ചെന്നൈ: കമൽഹാസൻ സിനിമയിൽ നിന്നും വിരമിക്കുന്നതായി റിപ്പോർട്ട്. ഇനി രാഷ്ട്രീയത്തിലാകും കമലിന്റെ ശ്രദ്ധ. രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം കമൽ എടുത്തു കഴിഞ്ഞു. രാഷ്ട്രീയത്തിലെത്തിയാൽ സിനിമയിൽ നിന്ന് പൂർണ്ണമായും വിട പറയുമെന്ന് കമൽ വ്യക്തമാക്കിയിരുന്നു. ഇതിനായി അവസാന സിനിമ എത്തുകയാണ്. കമലിന് വേണ്ടി ചിത്രമെടുക്കുന്നത് സൂപ്പർഹിറ്റ് സംവിധായകൻ ശങ്കറും.

കമൽ ഹാസന്റെ അവസാന ചിത്രമാകും ഇന്ത്യൻ 2 എന്നാണ് കരുതപ്പെടുന്നത്. അഴിമതിക്കെതിരെ മുഖം നോക്കാതെ ആഞ്ഞടിക്കുന്ന സേനാപതി എന്ന കഥാപാത്രമാണ് ഇന്ത്യനിലെ നായകൻ. അഴിമതി ചെയ്തത് സ്വന്തം മകനായാൽ പോലും പ്രതികരിക്കുന്ന നായകൻ. അങ്ങനെ രാഷ്ട്രീയത്തിലെ അരങ്ങേറ്റാൻ ഗംഭീരമാക്കാനാണ് നീക്കം.

ഇന്ത്യൻ എന്ന സൂപ്പർ ഹിറ്റ് ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ ഭാഗമായിട്ട് 20 വർഷം കഴിഞ്ഞു. ദേശീയ അവാർഡ് നേടി കൊടുത്ത സേനാപതി എന്ന കമലിന്റെ കഥാപാത്രം ഇന്നും വീര്യം ചോരാതെ ആരാധകരുടെ മനസ്സിലുണ്ട്. ഇന്ത്യനു വേണ്ടിയായിരുന്നു അവസാനമായി ശങ്കറും കമലും ഒന്നിച്ചത്. ഇരുവരുടെയും കരിയറിലെ നാഴികകല്ലായി ചിത്രം മാറുകയും ചെയ്തു. 20 വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായാണ് റിപ്പോർട്ട്.

കമലിന്റെ ബിഗ് ബോസ് വേദിയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 180 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ദിൽ രാജുവാണ്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേയ്ക്കും മൊഴിമാറ്റും. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ഇങ്ങനെയൊരു ചിത്രം കമൽ തിരഞ്ഞെടുത്തത് ബോധപൂർവ്വം ആണെന്നും രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനുള്ള മാർഗ്ഗമാണെന്നും നിരീക്ഷകർ പറയുന്നു.