- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുപക്ഷ സ്വഭാവം നഷ്ടമാകാതിരിക്കാനുള്ള നിയമന നീക്കം ടിപി ദാസന്റെ മരുമകനും കൂട്ടുകാർക്കും വേണ്ടി; സെക്രട്ടറിയുടെ എതിർപ്പ് തിരിച്ചറിഞ്ഞ് ശുപാർശ അയച്ചത് അതീവ രഹസ്യമായി; വിവരാവകാശത്തിലൂടെ കത്ത് ചോർന്നതിനാൽ ആർക്കും സ്ഥിര നിയമനം കൊടുത്തില്ല; ചലച്ചിത്ര അക്കാദമിയിൽ കമൽ ഒറ്റപ്പെടുമ്പോൾ
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ ചായ്വുള്ളവരെ തള്ളിക്കയറ്റാനുള്ള ചെയർമാനും സംവിധായകനുമായ കമലിന്റെ നീക്കം വിവാദത്തിൽ. അക്കാദമി സെക്രട്ടറി അറിയാതെയാണ് ഇത്തരത്തിലൊരു കത്ത് അയച്ചത്. അക്കാദമിയിൽ വർഷങ്ങളായി ജോലി എടുക്കുന്ന സാധാരണ തൊഴിലാളികൾ പ്രതിഷേധത്തിലാണ്.
ഇടതുപക്ഷ ചിന്താഗതിക്കാരായ നാല് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് കത്തയച്ചതിലാണ് പുതിയ വിവാദം പുറത്തുവന്നിരിക്കുന്നത്. ഇവരെ സ്ഥിരപ്പെടുത്താനുള്ള നടപടിയും പുരോഗമിച്ചിരുന്നു. ഇതിനിടെ കത്ത് ചോർന്നുവെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതോടെ നടപടികൾ മരവിപ്പിക്കുകയായിരുന്നു. അക്കാദമിയിലെ ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ ഷാജി എച്ച്., ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ റിജോയ് കെ.ജെ., പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ എൻ.പി. സജീഷ്, പ്രോഗ്രാം മാനേജർ വിമൽ വി.പി. എന്നീ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു കമൽ കത്തയച്ചത്.
ഇതിൽ ഒരാൾ പ്രമുഖ സിപിഎം നേതാവ് ടിപി ദാസന്റെ മകളുടെ ഭർത്താവാണ്. ഇദ്ദേഹമാണ് സർക്കാരിന് അയയ്ക്കാനുള്ള കത്ത് തയ്യാറാക്കിയത്. പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ എൻപി സജീഷാണ് ദാസന്റെ മരുമകൻ. നാല് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന തീരുമാനത്തെ സെക്രട്ടറി എതിർത്തതോടെ കമൽ നേരിട്ട് മന്ത്രിക്ക് കത്തയയ്ക്കുകയായിരുന്നു. കമലിന്റെ ഈ നിർദ്ദേശത്തെ സെക്രട്ടറി എതിർത്തത് ചട്ടങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടിയാണ്. ഇതോടെ ഇരുചെവി അറിയാതെ കത്തയച്ചു.
ഇത് സാംസ്കാരിക വകുപ്പിൽ എത്തിയപ്പോഴാണ് വിവരം ചോർന്നത്. ഈ കത്ത് വിവരാവകാശത്തിലൂടെ ഒരു മാധ്യമ പ്രവർത്തകൻ സ്വന്തമാക്കുകയും ചെയ്തു. കത്തു പുറത്തു വന്നതോടെ സർക്കാർ കമലിന്റെ കത്തിൽ തീരുമാനം വൈകിപ്പിച്ചു. സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നത സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ ഇടത് ചായ്വുള്ളവരെ നിയമിക്കണമെന്നായിരുന്നു കത്തിലെ നിർദ്ദേശം. കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച കത്ത് പുറത്തുവിടുകയും ചെയ്തിരുന്നു.
ഇടതുപക്ഷ അനുഭാവികളായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അക്കാദമിയിലെ മറ്റ് ജീവനക്കാരും ഈ രഹസ്യ നീക്കം അറിഞ്ഞ് ഞെട്ടി. അഞ്ച് കൊല്ലത്തിൽ അധികമായി ഇവിടെ ജോലി ചെയ്യുന്ന നിരവധി സാധാരണക്കാരായ ജീവനക്കാരുണ്ട്. ഇവരെ ആരേയും സ്ഥിരപ്പെടുത്താതെ ഉന്നത നേതാവിന്റെ മരുമകന് വേണ്ടി കള്ളക്കളികൾ നടത്തിയെന്ന ആരോപണമാണ് കമലിനെതിരെ സജീവമാകുന്നത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന ദാസന്റെ മരുമകന് ഈ പദവിയിലേക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന ആരോപണവും സജീവമാണ്.
കമലിനെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. ചലച്ചിത്ര അക്കാദമിയിലെ നിയമനങ്ങൾ പുനപരിശോധിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ചിനിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ കോലവും പ്രവർത്തകർ കത്തിച്ചു. കത്തിനെ സിപിഎം നേതാക്കൾ പോലും ന്യായീകരിക്കാൻ ശ്രമിക്കുന്നില്ല. വലിയ വീഴ്ച കമലിന് ഉണ്ടായി എന്നാണ് വിലയിരുത്തൽ. ചലച്ചിത്ര അക്കാദമിയിലും ഈ കത്ത് കമലിനെ ഒറ്റപ്പെടുത്തുകയാണ്.
മറുനാടന് മലയാളി ബ്യൂറോ