ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ രംഗത്തിറങ്ങിയ നടൻ കമൽഹാസന്റെ കാറിനു നേരെ പ്രചാരണത്തിനിടെ ആക്രമണശ്രമം. കാർ ആൾക്കൂട്ടതിനിടയിലൂടെ പോകുമ്പോൾ വിൻഡോ തകർക്കാനാണ് ശ്രമം ഉണ്ടായത്.

കാഞ്ചീപുരം ജില്ലയിലുണ്ടായ സംഭവം സുരക്ഷാവീഴ്ചയാണെന്ന് കമലിന്റെ മക്കൾ നീതി മയ്യം ആരോപിച്ചു. ജില്ലയിൽ പൊതുയോഗത്തിൽ പങ്കെടുത്തശേഷം ചെന്നൈയ്ക്കു മടങ്ങുന്നതിനിടെയാണു സംഭവം.

എന്നാൽ കമലിന്റെ ആരാധകനാണു മദ്യലഹരിയിൽ വിൻഡോ തുറക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. എംഎൻഎം പ്രവർത്തകരും നാട്ടുകാരും ചേർന്ന് മർദിച്ച് അവശനാക്കിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുകയാണ് എൻഎംഎം ഭാരവാഹികൾ പറഞ്ഞു.

ഏപ്രിൽ ആറിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് നിയോജകമണ്ഡലത്തിൽനിന്നാണ് കമൽ ഹാസൻ മത്സരിക്കുന്നത്.