ചെന്നൈ: മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും സ്വതന്ത്രസമര സേനാനിയുമായ വി. കല്യാണം അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ പാദൂരിൽ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 99വയസായിരുന്നു.

പടൂരിലെ സ്വവസതിയിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മുപ്പതോടെ ആയിരുന്നു മരണമെന്ന് കല്യാണത്തിന്റെ മകൾ നളിനി അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബെസന്ത് നഗർ ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

ഷിംലയിൽ 1922 ഓഗസ്റ്റ് 15-നാണ് കല്യാണത്തിന്റെ ജനനം. 1944-48 വരെ ഗാന്ധിജിക്ക് ഒപ്പം പ്രവർത്തിച്ചിരുന്നതായി കല്യാണത്തിന്റെ ജീവചരിത്രകാരൻ കുമാരി എസ് നീലകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്.



ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ സ്വതന്ത്ര സമരരംഗത്ത് എത്തിയ കല്യാണം പിന്നീട് ഗാന്ധിയുടെ സെക്രട്ടറിയായി മാറുകയായിരുന്നു. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകൾ സമാഹരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. നാലുവർഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്.



നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിയെ വെടിവെച്ചു കൊല്ലുമ്പോൾ അദേഹത്തിന്റെ തൊട്ടു പിറകിൽ ഉണ്ടായിരുന്നത് കല്യാണമായിരുന്നു.

മഹാത്മാ ഗാന്ധിയുടെ മരണവിവരം നെഹ്‌റുവിനെയും സർദാർ വല്ലഭഭായ് പട്ടേലിനെയും അറിയിച്ചതും കല്യാണമായിരുന്നു. വെടിയേറ്റു മരിക്കുമ്പോൾ ഗാന്ധി ഹേ റാം എന്ന വാക്കുകൾ ഉച്ചരിച്ചിരുന്നില്ലായെന്ന കല്യാണിന്റെ വെളിവെടുത്തൽ ശ്രദ്ധേയമായിരുന്നു.

ഗാന്ധിയുടെ വധത്തിന് ശേഷം എഡ് വിൻ മൗണ്ട് ബാറ്റൻ പ്രഭുവിന്റെ സെക്രട്ടറിയായി ലണ്ടനിലേക്കുപോയ കല്യാണം തിരികെയെത്തി സി.രാജഗോപാലാചാരി, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു.

ഗാന്ധിയൻ തത്വങ്ങൾ പാലിക്കുന്നില്ലെന്നു കാണിച്ചു കോൺഗ്രസിനെ വിമർശിച്ചിരുന്ന കല്യാണം 2014ൽ ആം ആദ്മി പാർട്ടിയിൽ ചേർന്നതു വാർത്തയായിരുന്നു.