- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിക്ര'മിലെ അധോലോക നായകൻ റോളക്സിനെ അവിസ്മരണീയമാക്കിയ സൂര്യ; താരത്തിന് റോളക്സിന്റെ വാച്ച് സമ്മാനിച്ച് കമൽ ഹാസൻ; 'നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ..,' എന്ന് സൂര്യയുടെ ട്വീറ്റ്
ചെന്നൈ: കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ മൾട്ടിസ്റ്റാർ ചിത്രം വിക്രം വിജയകരമായി മുന്നേറുന്നതിനിടെ സഹതാരങ്ങൾക്കും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് കമൽ ഹാസൻ.
വിക്രം താരനിര കൊണ്ട് സമ്പന്നമായിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ എന്നിവരൊക്കെ അണിനിരന്ന ചിത്രത്തിൽ പക്ഷേ ഏറ്റവും കുറവ് സ്ക്രീൻ ടൈം കൊണ്ട് ഏറ്റവുമധികം കൈയടികൾ നേടിയത് സൂര്യയായിരുന്നു. ചിത്രത്തിന്റെ ടെയ്ൽ എൻഡ് സീക്വൻസിൽ മികവാർന്ന പ്രകടനവുമായെത്തിയ സൂര്യ റോളക്സ് എന്നു വിളിപ്പേരുള്ള അധോലോക നായകനെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ സൂര്യയ്ക്ക് കൗതുകമുണർത്തുന്ന ഒരു സമ്മാനം നൽകിയിരിക്കുകയാണ് കമൽ ഹാസൻ.
A moment like this makes life beautiful! Thank you Anna for your #Rolex! @ikamalhaasan pic.twitter.com/uAfAM8bVkM
- Suriya Sivakumar (@Suriya_offl) June 8, 2022
ആഡംബര വാച്ച് നിർമ്മാതാക്കളായ റോളക്സിന്റെ ഒരു വാച്ചാണ് കമൽ ഹാസൻ നേരിട്ടെത്തി സൂര്യയ്ക്ക് നൽകിയത്. കമൽ വാച്ച് സമ്മാനിക്കുന്നതും താൻ ആ വാച്ച് അണിഞ്ഞുനിൽക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളടക്കം സൂര്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം സമ്മാനത്തിനുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ.., എന്നാണ് സൂര്യയുടെ ട്വീറ്റ്.
അതേസമയം അടുത്ത ചിത്രത്തിൽ സൂര്യയ്ക്ക് മുഴുനീള വേഷം ഉണ്ടായിരിക്കുമെന്ന് കമൽ ഹാസൻ അറിയിച്ചിരുന്നു. വിക്രത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് കമൽ ഇക്കാര്യം പറഞ്ഞത്. അതേസമയം വിക്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജിന് ഒരു ആഡംബര കാറും ചിത്രത്തിലെ മുഴുവൻ സഹ സംവിധായകർക്കും ബൈക്കുകളും സമ്മാനിച്ചിരുന്നു കമൽ ഹാസൻ.
നന്ദി അറിയിച്ച് കമൽ ഹാസൻ
നമസ്കാരം. എല്ലാ സഹോദരീ സഹോദരന്മാർക്കും എന്റെ നമസ്കാരം. ഭാഷ ഏതായാലും നല്ല സിനിമകൾ എല്ലായ്പ്പോഴും മലയാളികൾ നെഞ്ചിലേറ്റിയിട്ടുണ്ട്. ഇപ്പോൾ എന്നെയും എന്റെ വിക്രം സിനിമയെയും നിങ്ങൾ നെഞ്ചിലേറ്റിയിരിക്കുന്നു. എന്റെ ഭാഗ്യം. അനിരുദ്ധ്, ഗിരീഷ് ഗംഗാധരൻ, എഡിറ്റർ ഫിലോമിൻ, അൻപറിവ്, സതീഷ് കുമാർ തുടങ്ങി ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പേരറിയാത്ത ഓരോരുത്തർക്കും അവകാശപ്പെട്ടതാണ് ഈ വിജയം. അതാണ് ന്യായം. എന്റെ സഹോദരന്മാരായ വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരെയ്ൻ, ചെമ്പൻ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിന് ആധാരം. അവസാന മൂന്ന് മിനിറ്റ് വന്ന് തിയറ്ററുകളിൽ വലിയ കൈയടി വാങ്ങിയ എന്റെ സഹോദരൻ സൂര്യ എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയിൽ വന്നത്. അവർക്ക് ഇപ്പോൾ നന്ദി പറയാതെ, അടുത്ത സിനിമയിൽ മുഴുവൻ സമയവും ഞങ്ങൾ ഒന്നിച്ച് ഉണ്ടാവുന്നതാണ്. ഡയറക്ടർ ലോകേഷ് സിനിമയോടും എന്നോടുമുള്ള അതിരറ്റ സ്നേഹം വിക്രം സിനിമയുടെ ഷൂട്ടിംഗിന്റെ ഓരോ നാളിലും ഓരോ ഫ്രെയ്മിലും ഞാൻ അനുഭവിച്ച് അറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകർക്ക് എന്നോടുള്ള സ്നേഹവും. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാവാനുള്ള കാരണം. നിങ്ങളുടെ സ്നേഹം എന്നും എനിക്ക് ഉണ്ടായിരിക്കണം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ഒരു ജോലിക്കാരൻ, നിങ്ങളുടെ ഞാൻ. നമസ്കാരം.
ന്യൂസ് ഡെസ്ക്