- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് ബാബറി മസ്ജിദ് തകർപ്പെട്ടപ്പോൾ; ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ തിരിച്ചെത്തി ഗവർണ്ണറായി; ബിജെപി വിട്ടത് ഒന്നിലേറെ തവണ; വിടവാങ്ങിയത് ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ നിർണ്ണായക സ്വാധീനം; കല്യാൺ സിങ്ങിന്റെ വിയോഗം വാക്കുകൾക്കുമപ്പുറമെന്ന് പ്രധാനമന്ത്രിയും
ഉത്തർ പ്രദേശ്: കഴിഞ്ഞ ദിവസം അന്തരിച്ച ഉത്തർ പ്രദേശ് മുന്മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചന പ്രവാഹം.പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, അമിത് ഷ തുടങ്ങിയവർ ട്വിറ്ററിലുടെ അനുശോചനമറിയിച്ചു.കല്യാൺ സിങ്ങിന്റെ മരണത്തിൽ വാക്കുകളാൽ പ്രകടിപ്പിക്കാനാവുന്നതിന് അപ്പുറം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യതന്ത്രജ്ഞനും മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്യാൺ സിങ്ങെന്നും ഉത്തർ പ്രദേശിന്റെ വികസനത്തിൽ മറക്കാനാകാത്ത സംഭാവന നൽകിയിരുന്നെന്നും മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കല്യാൺ സിങ്ങിന്റെ മകൻ രാജ് വീറിനോട് സംസാരിച്ചതായും അനുശോചനം അറിയിച്ചതായും മോദി പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദും കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. കല്യാൺ സിങ്ങിന് ജനങ്ങളുമായി 'മാന്ത്രികബന്ധ'മുണ്ടായിരുന്നെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇവർക്ക് പുറമെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തുടങ്ങിയവരും അനുശോചനം അറിയിച്ചു.
രക്തത്തിലെ അണുബാധ, മറ്റ് വാർധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ആരോഗ്യനില മോശമായതിനെ തുടർന്ന് ഡയാലിസിസിന് വിധേയനാക്കിയിരുന്നു.89 മത്തെ വയസ്സിൽ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം.
രണ്ടുതവണ ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് കല്യാൺ സിങ്ങ്. 1991 ജൂൺ മുതൽ 1992 ഡിസംബർ വരെയും 1997 സെപ്റ്റംബർ മുതൽ 1999 നവംബർ വരെയുമാണ് യു.പി. മുഖ്യമന്ത്രിയായിരുന്നത്. 2014 മുതൽ 2019 വരെ രാജസ്ഥാന്റെ ഗവർണർ പദവിയും കല്യാൺ സിങ് വഹിച്ചിട്ടുണ്ട്. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കല്യാൺ സിങ് ആയിരുന്നു സംസ്ഥാന മുഖ്യമന്ത്രി.
ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ കല്യാൺ സിങ് രാജിവെച്ചു. അതേദിവസം തന്നെ അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ ഉത്തർ പ്രദേശ് സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. ബാബ്റി മസ്ജിദ് തകർക്കൽ കേസിൽ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കൊപ്പം കല്യാൺ സിങ്ങും പ്രതിചേർക്കപ്പെട്ടിരുന്നു. ഗൂഢാലോചനക്കുറ്റമായിരുന്നു സിങ്ങിനു മേൽ ചുമത്തിയിരുന്നത്. എന്നാൽ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന പ്രചാരണത്തിന് ഉറച്ചപിന്തുണ നൽകിയിരുന്നവരിൽ പ്രമുഖനായിരുന്നു കല്യാൺ സിങ്.
1999-ൽ ബിജെപി വിട്ട കല്യാൺ സിങ് രാഷ്ട്രീയ ക്രാന്തി പാർട്ടി രൂപവത്കരിച്ചു. 2002-ൽ ആർ.കെ.പി. സ്ഥാനാർത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു. 2004 ജനുവരിയിൽ സിങ് ബിജെപിയിൽ തിരികെയെത്തി. എന്നാൽ 2009-ൽ വീണ്ടും ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചു. 2010-ൽ ജൻ ക്രാന്തി എന്ന പാർട്ടി രൂപവത്കരിച്ചു. 2013-ൽ ജൻ ക്രാന്തി പാർട്ടി ബിജെപിയിൽ ലയിച്ചു. 2014-ൽ സിങ് വീണ്ടും ബിജെപിയിലെത്തി.
യു.പിയിലെ അത്രൗളിയിൽ 1932 ജനുവരി അഞ്ചിനാണ് കല്യാൺ സിങ്ങിന്റെ ജനനം. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ആർഎസ്എസ്. പ്രവർത്തകനായിരുന്നു കല്യാൺ സിങ്. സ്വദേശമായ അലിഗഢിലായിരുന്നു പ്രവർത്തനം. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കല്യാൺ സിങ്ങിന് ഉത്തർ പ്രദേശിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു.
1967-ൽ അത്രൗളി മണ്ഡലത്തിൽനിന്നാണ് ആദ്യം ജനവിധി തേടുന്നത്. 1969, 1974, 1977, 1980, 1985, 1989, 1991, 1993, 1996, 2002 എന്നീ വർഷങ്ങളിൽ ഇതേ മണ്ഡലത്തിൽ മത്സരിച്ചു. ഇക്കാലയളവിൽ ഒരുതവണ- 1989-ൽ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. ബാക്കി ഒൻപതു തവണയും വിജയിച്ചു. 1980-ൽ ഉത്തർ പ്രദേശ് ബിജെപി. ജനറൽ സെക്രട്ടറിയായി. 1984-ൽ പാർട്ടി സംസ്ഥാന അധ്യക്ഷ പദത്തിലുമെത്തി.
മറുനാടന് മലയാളി ബ്യൂറോ