ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്കും ജനങ്ങൾക്കും നൽകാൻ പാർട്ടി ഒരു സന്തോഷ വാർത്ത കരുതിവച്ചിരുന്നു; ഉലകനായകൻ കമൽഹാസൻ സമ്മേളനത്തിൽ അതിഥിയായി എത്തുമെന്നത്. പക്ഷേ, ഇപ്പോൾ കമലിനെ കൊണ്ടുവരാനുള്ള അവസാനവട്ടശ്രമവും പരാജയപ്പെട്ടുവെന്നാണ് സൂചന. ഇതോടെ പാർട്ടിപ്രവർത്തകർക്കും ജനങ്ങൾക്കും നൽകാൻ സിപിഐ- എം കരുതിവച്ച ഒരു 'സർപ്രൈസ് ' പൊളിയുകയാണ്.

ഉദ്ഘാടന സമ്മേളനത്തിനോ സമാപന സമ്മേളത്തിനോ കമൽഹാസനെ പങ്കെടുപ്പിക്കാനായിരുന്നു നീക്കം. ഇക്കാര്യം എം. എ ബേബി, പി രാജീവ് എം പി തുടങ്ങിയവർ കമലിനോട് ചർച്ച ചെയ്യുകയും ചെയ്തു. വരാമെന്നും വരില്ലെന്നും കമൽ ഉറപ്പിച്ചു പറയാത്തതിനാലാണ് ഇക്കാര്യം പാർട്ടി പുറത്തുപറയാതിരുന്നത്. എന്നാൽ സമ്മേളനത്തിനു നാളെ കൊടി ഉയരുന്നതോടെ എന്തായാലും അക്കാര്യത്തിൽ ഇന്നൊരു തീരുമാനമാകും.

തന്റെ പുതിയ ചിത്രമായ വിശ്വരൂപം 2 -ന്റെ പ്രീ പ്രൊഡക്ഷൻ, പ്രചരണം തുടങ്ങിയ പരിപാടികൾ ബാക്കിയുള്ളതിനാൽ തനിക്ക് അമേരിക്കയിൽ പോകേണ്ടതുണ്ട് എന്ന കാരണം പറഞ്ഞാണ് കമൽ ഒഴിവായതെന്നറിയുന്നു. കൂടാതെ ജിത്തു ജോസഫിന്റെ ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശം, കമൽഹാസന്റെ അടുത്ത ചിത്രമായ വാമഭാഗം എന്നിവയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
തന്റെ തിരക്കിനെക്കുറിച്ച് കമൽ മുമ്പുതന്നെ സിപിഐ(എം) നേതാക്കളോട് സൂചിപ്പിച്ചിരുന്നതാണ്. കേരളത്തിൽ ഇതുപോലൊരു പരിപാടിയിൽ അതും ലക്ഷക്കണക്കിാളുകൾ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കമലിനും താൽപര്യമുണ്ടായിരുന്നുവെന്നാണ് വിവരം.

പൊതുവേ ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കമൽഹാസൻ ആലപ്പുഴയിൽ നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു. കമൽഹാസൻ പണ്ടേ പറഞ്ഞതാണ് തനിക്ക് ഇടതുപക്ഷത്തോടാണ് ഇഷ്ടമെന്ന്. തനിക്ക് ഏറെ ഇഷ്ടമുള്ള നേതാവ് ഇ എം എസ് ആണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കമൽഹാസന്റെ ഇഷ്ട നാടായ ആലപ്പുഴയിൽ ആയതുകൊണ്ട് അദ്ദേഹം ഇത്തവണ എത്തുമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. അദ്ദേഹത്തിന്റെ വരവ് സമ്മേളനത്തിനുള്ള ജനപ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്നും സിപിഐ(എം) കരുതിയിരുന്നു.