കൊച്ചി: ഷോർട്ട് ഫിലിം എന്നാൽ ന്യൂജെൻ ഇതിവൃത്തങ്ങൾ മാത്രം അടിസ്ഥാനമാക്കി, അമ്മയും പെങ്ങളുമില്ലാത്ത, ആകാശത്തു നിന്നു പൊട്ടിവീണ കഥാപാത്രങ്ങളുടെ കഥകൾ കൈകാര്യം ചെയ്യുന്നവയാണെന്നു വിചാരിച്ചെങ്കിൽ കല്യാണ തേൻനിലാ എന്ന പുതിയ ഷോർട്ട് ഫിലിം അത് തിരുത്തുന്നു. ഒരു സത്യൻ അന്തിക്കാട് ചിത്രത്തിന്റെ നിഷ്‌കളങ്ക നൈർമല്യത്തോടെ രസകരമായൊരു കുടുംബകഥ പറയുകയാണ് കല്യാണ തേൻനിലാ.

കടന്നുപോകുന്ന കഥാപരിസരങ്ങൾ സുപരിചിതമായി തോന്നുന്നത് നമ്മുടെ വീടകങ്ങളിലെ സംഭവങ്ങൾ ആയതുകൊണ്ടാണ്. യഥാർത്ഥ ജീവിതസാഹചര്യങ്ങളാണ് പ്രേക്ഷകരിലേയ്ക്ക് വളരെ വേഗം എത്തിച്ചേരുക എന്ന തിരിച്ചറിവ് സംവിധായകനുണ്ട്. ലതികേഷ് എന്നു പേരുള്ള ചെറുപ്പക്കാരന്റെ കുടുംബവും അവന്റെ സ്വപ്നങ്ങളുമാണ് പ്രേമയം. അച്ഛൻ, അമ്മ, അനുജത്തി, സുഹൃത്ത്, എന്തിനും ഒപ്പം നിൽക്കുന്ന രസികനായ അമ്മാവൻ, ഇവരാണ് കഥാപാത്രങ്ങൾ. ജീവിതത്തിൽ ഒരിക്കൽ മാത്രം കടന്നുപോകുന്ന രസകരമായ അനുഭവമാണ് പെണ്ണുകാണൽചടങ്ങ്. അപരിചിതരമായ രണ്ടു വ്യക്തികളുടെ ആദ്യകണ്ടുമുട്ടൽ. ചിലപ്പോൾ ആ പരിചയം ആദ്യദർശനത്തിൽത്തന്നെ അവസാനിച്ചേക്കാം. മറ്റു ചിലപ്പോൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ബന്ധമായി അതു മാറും.

ലതികേഷിന്റെ പെണ്ണുകാണലാണ് ഈ ചെറുചിത്രത്തിന്റെ കഥാസാഹചര്യം. ഫേസ്‌ബുക്കിൽ സൗഹൃദങ്ങൾ തേടുന്ന അച്ഛനും വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന അമ്മയും സ്നേഹപ്പാരയുമായി ഏട്ടനു ചുറ്റും കറങ്ങുന്ന അനിയത്തിയും ലതികേഷിന്റെ കല്യാണക്കാര്യത്തിൽ സജീവമാകുന്നതാണ് തുടക്കം. സംഗീതവും കവിതയും ഇഷ്ടപ്പെടുന്ന ലതികേഷിന് ഭാവിജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്പ്പാടും തീരുമാനങ്ങളുമുണ്ട്. പക്ഷേ അമ്മയുടെ നിർബന്ധത്തിനു മുന്നിൽ കീഴടങ്ങി പെണ്ണുകാണാൻ പോകുന്ന ലതികേഷ് ചെന്നെത്തുന്നത് പ്രണയത്തിന്റെ തീരത്താണ്.

ദുരൂഹതകളില്ലാത്ത കഥാവിഷ്‌കാരം ചിത്രത്തിലുടനീളം കാത്തുസൂക്ഷിക്കാൻ കഥ, തിരക്കഥാകൃത്തും സംവിധായകനുമായ കൃഷ്ണകുമാർ മേനോന് കഴിയുന്നുണ്ട്. അനാവശ്യ സംഭാഷണങ്ങളോ വ്യത്യസ്തതയ്ക്കു വേണ്ടിയുള്ള ആവിഷ്‌കരണ രീതികളോ അവംലബിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കുടുംബാന്തരീക്ഷത്തിന്റെ ഊഷ്മളതയും സ്നേഹനിറവും അനുഭവിക്കാനാകും വിധം ലളിതമാണ് പ്രമേയം. കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത രീതിയിലും മികവ് പുലർത്താനായിട്ടുണ്ട്. ലതികേഷിന്റെ അച്ഛനെ അവതരിപ്പിച്ച രാജ്‌മോഹൻ ഡേവിഡ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. മാർഗരിറ്റ മേരിയാണ് അമ്മയായി അഭിനയിച്ചത്. ചിത്രത്തിലെ സജീവസാന്നിധ്യവും മാർഗരിറ്റയാണ്.

നായകകഥാപാത്രമായ ലതികേഷിനെ അവതരിപ്പിക്കുന്നത് ശിവകുമാർ നായരാണ്. കഥാപാത്രത്തെ ഉൾക്കൊള്ളാൻ ശിവകുമാറിന് കഴിഞ്ഞിട്ടുണ്ട്. ബിമൽ എസ്. പാറയിൽ, കണ്ണൻ, പത്മ മേനോൻ, നീതു സി. വള്ളിക്കാടൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാങ്കേതികമികവ് പുലർത്തുന്ന സോംഗ് മിക്സിംഗും എഡിറ്റിംഗും ഡേവിസ് കുര്യാക്കോസിന്റെ മികച്ച ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്.