ചെന്നൈ: ദ്വീർഘകാലം കമൽ ഹാസന്റെ ഭാര്യയെ പോലെ കഴിഞ്ഞ നടിയാണ് ഗൗതവി. ഈ ദ്വീർഘബന്ധം അവർ അവസാനിപ്പിച്ചത്. അടുത്തിടെയാണ്. എന്തുകൊണ്ടാണ് ഗൗതമി കമലിനെ ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് കാര്യമായി അഭിപ്രായം അവർ പറഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ കമൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഒരുങ്ങുമ്പോൾ ആരോപണവുമായി ഗൗതമി രംഗത്തെത്തി.

കമൽഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണെന്ന് നടി ഗൗതമി. രാഷ്ട്രീയത്തിലിറങ്ങിയ കമൽഹാസന് പിന്നിൽ ഗൗതമിയുണ്ടെന്ന പ്രചാരണത്തെ തുടർന്നാണ് കമലിനെതിരെ ഗൗതമി രംഗത്തെത്തിയത്. തന്റെ ബ്ലോഗിലൂടയാണ് അവർ പ്രതികരിച്ചത്. പരസ്പര ബഹുമാനവും ആത്മാർഥതയും നിലനിർത്താൻ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാൻ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലുമാണ് പിരിഞ്ഞതെന്ന് ഗൗതമി വ്യക്തമാക്കി.

കമൽ തന്നെ സാമ്പത്തികമായി കബളിപ്പിച്ചെന്നും ഗൗതമി ആരോപിച്ചു. കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിർത്തി. പിന്നീട് കമലിന്റെ നേതൃത്വത്തിലുള്ള നിർമ്മാണക്കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച സിനിമകൾക്കുവേണ്ടിയും മറ്റ് നിർമ്മാണക്കമ്പനികൾക്കുവേണ്ടിയും കമൽ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. എന്നാൽ ഒന്നിനും പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ടെന്നും ഗൗതമി പറഞ്ഞു.

കമലിന്റെ മകൾ ശ്രുതിഹാസനാണ് തങ്ങളുടെ ബന്ധം തകരാനുള്ള കാരണമെന്ന അഭ്യൂഹങ്ങളും ഗൗതമി നിഷേധിച്ചു. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താൻ കണ്ടിട്ടുള്ള ഏറ്റവും നല്ല പെൺകുട്ടികളാണ്. ശ്രുതിക്കോ മൂന്നാമതൊരാൾക്കോ തങ്ങളുടെ ബന്ധം തകർന്നതിൽ പങ്കില്ല. അർബുദത്തെ അതിജീവിക്കാൻ സാധിച്ചത് കുടുംബത്തിന്റെയും ബന്ധുക്കളുടെയും പിന്തുണകൊണ്ടാണെന്നും ഗൗതമി വ്യക്തമാക്കി.

പതിമൂന്ന് വർഷമായി ഒരുമിച്ച് കഴിഞ്ഞിരുന്ന കമലും ഗൗതമിയും വിവാഹം കഴിച്ചിരുന്നില്ല. 2016 ഒക്ടോബറിലാണ് ഇരുവരും പിരിഞ്ഞത്. ബന്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. എ.ഐ.എ.ഡി.എം.കെ. നേതാക്കളാണ് കമലും ഗൗതമിയും തമ്മിൽ ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാർട്ടിക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത്.