സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന മുകേഷിന്റെ മകൻ ശ്രാവണിന് ബാല്യകാല സുഹൃത്തുകൂടിയായ ദുൽഖർ സൽമാന്റെ വക സപ്പോർട്ട്. ശ്രാവൺ നായകനാകുന്ന 'കല്യാണം' എന്ന ചിത്രത്തിനായി പ്രമോഷൻ ഗാനം ആലപിച്ചിരിക്കുന്നത് ദുൽഖറും ഗ്രിഗറിയും ചേർന്നണ്. ചിത്രത്തിന്റെ ഫുൾ ഗാനം പുറത്ത് വന്നതോടെ ഗാനം ഹിറ്റ് ലിസ്റ്റിലേക്ക് കുതിക്കുകയാണ്. ഇതിനോടകം തന്നെ ഒരു ലക്ഷത്തിലികം പേർ ഗാനം കേട്ട് കഴിഞ്ഞു.

ധൃതംഗപുളകിതൻ എന്ന് തുടങ്ങുന്ന പാട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ പാട്ടിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. പ്രകാശ് അലക്സാണ് സംഗീത സംവിധായകൻ.എസ്‌കേപ്പ് ഫ്രം ഉഗാണ്ട, സോൾട്ട് മാംഗോ ട്രീ എന്നി സിനിമകളുടെ സംവിധായകനായ രാജേഷ് നായർ സവിധാനം ചെയ്യുന്ന സിനിമയാണ് കല്യാണം. ഫെബ്രുവരി രണ്ടിന് ചിത്രം തിയറ്ററുകളിൽ എത്തും.

നടൻ മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകനാകുന്ന ചിത്രത്തിൽ വർഷ, മുകേഷ്, ശ്രീനിവാസൻ, സാജു നവോദയ, നാരായണൻ കുട്ടി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നേരത്തെ ദുൽഖർ പാടിയ പാട്ടുകളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു.

നേരത്തെ എബിസിഡി എന്ന ചിത്രത്തിനു വേണ്ടി ദുൽഖറും ഗ്രിഗറിയും ചേർന്ന് പാടിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരുടെ പ്രീയതാരമെന്ന നിലയിൽ ദുൽഖർ ഇതുവരെ ആലപിച്ച പാട്ടുകളെല്ലാം ആരാധകർ സൂപ്പർഹിറ്റാക്കിയിട്ടുണ്ട്.