തിരുവനന്തപുരം: സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അരങ്ങു തകർക്കുന്നതിനിടെ ഉപദേശവുമായി ഉലകനായകൻ കമൽഹാസൻ രംഗത്ത് വന്നിരുന്നു, '' തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണു നല്ലത്.'' രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തിൽ വിനയാകുമെന്ന പരോക്ഷസൂചനയും കമൽ നൽകി. അതിന് ഉദാഹരണമാക്കിയതു കേരളത്തെയും: '' കേരള ജനത എന്നെ മലയാളിയായി കണക്കാക്കുന്നുണ്ടെങ്കിലും എനിക്കു കേരള മുഖ്യമന്ത്രിയാകാനാകുമോ?'' എന്നായിരുന്നു ചോദ്യം. എന്നാൽ, തമിഴ്‌നാട്ടിൽ ജനിച്ചവർ മാത്രമേ ഇവിടെ രാഷ്ട്രീയത്തിലിറങ്ങാകൂവെന്ന വാദത്തോടെ യോജിക്കാനാവില്ലെന്നും കമൽ പറഞ്ഞിരുന്നു. ഇത് ഏറെ ചർച്ചയായി. കേരളത്തെ കൂട്ടുപിടിച്ച് രജനിക്ക് മറുപടി കൊടുത്ത ഉലകനായകൻ തിരുവനന്തപുരത്ത് നാളെ പറന്നിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ.

സിപിഎമ്മിന്റെ രാഷ്ട്രീയത്തിലേക്ക് കമൽ കൂടുതൽ അടുക്കുന്നതിന്റെ സൂചനയായി ദേശീയ തലത്തിൽ ഈ യാത്രയെ വ്യാഖ്യാനിക്കുന്നു. കമൽഹാസനെ സിപിഎമ്മിലേക്ക് അടുപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹം. നാളെ പിണറായിയെ കാണാനെത്തുന്ന കമൽഹാസനോട് സിപിഎമ്മിൽ ചേരാൻ പിണറായി ആവശ്യപ്പെടുമെന്നാണ് സൂചന. ഇത് കമൽ അംഗീകരിക്കുമെന്ന് തന്നെയാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അങ്ങനെ കമലിന്റെ കേരള യാത്രയ്ക്ക് രാഷ്ട്രീയ നിറം കൈവരികയാണ്. തമിഴ്‌നാട്ടിൽ ചുവടുറപ്പിക്കാൻ കമലിന്റെ കടന്നുവരിലൂടെ കഴിയുമെന്നും സി.പി.എം വിലയിരുത്തുന്നു. ഡിഎംകെ മുന്നണിയിൽ സി.പി.എം സാന്നിധ്യം ശക്തമാക്കാൻ കമൽഹാസനെ മുന്നിൽ നിർത്താനാണ് സി.പി.എം നീക്കം. ഇതിന് പിണറായി വിജയൻ തന്നെ മുന്നിട്ടിറങ്ങുന്നുവെന്നതും ശ്രദ്ധേയമാണ്.

മോദിക്ക് ബദലായി ദേശീയ തലത്തിൽ ഉയരാനുള്ള പിണറായിയുടെ നീക്കമാണ് ഇതിന് പിന്നിൽ. ലാവ്‌ലിൻ കേസിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലാണ് ദേശീയതലത്തിൽ ശ്രദ്ധേയരായവരെ സിപിഎമ്മിലെത്തിച്ച് പാർട്ടിയിൽ ഒന്നാം പേരുകാരനാകാനുള്ള പിണറായിയുടെ നീക്കം. ചെന്നൈയിൽ നിന്നാണ് കമൽ, പിണറായിയെ കാണാൻ തിരുവനന്തപുരത്ത് എത്തുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന കമൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. രജനികാന്ത് പുതിയ രാഷ്ട്രീയ പാർട്ടിയുമായെത്തുമെന്നും ബിജെപിക്കൊപ്പം ചേരുമെന്നുമുള്ള അഭ്യൂഹം ശക്തമാണ്. ഇതിനിടെയിലാണ് കമൽഹാസനെ ഒപ്പം കൂട്ടി തമിഴകത്ത് പുതിയ കളികൾക്ക് സി.പി.എം ഒരുങ്ങുന്നത്. കേരളത്തിലും ത്രിപുരയിലും മാത്രമൊതുങ്ങുന്ന പാർട്ടിയാണ് സിപിഎമ്മെന്ന പേരുദോഷം ഇപ്പോഴുണ്ട്.

ഇത് മാറ്റാനാണ് പിണറായിയുടെ ശ്രമം. കമൽഹാസനെ പോലുള്ള വ്യക്തിത്വങ്ങളെ സിപിഎമ്മുമായി അടുപ്പിക്കാനാണ് നീക്കം. തമിഴ്‌നാട്ടിലെ തന്ത്രം ഫലം കണ്ടാൽ മറ്റ് സംസ്ഥാനങ്ങളിലും സമാന ഇടപെടലിന് പിണറായി നേരിട്ട് ശ്രമിക്കും. ചെന്നൈയിൽ നിന്നാണ് കമൽ തിരുവനന്തപുരത്ത് എത്തുന്നത്. രാവിലെ എത്തുന്ന കമൽ വൈകിട്ട് വരെ പിണറായിയ്‌ക്കൊപ്പമുണ്ടാകും. ഉച്ചഭക്ഷണവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാകും. തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വ്യക്തമായ സൂചന പിണറായിയ്‌ക്കൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കമൽ നൽകുമെന്നാണ് സൂചന. ബിജെപിക്കെതിരെ മതേതര ബദലെന്ന സി.പി.എം ആശയത്തെ കമൽ പിന്തുണയ്ക്കാനാണ് സാധ്യത. തമിഴ്‌നാട്ടിൽ സിപിഎമ്മിന്റെ മുഖമാകണമെന്ന പിണറായിയുടെ അഭ്യർത്ഥനയോട് കമൽ എപ്രകാരം പ്രതികരിക്കുമെന്നതാണ് പ്രധാനം.

കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന കമൽഹാസൻ അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത് മലയാള ചിത്രങ്ങളിലൂടെയായിരുന്നു. ഇടതുമുന്നണിയോട് ആഭിമുഖ്യം പുലർത്തുന്ന കമൽ അടുത്തകാലത്തായി പിണറായിയെയും കമ്മ്യൂണിസ്റ്റ് നയങ്ങളെയും പിന്തുണച്ച് സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരുന്നു. താരം തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്നുള്ള തരത്തിലുള്ള വാർത്തകളും കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. അടുത്തകാലത്തായി തന്റെ ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും കമൽ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ടിരുന്നു. സംസ്ഥാനത്ത് അധികാരത്തിലുള്ള എ.ഐ.എ.ഡി.എം.കെ സർക്കാരിനെതിരെ തുടർച്ചയായ വിമർശനങ്ങളും കമൽഹാസൻ നടത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പിണറായിയെ കാണാനുള്ള കമലിന്റെ വരവ് രാഷ്ട്രീയ ചർച്ചയാകുന്നതും. കമലിന്റെ ബ്രഹ്മാണ്ഡ ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. 2013ൽ ചില മത സംഘടനകളുടെ എതിർപ്പിനെത്തുടർന്നു വിശ്വരൂപം ഒന്നിന്റെ റിലീസ് വൈകിയിരുന്നു. അന്നത്തെ പ്രശ്‌നങ്ങൾ ചിലർ മനപ്പൂർവം സൃഷ്ടിച്ചതാണെന്നും കമൽ പറയുന്നു. ഈ തിരിക്കിൽ നിന്നാണ് കേരളത്തിലേക്ക് നടനെത്തുന്നത്.