ചെന്നൈ: 'വിക്രം' സിനിമ ഭാഷകൾക്ക് അധീതമായി സിനിമ പ്രേമികൾ ഏറ്റെടുത്തതോടെ സംവിധായകൻ ലോകേഷ് കനകരാജിന് വിലപിടിപ്പുള്ള ഒരു സമ്മാനം നൽകി ആദരിച്ചിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. ടൊയോട്ടയുടെ പ്രീമിയം ബ്രാന്റായ ലക്‌സസിന്റെ ഒരു ആഡംബര കാറാണ് കമൽ തന്റെ പ്രിയ സംവിധായകന് സമ്മാനിച്ചത്.

കാറിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ലോകേഷ് കനകരാജിനോട് തനിക്കുള്ള സ്‌നേഹവും നന്ദിയും അറിയിച്ചുകൊണ്ട് കമൽ സ്വന്തം കൈപ്പടയിലെഴുതി തനിക്കയച്ച കത്ത് സംവിധായകൻ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

ലെക്സസിന്റെ 2.5 കോടി രൂപ വില വരുന്ന ആഡംബര വാഹനമാണ് കമൽ ഹാസൽ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഏത് മോഡലാണെന്ന് വ്യക്തമല്ല. കമൽ ഹാസൻ തന്നെയാണ് വാഹനം കൈമാറുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രം അദ്ദേഹത്തിന്റെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ജൂൺ മൂന്നിന് തീയേറ്ററുകളിലെത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളിൽ 100 കോടി രൂപ കളക്ഷൻ നേടിയിരുന്നു. കേരളത്തിൽനിന്ന് മാത്രം ഇതിനകം 10 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യദിനം ചിത്രം നേടിയത് 34 കോടി രൂപയാണ്. കമൽഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് 'വിക്രം'. അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

റിലീസിന് മുൻപേ സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശം എന്നിവ വിറ്റ വകയിൽ 200 കോടിയാണ് 'വിക്രം' നേടിയത്. ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കാൻ കടുത്ത മത്സരമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കമൽ ഹാസന്റെ രാജ് കമൽ ഇന്റർ നാഷ്ണലും സൺ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, അതിഥിവേഷത്തിലെത്തിയ സൂര്യ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

ലോകേഷിന് കമൽ ഹാസൻ അയച്ച കത്ത്

വിശപ്പുള്ളവനാകുക, നിന്റെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും. പ്രിയപ്പെട്ട ലോകേഷ്, പേരിന് മുമ്പിൽ ഞാൻ ശ്രീ എന്ന് ചേർക്കാതിരുന്നത് ബോധപൂർവമാണ്. ഇത് നമ്മൾ തമ്മിലുള്ള വ്യക്തിപരമായ സംഭാഷണമായതുകൊണ്ട് കനകരാജിന് (ലോകേഷിന്റെ അച്ഛൻ) അങ്ങയുടെ മേലുള്ള അവകാശം അദ്ദേഹത്തോട് ചോദിക്കാതെ ഞാൻ എടുക്കുകയാണ്. എന്നിരുന്നാലും പൊതുസമൂഹത്തിൽ അങ്ങയുടെ പദവിയോടുള്ള ആദരവ് എന്നത്തേയും പോലെ തുടരും.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥരായ ആരാധകർക്കായുള്ള എന്റെ വ്യക്തിപരമായ ആഗ്രഹത്തെ അത്യാഗ്രഹം എന്നാണ് മുൻകാലങ്ങളിൽ നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ എന്റെ ആരാധകരിൽ പ്രധാനിയായ ഒരാളെ ഉന്നതനായ പ്രതിഭയായിക്കൂടി കാണാനാകുന്നത് ആഗ്രഹങ്ങൾക്കും അപ്പുറമാണ്.

'നിങ്ങളെ സ്തുതിക്കാൻ വാക്കുകൾ കിട്ടുന്നില്ല' എന്നാരെങ്കിലും പറഞ്ഞാൽ, അത് ഞാൻ ആണെങ്കിൽക്കൂടി വിശ്വസിക്കരുത്. കാരണം യുട്യൂബ് ഒന്ന് നോക്കിയാൽ അങ്ങയെ എങ്ങനെ പ്രശംസിക്കണം എന്ന വാക്കുകളുടെ ഒരു നിഘണ്ടു തന്നെ കിട്ടും. ആ സ്തുതിപുഷ്പമാലയിലെ വാക്കുകൾ ആർക്കും ഉപയോഗിക്കാമല്ലോ.. ഈ വിധം ഇനിയും തുടരാൻ ആശംസകൾ. അക്ഷീണനായിരിക്കുക, ഉണർന്നിരിക്കുക, വിശപ്പുള്ളവനാകുക. അങ്ങയുടെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും.

നിങ്ങളുടെ ഞാൻ, കമൽ ഹാസൻ