ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷത്തെ ജയിൽ വാസത്തിന് ശേഷം പേരറിവാളൻ മോചിതനായതിൽ പ്രതികരണവുമായി നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽ ഹാസൻ പേരറിവാളൻ മോചിതനായതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം വിഷയത്തിൽ ജയിച്ചത് നീതിയും പേരറിവാളന്റെ അമ്മ അർപ്പുതാമ്മാളിന്റെ പോരാട്ട മനോഭാവവുമാണെന്ന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ജീവപര്യന്തത്തേക്കാൾ നീണ്ട 31 വർഷങ്ങൾ. ഇപ്പോഴെങ്കിലും അതിന് അവസാനമായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പേരറിവാളനോട് സർക്കാരുകൾ അനീതി കാണിച്ചപ്പോൾ, കോടതി തന്നെ സ്വമേധയാ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഇവിടെ ജയം നേടിയിരിക്കുന്നത് നീതിയും പേരറിവാളന്റെ അമ്മ അർപ്പുതാമ്മാളിന്റെ യുദ്ധസമാനമായ സ്വഭാവവുമാണ്.'- അദ്ദേഹം ട്വീറ്റ് ചെയ്തു.

 മൂന്നു പതിറ്റാണ്ടുകാലം നീണ്ട അസാധാരണമായ നിയമപോരാട്ടത്തിന്റെ കഥയാണ് പേരറിവാളന്റെ ജീവിതം. 1991 മെയ്‌ 21-ന് ചെന്നൈയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷം ജൂൺ 11ന് പെരിയാർ ചെന്നൈയിലെ തിഡലിൽവച്ചായിരുന്നു സിബിഐ സംഘം പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. അന്ന് പേരറിവാളന് 19 വയസ്സ് മാത്രമായിരുന്നു പ്രായം. രാജീവ് ഗാന്ധിയെ വധിക്കാനായി കേസിലെ മുഖ്യ ആസൂത്രകനായിരുന്ന ശിവരശന് ബെൽറ്റ് ബോംബ് നിർമ്മിക്കാനുള്ള ഒമ്പത് വാട്ടിന്റെ രണ്ട് ബാറ്ററികൾ വാങ്ങിക്കൊടുത്തു എന്നതായിരുന്നു കുറ്റം. പേരറിവാളനും കേസിൽ അറസ്റ്റിലായ മറ്റ് 25 പ്രതികൾക്കുമെതിരെ റദ്ദാക്കപ്പെട്ട ടാഡ നിയമപ്രകാരമാണ് കേസെടുത്തത്.

എന്നാൽ ബാറ്ററി വാങ്ങി നൽകിയത് എന്തിന് വേണ്ടിയാണെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനു പിന്നാലെ പേരറിവാളന്റെ മോചനത്തിനായി വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ അദ്ദേഹത്തിന്റെ മോചനത്തിനായി രംഗത്തെത്തി.

1999 മെയിൽ സുപ്രീംകോടതി കേസിൽ 19 പേരെ വെറുതെവിട്ടെങ്കിലും മുരുകൻ, ഭാര്യ നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ, ശാന്തൻ, പേരറിവാളൻ എന്നിവരിൽ നാലുപേർക്കെതിരെ വിചാരണാകോടതി വിധിച്ച വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു.2000 ൽ നളിനിയുടെ ദയാഹർജി തമിഴ്‌നാട് സർക്കാർ അംഗീകരിച്ചു. മറ്റുള്ളവരുടെ ഹർജികൾ രാഷ്ട്രപതിക്ക് അയച്ചു. ദയാഹർജിയിൽ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു.

കൂടാതെ സർക്കാരിന് ഇവരെ വെറുതെവിടാനുള്ള അവകാശവും നൽകി. ഇതിനു തൊട്ടടുത്ത ദിവസം അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഏഴു പ്രതികളെയും വെറുതെവിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് പിന്നീട് സുപ്രിംകോടതി സ്റ്റേ ചെയ്തു.രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ ലഭിച്ചു. ജയിൽ മോചനത്തിനായി ഗവർണർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു പേരറിവാളൻ.