- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റ് സമ്മതിച്ച് കല്ല്യാൺ ജൂവലേഴ്‌സ്; ഐശ്വര്യാ റായിയുടെ വംശീയ അധിക്ഷേപ പരസ്യം സ്വർണ്ണക്കടക്കാർ പിൻവലിച്ചു; നവമാദ്ധ്യമങ്ങളുടെ ഇടപെടൽ ഫലം കണ്ടു
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ പ്രതിഷേധം കണക്കിലെടുത്ത് വംശീയ അധിക്ഷേപ ചുവയുള്ള പരസ്യം കല്യാൺ ജൂവലേഴ്‌സ് പിൻവലിച്ചു. ബോളിവുഡ് നടി ഐശ്വര്യാ റായിയെ വച്ചെടുത്ത പരസ്യത്തിൽ രാജകുമാരിയുടെ വേഷത്തിൽ ഇരിക്കുന്ന ഐശ്വര്യക്ക് കറുത്ത് മെലിഞ്ഞ ബാലൻ കുട പിടിക്കുന്നതായാണ് ചിത്രീകരിച്ചത്. വംശീയ അധിക്ഷേപം കലർന്ന ഈ പരസ്യത്തിനെതിരെ ജൂവലറിയുടെ ബ്ര
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ പ്രതിഷേധം കണക്കിലെടുത്ത് വംശീയ അധിക്ഷേപ ചുവയുള്ള പരസ്യം കല്യാൺ ജൂവലേഴ്‌സ് പിൻവലിച്ചു. ബോളിവുഡ് നടി ഐശ്വര്യാ റായിയെ വച്ചെടുത്ത പരസ്യത്തിൽ രാജകുമാരിയുടെ വേഷത്തിൽ ഇരിക്കുന്ന ഐശ്വര്യക്ക് കറുത്ത് മെലിഞ്ഞ ബാലൻ കുട പിടിക്കുന്നതായാണ് ചിത്രീകരിച്ചത്.
വംശീയ അധിക്ഷേപം കലർന്ന ഈ പരസ്യത്തിനെതിരെ ജൂവലറിയുടെ ബ്രാന്റ് അംബാസഡർ കൂടിയായ ഐശ്വര്യാറായിക്ക് നിരവധി സാമൂഹ്യപ്രവർത്തകർ കത്ത് അയച്ചിരുന്നു. എന്നാൽ, താൻ തനിച്ചിരിക്കുന്ന ഫോട്ടോയാണ് എടുത്തതെന്നും പിന്നീടുള്ള കൂട്ടിച്ചേർക്കൽ അറിഞ്ഞിരുന്നില്ലെന്നും ഐശ്വര്യ മറുപടി നൽകി. പരസ്യം ഷൂട്ട് ചെയ്ത സമയത്ത് എടുത്ത തന്റെ യഥാർഥ ഫോട്ടോ നൽകിക്കൊണ്ടാണ് ഐശ്വര്യ പ്രതികരിച്ചത്. പരസ്യത്തിന്റെ അവസാനഘട്ട ലേ ഔട്ട് ക്രിയേറ്റീവ് ടീമിന്റെ പ്രത്യേക അവകാശമാണെന്നും എന്നിരുന്നാലും പ്രശ്‌നം വിഷ്വൽ കമ്യൂണിക്കേഷൻ ടീമിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും അവർ ഉറപ്പ് നൽകിയിരുന്നു. ഐശ്വര്യയുടെ നിലപാട് എതിരായതോടെയാണ് പരസ്യം പിൻവലിക്കാൻ കല്ല്യാൺ ജൂവലേഴ്‌സ തയ്യാറായത്.
പരസ്യം പ്രസിദ്ധീകരിച്ചതിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച് ഫേസ്‌ബുക്ക് പേജിൽ കല്ല്യാൺ ജൂവലേഴ്‌സ് പോസ്റ്റ് ഇടുകയും ചെയ്തു. രാജകീയതയെയും കലാതീതമായ സൗന്ദര്യത്തെയും ചാരുതയെയും പ്രതിഫലിപ്പിക്കാനായിട്ടാണ് ഈ പരസ്യം നിർമ്മിച്ചതെന്നും ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ അത് മുറിവേൽപിച്ചുവെങ്കിൽ അഗാധമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് വിശദീകരണം. ഉൽപന്നം വിറ്റഴിക്കുന്നതിന് ഒരു കുട്ടിയെ നിയമ വിരുദ്ധമായ രീതിയിൽ ചിത്രീകരിച്ചതിനും അതിനുവേണ്ടി ശരീരത്തിൽ നിറവ്യത്യാസം ചിത്രീകരിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധമുയർന്നിരുന്നത്. ഇതിലൂടെ വംശീയത,സവർണ മേധാവിത്വം, ബാലവേല,അടിമത്വം എന്നിവയെ പ്രോൽസാഹിപ്പിക്കാൻ പരസ്യം ശ്രമിച്ചുവെന്നാണ് പ്രധാനമായും ഉയർന്ന ആക്ഷേപം
ഇക്കഴിഞ്ഞ ഏപ്രിൽ 17ന് ദേശീയ ദിനപത്രങ്ങളിൽ അടക്കം പ്രസിദ്ധീകരിച്ച പരസ്യ ചിത്രമാണ് വിവാദത്തിലായത്. പരസ്യത്തിൽ രാജകുമാരിയുടെ വേഷപ്പകർച്ചയിലിരിക്കുന്ന ഐശ്വര്യാ റായി ബച്ചന് കുടചൂടിക്കൊടുക്കുന്ന ദളിത് വംശജനായ കുട്ടിയെ ആണ് ചിത്രീകരിച്ചിരുന്നത്. ആഫ്രിക്കയിലും അമേരിക്കയിലും നിലനിന്നിരുന്ന അടിമ സമ്പ്രദായത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഈ ചിത്രം വർണ്ണവിവേചനത്തെയും വെളുത്തവരുടെ ആധിപത്യത്തെ ഉയർത്തിക്കാണിക്കുന്നവയും ആണ്. ഈ പരസ്യത്തിൽ ഐശ്യര്യ മോഡലായതാണ് നടിക്കെതിരെ പ്രതിഷേധം ഉയരാൻ ഇടയാക്കിത്.
ഈ പരസ്യത്തിൽ നടി അഭിനയിച്ചതിനെതിരെ ഒരുപറ്റം ആക്ടിവിസ്റ്റുകൾ തുറന്നകത്തെഴുതി. പരസ്യത്തിന്റെ അണിയറക്കാരെയും നടിയെയും കുറ്റപ്പെടുത്തിക്കൊണ്ടാണ് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായി ഫറാ നഖ്വി, ഓക്‌സ്ഫാം ഇന്ത്യയുടെ സിഇഒ നിഷ അഗർവാൾ, കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എനാക്ഷി ഗാംഗുലി, ഭാരതി അലി എന്നിവരും, നിയമകാര്യ വിഗദ്ധ മധു മെഹ്‌റയും തുറന്ന കത്തെഴുതിയത്. ഇവർക്കൊപ്പം ശാന്ത സിൻഹ, ഹർഷ് മന്ദേർ, മൃദുൽ ബജാജ് എന്നീ ആക്ടിവിസ്റ്റുകളും തുറന്നകത്തിൽ ഒപ്പുവച്ചിരുന്നു.
സ്വർണ്ണാഭരം വിറ്റഴിക്കാൻ വേണ്ടിയുള്ള പരസ്യത്തിൽ വർണ്ണവിവേചന കാലത്തെ കൊണ്ടുവന്നത് തീർത്തും തെറ്റായ നടപടിയാണെന്ന് ഇവർ കത്തിലൂടെ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ ലൈഫ് സ്‌റ്റൈൽ മാഗസിനിൽ പ്രസിദ്ധീകരിച്ച വർണ്ണവിവേചന ധ്വനിയുള്ള ഫോട്ടോഷൂട്ട് വിവാദമായ കാര്യവും അടിമത്തകാലത്തെ ചിത്രങ്ങളും തുറന്നകത്തിൽ ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്.