ചെന്നൈ: ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കിൽ ബിരിയാണിയും നിരോധിക്കണമെന്ന് കമൽഹാസൻ. ജെല്ലിക്കെട്ട് തമിഴ്‌നാട്ടിലെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും താനതിന്റെ വലിയ ആരാധകനാണെന്നും കമൽ വ്യക്തമാക്കി.

മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നു പറഞ്ഞാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിക്കുന്നത്. എന്നാൽ ജെല്ലിക്കെട്ടിൽ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന വാദം ഉയർത്തുന്നവർ ബിരിയാണി ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'അനേകം തവണ ഞാനും ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ട്. സ്‌പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടുമായി സാമ്യമില്ല. അവിടെ കാളകൾക്ക് ഉപദ്രവമേൽക്കേണ്ടി വരുകയും അവ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ തമിഴ്‌നാട്ടിൽ കാളകളെ ദൈവങ്ങളായാണ് കാണുന്നത്. ജെല്ലിക്കെട്ടിൽ അവയെ മെരുക്കുകയാണ്. അതുവഴി മൃഗങ്ങൾക്ക് ശാരീരികമായ പ്രശ്‌നങ്ങളൊന്നും സംഭവിക്കുന്നില്ല. കമൽഹാസൻ പറഞ്ഞു.

ജെല്ലിക്കെട്ട് നിരോധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ നൽകിയ പുനഃപരിശോധന ഹർജി കഴിഞ്ഞ നവംബറിലാണ് തള്ളിയത്.