തിരുവനന്തപുരം: സംവിധായകൻ കമലിന്റെ പുതിയ സിനിമയായ ആമി സോഷ്യൽ മീഡിയയുായി ബന്ധപ്പെട്ട വിവാദത്തിൽ കുടുങ്ങിയിരിക്കയാണ്. തന്റെ ചിത്രത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പടെുന്ന നെഗറ്റീവ് റിവ്യൂകളെ ഫേസ്‌ബുക്കിൽ നിന്നും നീക്കുന്ന കാര്യത്തിൽ സിനിമയുടെ നിർമ്മാതാക്കളെ അനുകൂലിക്കുന്ന നിലപാടാണ് കമലിന്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും ഫ്രീ സ്പീച്ചിനും വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം ശബ്ദമുയർത്തിയ കമലിന്റെ ഭാഗത്തു നിന്നും ഇത്തരം ശ്രമമുണ്ടാകുന്നതാണ് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.

ഇക്കാര്യം കോഴിക്കോട് നടക്കുന്ന ലിറ്റററി ഫെസ്റ്റിവലിൽ വെച്ച് പ്രതികരിച്ചപ്പോൾ നീക്കം ചെയ്യുന്നതിൽ തെറ്റില്ലെന്ന നിലപാട് തന്നെയാണ് കമൽ വ്യക്തമാക്കിയത്. ആമി സിനിമക്കെതിരായി സമൂഹമാധ്യമങ്ങളിൽ വരുന്ന അവലോകന റിപ്പോർട്ടുകൾ അപ്രത്യക്ഷമാകുന്നതിൽ താൻ ഉത്തരവാദിയല്ലെന്ന് പറഞ്ഞെങ്കിലും നിർമ്മാതാവിനെ ന്യായീകരിക്കുന്ന നടപടിയാണ് കമലിൽ നിന്നും ഉണ്ടായത്. മോശം റിവ്യൂകൾക്കെതിരെ പരാതിപ്പെടാൻ നിർമ്മാതാവിന് അവകാശമുണ്ടെന്നും താൻ അതിൽ ഇടപെടില്ലെന്നും കമൽ വ്യക്തമാക്കി. ആമി സിനിമ മിമിക്രിയല്ലെന്നും വിദ്യാബാലനായിരുന്നെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നുവെന്നും കമൽ പ്രതികരിച്ചു.

ആമിയെ തൊട്ടപ്പാണ് കമലിലെയും 'സാംസ്‌കാരിക ഫാസിസ്റ്റ്' ഉണർന്നതെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ശക്തമാണ്. വിമർശനങ്ങളെ അംഗീകരിക്കാതെ നെഗറ്റീവ് റിവ്യൂകൾ ഫേസ്‌ബുക്കിൽ നിന്നും നീക്കം ചെയ്യിക്കാൻ കച്ചകെട്ടിയിറങ്ങി ആമിയുടെ അണിയറ പ്രവർത്തകർ. ഈ ആരോപണവുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

'ആമി'യുടെ നെഗറ്റീവ് റിവ്യൂകൾ ഷെയർ ചെയ്യുന്നവരുടെ ഫേയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യുന്നു എന്നാണ് ആരോപണം. നെഗററ്റീവ് റിവ്യൂകൾ 'റീൽ ആൻഡ് റിയൽ' സിനിമയുടെ ആവശ്യപ്രകാരമാണ് ഫേയ്‌സ്ബുക്കിൽനിന്ന് നീക്കം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന സന്ദേശം. ഇന്നലെ ഉച്ചക്ക് ശേഷമാണ് ചില നെഗറ്റീവ് റിവ്യൂകൾ സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷമായത്.

സംവിധായകൻ വിനോദ് മങ്കര തന്റെ ഫേയ്‌സ്ബുക്കിൽ ഏഴുതിയ ആമിയുടെ നെഗറ്റീവ് റിവ്യൂവാണ് ആദ്യം അപ്രത്യക്ഷമായത്. തുടർന്നാണ് കൂടുതൽ ഫേയ്‌സ്ബുക്ക് പ്രൊഫൈലുകളിൽ നിന്ന് റിവ്യൂകൾ നീക്കം ചെയ്തതായുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. മംഗളത്തിലെ സിനിമ നിരൂപകൻ ഇ.വി ഷിബു എഴുതിയ റിവ്യൂവും ഫേയ്‌സ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായതായി അദ്ദേഹം പറഞ്ഞു.