തിരുവനന്തപുരം: സിനിമാലോകത്ത് വ്യത്യസ്തമായ ഒരു ഓഡിയോ ലോഞ്ചുമായി കല്യാണം ചലച്ചിത്രം ടീം. ചരിത്രത്തിൽ തന്നെ ആദ്യമായി ചലച്ചിത്ര താരം മുകേഷിന്റെ മകൻ ശ്രാവൺ നായകനായെത്തുന്ന കല്യാണം സിനിമയുടെ ഓഡിയോ ലോഞ്ച് കടലിനടിയിൽ നടന്നു. ചിത്രത്തിന്റെ പ്രചരണത്തിനു പുറമേ കടലിൽ മാലിന്യം തള്ളുന്നതിനെതിരെയുള്ള ഒരു ബോധവത്കരണം കൂടിയാണ് പരിപാടിയെന്നു അണിയറ പ്രവർത്തകർ പറയുന്നു. രാവിലെ പതിനൊന്ന് മണിക്ക് കോവളം ഉദയസമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങ് ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്തു.

നടൻ മുകേഷ് ഭാര്യ മൈഥിലി തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു. ഡോക്ടർ കൂടിയായ നായകൻ ശ്രാവണിന് ഔദ്യോഗിക തിരക്കുകൾ കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ചിത്രത്തിലെ അഞ്ചു ഗാനങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു. ശ്രാവൺ നായകനായി എത്തുന്ന ചിത്രമാണ് കല്യാണം. കൂടാതെ വർഷയുടെ ആദ്യ മലയാളം ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കടലിനേയും അതിലെ ജൈവ വൈവിധത്തെയും സംരക്ഷിക്കാതെ ഇന്ത്യക്ക് ഒരു വികസിത രാഷ്ട്രം ആയി തീരാൻ കഴിയില്ലയെന്നു ചടങ്ങിൽ മുകേഷ് എംഎ‍ൽഎ പറഞ്ഞു. ചടങ്ങിൽ കന്യാകുമാരി മുതൽ കസർഗോഗ് വരെ നടക്കുന്ന തീര ശുചീകരണ യജ്ഞമായ സാഗർ ബചാവോ പരിപാടിയെ കുറിച്ചു ഉടയാസമുദ്ര സി.ഈ.ഒ രാജഗോപാൽ ഐയ്യർ വിവരിച്ചു.

മാനവ രാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ സമുദ്ര മലിനീകരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ അടിയന്തിര ശ്രദ്ധ കിണ്ടുവരണമെന്നു ബോണ്ട് ഓഷ്യൻ സഫാരി കോവളം എം.ഡി ജാക്‌സൻ പീറ്റർ പറഞ്ഞു. ഈ ചടങ്ങിന് ശേഷം ഉച്ചയ്ക്ക് 1 മണിയോടെ കോവളം ഗ്രോവ് ബീച്ചിൽ ആണ് കൗതുകമായി കടലിനടിയിൽ ഓഡിയോ ലോഞ്ച് നടന്നത്. പ്രത്യകം സജ്ജമാക്കിയ മുങ്ങൽ വസ്ത്രങ്ങളും ഓക്‌സിജൻ സംവിധങ്ങളുമായി സംഘം കടലിലേക്ക് ഇറങ്ങി. തീരത്ത് നിന്നും 80 മീറ്റർ അകലെ കടലിനടിയിൽ പ്രത്യകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ചലച്ചിത്ര താരവും ഫ്രൈഡേ സിനിമാസിന്റെ ഉടമയുമായ വിജയ് ബാബു, ചിത്രത്തിന്റെ സംവിധായകനു നിർമ്മാതാവുമായ രാജേഷ് നായർ, പത്‌നി ഉഷ, സഹ നിർമ്മാതാവ് കിഷോർ, നായിക വർഷ, ഗാന സംവിധായകൻ അലക്‌സ് പോൾ എന്നിവരടങ്ങുന്ന സംഘമാണ് കടലിൽ 6 മീറ്ററോളം ആഴത്തിൽ നടന്ന ഓഡിയോ ലോഞ്ചിൽ പങ്കെടുത്തത്.കല്യാണത്തിലെ നായിക കൂടിയായ വർഷ ഫ്രൈഡേ ഫിലിംസ് ഉടമ വിജയ് ബാബുവിന് സി.ഡിയുടെ മാതൃക നൽകി ഉദ്ഘാടനം നിർവഹിച്ചു.

ഇവർക്കൊപ്പം ബോണ്ട് ഓഷ്യൻ സഫാരി കോവളത്തിന്റെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ബോണ്ട് സഫാരി സംഘത്തിന്റെ നേതൃത്വത്തിൽ ഒരു ദിവസത്തെ പരിശീലനം നൽകിയ ശേഷമാണ് ഇവർ കടയിൽ മുങ്ങിയത്. ഇന്ന് നടന്ന സെൻസർ ബോർഡ് നിരീക്ഷണങ്ങൾക്ക് ശേഷം കല്യാണം ചിത്രത്തിന് യൂ സർട്ടിഫിക്കറ്റ് ലഭിച്ചതായി സംവിധായകൻ രാജേഷ് നായർ അറിയിച്ചു. വൈകാതെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു.