ചെന്നൈ: ഹിന്ദുമുന്നണി യൂണിയൻ നേതാവും സൂഹൃത്തുക്കളും ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ദളിത് പെൺകുട്ടി നന്ദിനിക്ക് നീതി ആവശ്യപ്പെട്ട് തമിഴ് നാട്ടിൽ പ്രക്ഷോഭം ശക്തമാകുന്നു. ജസ്റ്റീസ് ഫോർ നന്ദിനി എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ നന്ദിനിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ആരംഭിച്ച പ്രചരണത്തിന് പിന്തുണയുമായി കഴിഞ്ഞിദിവസം പ്രമുഖ താരം കമൽ ഹാസനും എത്തി.

വിഷയത്തിൽ ഇടപെടാൻ വൈകിയതിൽ ക്ഷമ ചോദിച്ച് കൊണ്ടാണ് കമൽഹാസൻ ജസ്റ്റിസ് ഫോർ നന്ദിനി ക്യാമ്പയിനിൽ പങ്കുചേർന്നത്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഘ്പരിവാറിനെതിരെ രൂക്ഷവിമർശനമാണ് താരം നടത്തുന്നത്.

2016 ഡിസംബർ 26നാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഹിന്ദു മുന്നണി യൂണിയൻ സെക്രട്ടറി മണികണ്ഠനും സുഹൃത്തുക്കളായ തിരുമുരുഗൻ, മണിവന്നൻ, വെട്ടിവേലൻ എന്നിവർ, ഗർഭിണിയും 16കാരിയുമായ നന്ദിനിയെ തട്ടിക്കൊണ്ടുപോയി ബലാൽത്സംഗം ചെയ്തു കൊല്ലുകയായിരുന്നു. യുവതിയുടെ വയറ് കീറി ഭ്രൂണത്തെ പുറത്തെടുത്ത് കിണറ്റിൽ തള്ളുകയും ചെയ്തു. മണികണ്ഠനും നന്ദിനിയും തമ്മിൽ അടുപ്പത്തിലായിരുന്നു.

യുവതിയോട് ഗർഭം അലസിക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാത്തതിനാലാണ് ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപെടുത്തിയത്. കാണാതായ നന്ദിനിക്കുവേണ്ടി തിരച്ചിൽ നടക്കുന്നതിനിടെ ജനുവരി 14നാണ് അരിയല്ലൂർ പൊലീസ് നന്ദിനിയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇതിന് പിന്നാലെ, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടും കസ്റ്റഡിയിലെടുക്കൻ തയ്യാറാകാത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. മൂന്നു ദിവസങ്ങൾക്ക് ശേഷം പ്രതികളെ അറസ്റ്റു ചെയ്‌തെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായും ആരോപണം ഉയർന്നിരുന്നു.

തുടർന്നാണ് ദളിത് സംഘടനകളും യുവാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ കാലത്ത് തമിഴ്‌നാട്ടിൽ ജെല്ലിക്കട്ട് സമരം മാത്രം മാദ്ധ്യമങ്ങളിൽ മുഖ്യചർച്ചയായി മാറിയതോടെ നന്ദിനിയെന്ന പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകം വലിയ ജനശ്രദ്ധ നേടാതെ പോകുകയായിരുന്നു.

നന്ദനിക്ക് തീർച്ചയായും നീതി ലഭിക്കണമെന്നും കാവയോ ഖാദിയോ പച്ചയോ വെള്ളയോ ചുവപ്പോ കറുപ്പോ എന്നതൊന്നും വിഷയമല്ലെന്നും കമൽ ട്വിറ്ററിൽ കുറിച്ചു. കുറ്റകൃത്യത്തിന് ദൈവമല്ല കാരണമെന്നും ഞാൻ ആദ്യം മനുഷ്യനാണെന്നും രണ്ടാമതേ ഇന്ത്യൻ ആകുന്നുള്ളൂവെന്നും എഴുതിയ കമൽ വിഷയത്തിൽ ഇടപെടാൻ വൈകിയതിൽ ക്ഷമചോദിക്കുകയും ചെയ്തു.