നെയ്യാറ്റിൻകര സ്വദേശിയായ ലളിതയാണ് കല്യാണിന്റെ സ്വർണ്ണ തട്ടിപ്പിലെ പരാതിക്കാരി.