ന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രണയ ജോഡികളാണ് കമൽ ഹാസ്സനും ശ്രീദേവിയും. നിരവധി സിനിമകളിൽ ഇരുവരും ഭാര്യാ ഭർത്താക്കന്മാരായും ദമ്പതികളായും അഭിനയിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താനും ശ്രീദേവിയും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് കമൽ ഹാസൻ.

തമിഴ് മാസികയായ ആനന്ദവികടനിലെഴുതിയ ലേഖനത്തിലാണ് കമൽ ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നെഴുതുന്നത്. 'ആ കാലങ്ങളിൽ കമിതാക്കളെയും ദമ്പതികളെയും ഞങ്ങളുമായാണ് താരതമ്യം ചെയ്യാറുണ്ടായിരുന്നത്. കാണാൻ ശ്രീദേവിയേയും കമലിനെയും പോലെയുണ്ടെന്ന് പറയും. പക്ഷെ ദൗർഭാഗ്യവശാൽ അവരുടെ സ്വപ്നങ്ങൾ നശിപ്പിക്കണ്ടല്ലോ എന്ന് കരുതി ഞങ്ങൾ സത്യം മറച്ചുവയ്ക്കുകയായിരുന്നു.

ശ്രീദേവി എനിക്ക് എന്റെ അനിയത്തിയെ പോലെ ആയിരുന്നു. ഞങ്ങളുടെ സിനിമകളെ സൂക്ഷ്മം നിരീക്ഷിച്ചാൽ മനസ്സിലാകും ഞങ്ങൾ നല്ല കൂടപ്പിറപ്പുകളായിരുന്നു എന്ന്. ശ്രീദേവിയുടെ അഭിനയത്തിൽ എന്റെ പ്രതിരൂപം പലപ്പോഴും കാണാൻ സാധിക്കും.

സിനിമയിലെ അണിയറ പ്രവർത്തകർക്കും ഞങ്ങളുമായി അടുപ്പമുള്ളവർക്കും ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാം. എന്നാൽ അത് മറ്റാരുമായി പങ്കുവയ്ക്കരുതെന്ന് അവർ പറഞ്ഞിരുന്നു.

ഒരുമിച്ച് മൂന്നു നാല് പടങ്ങൾ ചെയ്തു കഴിഞ്ഞപ്പോൾ വേറെ നായികയെ വേണമെന്ന് തനിക്കും വേറെ നായകനെ വേണമെന്ന് ശ്രീദേവിക്കും തോന്നിയിരുന്നെങ്കിലും നിർമ്മാതാക്കളോ സംവിധായകരോ തങ്ങളോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ തങ്ങൾ തന്നെ നായികാ-നായകന്മാർ എന്ന് തീരുമാനിക്കുകയാണ് പതിവെന്നും കമൽ ഹാസൻ പറയുന്നു.

ശ്രീദേവിയുടെ മരണവാർത്തയറിഞ്ഞ് പല മുതിർന്ന താരങ്ങളും തന്നെ വിളിച്ചു കരഞ്ഞിരുന്നുവെന്നും കമൽ എഴുതുന്നു. ശ്രീദേവിയെ കുറിച്ച് ഓർക്കുമ്പോൾ കണ്ണേ കലൈമാനെ എന്ന താരാട്ട് പാട്ടാണ് എന്റെ മനസ്സിലുള്ളതെന്നും കമൽ പറയുന്നു.