- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമലിനും നദീറിനും നീതി കിട്ടിയത് ഇടതു സർക്കാർ ഭരിക്കുന്നതുകൊണ്ടു മാത്രമെന്ന് എം ബി രാജേഷ്; ഗവൺമെന്റ് മാറുമ്പോൾ സ്വിച്ചിട്ട പോലെ പൊലീസിന്റെ സ്വഭാവം മാറില്ല; നീതിനിഷേധം സർക്കാർ തിരുത്തി; നദീറുൾപ്പെട്ട കേസിൽ യുഎപിഎ ചുമത്തിയത് യുഡിഎഫ് സർക്കാരെന്നും സിപിഐ(എം) എംപി
തിരുവനന്തപുരം: ഇടതു ഭരണമായതുകൊണ്ടു മാത്രമാണ് നദീറും കമൽ സി. ചാവറയ്ക്കും നീതി ലഭിച്ചതെന്ന് എംപിയും ഡിവൈഎഫ്‌ഐ നേതാവുമായ എം.ബി. രാജേഷ്. പൊലീസിന്റെ നീതിനിഷേധം സർക്കാർ ഇടപെട്ട് തിരുത്തുകയായിരുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക് പേജിൽ കുറിച്ചു. ദേശീയഗാനത്തെ അപലപിച്ചുവെന്നാരോപിച്ച് കമൽ സി. ചവറയ്‌ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയതും കമലിനെ സന്ദർശിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശപ്രവർത്തകൻ നദീറിനെ വിട്ടയച്ചതുമായ സംഭവത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് എം.ബി. രാജേഷ് വിശദമായ കുറിപ്പ് എഴുതിയിരിക്കുന്നത്. ഗവൺമെന്റ് മാറുമ്പോൾ സ്വിച്ചിട്ട പോലെ പൊലീസിന്റെ അടിസ്ഥാന സ്വഭാവം മാറില്ല. ഒരു ഇടതു പക്ഷ സർക്കാരിന് ഈ അടിസ്ഥാന സ്വഭാവം നിയന്ത്രിച്ചും വരുതിയിലാക്കിയും കൊണ്ടു പോകാനേ കഴിയൂ. പഴയ പൊലീസിന്റെ പഴയ ശീലങ്ങളെക്കുറിച്ച് കർശന ഭാഷയിൽ മുഖ്യമന്ത്രി തന്നെ പലപ്പോഴും താക്കീത് നൽകുന്നത് അതുകൊണ്ടാണ്. നദീറുൾപ്പെട്ട കേസിൽ യുഎപിഎ ചുമത്തിയത് യുഡിഎഫ് സർക്കാരാണ്. രാഷ്ട്രീയ പ്രവർത്തകർക്കെതിരെ യുഎപിഎ
തിരുവനന്തപുരം: ഇടതു ഭരണമായതുകൊണ്ടു മാത്രമാണ് നദീറും കമൽ സി. ചാവറയ്ക്കും നീതി ലഭിച്ചതെന്ന് എംപിയും ഡിവൈഎഫ്‌ഐ നേതാവുമായ എം.ബി. രാജേഷ്. പൊലീസിന്റെ നീതിനിഷേധം സർക്കാർ ഇടപെട്ട് തിരുത്തുകയായിരുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക് പേജിൽ കുറിച്ചു.
ദേശീയഗാനത്തെ അപലപിച്ചുവെന്നാരോപിച്ച് കമൽ സി. ചവറയ്‌ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയതും കമലിനെ സന്ദർശിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശപ്രവർത്തകൻ നദീറിനെ വിട്ടയച്ചതുമായ സംഭവത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് എം.ബി. രാജേഷ് വിശദമായ കുറിപ്പ് എഴുതിയിരിക്കുന്നത്.
ഗവൺമെന്റ് മാറുമ്പോൾ സ്വിച്ചിട്ട പോലെ പൊലീസിന്റെ അടിസ്ഥാന സ്വഭാവം മാറില്ല. ഒരു ഇടതു പക്ഷ സർക്കാരിന് ഈ അടിസ്ഥാന സ്വഭാവം നിയന്ത്രിച്ചും വരുതിയിലാക്കിയും കൊണ്ടു പോകാനേ കഴിയൂ. പഴയ പൊലീസിന്റെ പഴയ ശീലങ്ങളെക്കുറിച്ച് കർശന ഭാഷയിൽ മുഖ്യമന്ത്രി തന്നെ പലപ്പോഴും താക്കീത് നൽകുന്നത് അതുകൊണ്ടാണ്.
നദീറുൾപ്പെട്ട കേസിൽ യുഎപിഎ ചുമത്തിയത് യുഡിഎഫ് സർക്കാരാണ്. രാഷ്ട്രീയ പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തില്ല എന്ന പ്രഖ്യാപനമാണ് എൽഡിഎഫ് സർക്കാർ നടത്തിയിരിക്കുന്നത്.
ഇതോടൊപ്പം തന്നെ സിപിഐഎം നേതാക്കളായ കാരായി രാജനും, ചന്ദ്രശേഖരനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊലീസിന്റെ വേട്ടയാടലിന് ഇരയാകപ്പെട്ടിരുന്നുവെന്നും അന്ന് അവർക്ക് നീതി ലഭിച്ചിരുന്നില്ലെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടുന്നു.
എംബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പൊലീസിനെ മർദ്ദനോപകരണം എന്ന നിലയിൽ ആദ്യമറിയുന്നത്.അഞ്ചു കിലോമീറ്റർ അകലെയുള്ള ചളവറയിലെ ഹൈസ്‌ക്കൂളിൽ നിന്ന് ഞാൻ പഠിക്കുന്ന കയിലിയാട് കെവിയുപി സ്‌കൂളിലേക്ക് കാൽനടയായി ഒരു വിദ്യാർത്ഥി പ്രതിഷേധ ജാഥ വന്ന് ഞങ്ങളുടെ സ്‌കൂളിലും പഠിപ്പുമുടക്കി.ചളവറയിലെ ഒരു സ്‌കൂൾ വിദ്യാർത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചതിനെതിരായിട്ടായിരുന്നു പ്രതിഷേധം.ലിംഗത്തിൽ പച്ച ഈർക്കിൽ കയറ്റുന്നതുപോലുള്ള പീഡനമുറകളെക്കുറിച്ചൊക്കെ അന്ന് കേട്ട് നടുങ്ങിയിട്ടുണ്ട്. (യഥാതഥ പ്രതിയെ പിന്നീട് പിടിച്ചു.)ഏതാണ്ട് അതേ കാലത്തു തന്നെയുള്ള മറ്റൊരോർമ്മയാണ്.ഒരു സന്ധ്യയിൽ അമ്മയോടൊപ്പം വീട്ടിലെ കോലായിൽ ഇരുന്നു നാമം ചൊല്ലുമ്പോൾ അകലെ റോഡിൽ ഇരമ്പുന്ന ഒരു മുദ്രാവാക്യം.' ഞങ്ങടെ പ്രിയ നാം രാജനെവിടെ ,പറയു പറയൂ പൊലീസേ,മറുപടി പറയു കരുണാകരാ '. അമ്മയോട് ചോദിച്ചപ്പോൾ രാജനെ പൊലീസ് പിടിച്ചു കൊണ്ടുപോയെന്നും പിന്നെ കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇതെല്ലാം പറഞ്ഞു കേട്ട കാര്യങ്ങൾ. പിന്നീട് പല തവണ പൊലീസിന്റെ 'വാത്സല്യം' നേരിട്ടറിഞ്ഞിട്ടുണ്ട്. ഒരിക്കൽ ലാത്തിച്ചാർജിൽ സാരമായി പരിക്കുപറ്റിയ ഞങ്ങൾ കുറേ എസ്എഫ്ഐ പ്രവർത്തകരെ പാലക്കാട്ടെ സൗത്ത് സ്റ്റേഷൻ ലോക്കപ്പിൽ തുണിയുരിഞ്ഞാണ് നിർത്തിയത്.
എന്നോടൊപ്പം അജിത് സഖറിയ, സോണി, അന്ന് കൊച്ചു കുട്ടിയായിരുന്ന ശ്യാം പ്രസാദ് എന്നിവരുണ്ടായിരുന്നു. സഖാവ് ശിവദാസമേനോൻ വന്ന് ഏറെ ക്ഷോഭിച്ചിട്ടാണ് ഉടുതുണി തിരികെ തന്നത്. അർദ്ധരാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി ജയിലിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് പാലക്കാട്ടും തിരുവനന്തപുരത്തുമെല്ലാം വച്ച് പല തവണ ഇതാവർത്തിച്ചു. എംപിയായി ഡൽഹിയിലെത്തിയപ്പോഴും രണ്ടു തവണ ഇതാവർത്തിച്ചു.ഏറ്റവുമൊടുവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതു തടയാൻ ഇടപെട്ടപ്പോഴായിരുന്നു. ഞങ്ങളുടെ കാലത്തെ വിദ്യാർത്ഥി പ്രവർത്തകരിൽ ഈ അനുഭവങ്ങൾ ഇല്ലാത്തവർ ഉണ്ടാകാനിടയില്ല. പെൺകുട്ടികളടക്കം.ഗീനാ കുമാരിയുടെ തല തല്ലിത്തകർത്ത പൊലീസുകാരനോട് പകരം വീട്ടാൻ പല തവണ പിന്തുടർന്നതും നടക്കാതെ പോയതും ഓർക്കുന്നു.
എന്റെ ഭാര്യ നിനിതക്കും വിദ്യാർത്ഥിയായിരിക്കേ കാര്യമായിത്തന്നെ പൊലീസിന്റെ കയ്യിൽ നിന്ന് കിട്ടിയിട്ടുണ്ട്. പി. രാജീവിന് ലോക്കപ്പിൽ ഒരു രാത്രി മുഴുവൻ ക്രൂര മർദ്ദനമേറ്റിട്ടുണ്ട്.സ.ശിവദാസമേനോനെ പോലും പൊലീസ് മർദ്ദിച്ചു മൃതപ്രായനാക്കിയിട്ടുണ്ട്. മന്ത്രിയായിരിക്കെ സല്യൂട്ട് ചെയ്ത കാക്കിപ്പട തന്നെയാണ് തൊട്ടുപിന്നാലെ തലയടിച്ചു തകർത്തത് എന്ന് മറക്കരുത്. ഇതെല്ലാം ഇപ്പോൾ പറയുന്നത് പൊലീസിന്റെ മർദ്ദനോപകരണം എന്ന അടിസ്ഥാന സ്വഭാവം സ്വന്തം അനുഭവത്തിൽ നിന്ന് ഓർമ്മിപ്പിക്കാനാണ്.
ഗവൺമെന്റ് മാറുമ്പോൾ സ്വിച്ചിട്ട പോലെ പൊലീസിന്റെ അടിസ്ഥാന സ്വഭാവം മാറില്ല. ഒരു ഇടതു പക്ഷ സർക്കാരിന് ഈ അടിസ്ഥാന സ്വഭാവം നിയന്ത്രിച്ചും വരുതിയിലാക്കിയും കൊണ്ടു പോകാനേ കഴിയൂ. പഴയ പൊലീസിന്റെ പഴയ ശീലങ്ങളെക്കുറിച്ച് കർശന ഭാഷയിൽ മുഖ്യമന്ത്രി തന്നെ പലപ്പോഴും താക്കീത് നൽകുന്നത് അതുകൊണ്ടാണ്.
യുഎപിഎ 124എ എന്നിവക്കെതിരായ നിലപാട് പൊലീസ് നടപടിയിൽ ഇന്നു പ്രതിഫലിച്ചതും യാദൃശ്ചികമല്ല. നദീറുൾപ്പെട്ട കേസിൽ യുഎപിഎ ചുമത്തിയത് യുഡിഎഫ് സർക്കാർ.എൽഡിഎഫ് ചെയ്തത് യുഎപിഎ രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ചുമത്തില്ല എന്ന പ്രഖ്യാപനം.
124-എയും ചുമത്തില്ല എന്ന് സർക്കാർ വ്യക്തമാക്കി. സിപിഐ(എം)ന്റെ പ്രഖ്യാപിത നിലപാടാണിത്.കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിലെ ഖണ്ഡിക 2.45 ഇതു വ്യക്തമാക്കുന്നു. പൊലീസിലെ ആരെങ്കിലും ഇതു ലംഘിച്ചാൽ സർക്കാർ ഇടപെട്ടു തിരുത്തും എന്നിപ്പോൾ വ്യക്തമായല്ലോ. ഒരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. സിപിഐഎം നേതാക്കളായ കാരായി രാജനും, ചന്ദ്രശേഖരനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊലീസിന്റെ വേട്ടയാടലിന് നിരപരാധികളായിട്ടും ഇരയായപ്പോൾ അവർക്ക് അന്ന് നീതി ലഭിച്ചില്ല, എന്നാൽ പൊലീസിന്റെ നീതി നിഷേധം ഇപ്പോൾ സർക്കാർ തിരുത്തുന്നു.
നദീറിനും കമൽ ചാവറക്കും നീതി നിഷേധിക്കപ്പെടില്ല എന്നുറപ്പാക്കിയിരിക്കുന്നു. അടിയന്തരാവസ്ഥയുടെ പീഡാനുഭവങ്ങളുള്ള മുഖ്യമന്ത്രി പിണറായിക്കും കോടിയേരിക്കുമൊക്കെ പൊലീസിന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. എന്തായാലും ഈ സർക്കാരിന്റെ പൊലീസിന് പഴയതുപോലെ പോകാനാവില്ല എന്ന സന്ദേശമാണ് ഇന്നുണ്ടായിരിക്കുന്നത്. സിപിഐ(എം)നെ കടിച്ചുകീറാൻ അവസരം പാർത്തിരുന്നവർക്ക് അല്പം നിരാശ ഉണ്ടായിട്ടുണ്ടാവാമെങ്കിലും.