തിരുവനന്തപുരം: തമിഴ്‌നാട്ടിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ സിനിമാ രംഗത്തെ പ്രമുഖർ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കാനിരിക്കയാണ്. രജനീകാന്ത് താൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, കമൽഹാസനും താൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചനകൾ നൽകി. ഇതിനിടെയാണ് ഉലകനായകൻ കമൽഹാസൻ, കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയത്. കമലിന്റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നുമാണ് അറിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ്ഹൗസിലെത്തി കണ്ട കമൽ അദ്ദേഹത്തിനൊപ്പം ഓണസദ്യയും കഴിച്ചു. മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാനാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും കേരളത്തിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയെന്ന് കമൽഹാസൻ സ്ഥിരീകരിച്ചു.

സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് എത്തണം എന്ന് ആഗ്രഹിച്ചിരുന്നതായും തനിക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് അതെന്നും കമൽ പറഞ്ഞു. ഗ്രേറ്റ് സർക്കാർ എന്നാണ് കമൽഹാസൻ പിണറായി സർക്കാരിനെ വിശേഷിപ്പിച്ചത്. കേരളത്തിലേക്കുള്ള ഓരോ യാത്രയും തനിക്ക് പഠനയാത്രകളാണെന്നും മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാൻ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി തങ്കവേലിൽ നടന്ന ഒരു വിവാഹസത്കാര വേദിയിൽ വെച്ച് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയതയായി ആരാധകരോടായി കമൽഹാസനന്റെ പ്രഖ്യാപിച്ചിരുന്നു. ഇത് വെറും വിവാഹച്ചടങ്ങ് മാത്രമല്ല, ഉദ്ഘാടന ചടങ്ങ് കൂടിയാണ് എന്ന് പറഞ്ഞുക്കൊണ്ടായിരുന്നു രാഷ്ട്രീയ പ്രവേശനം തുടങ്ങിയതായുള്ള പരോക്ഷ പ്രഖ്യാപനം. എവിടെ നിന്നെങ്കിലും രാഷ്ട്രീയ യാത്ര തുടങ്ങണം. കോയമ്പത്തൂരിൽ നിന്നായായും ട്വിറ്ററിൽ നിന്നായാലും അത് തുടങ്ങണമെന്നായിരുന്നു കമൽഹാസന്റെ പരാമർശം.

തമിഴ്‌നാട് സർക്കാരിനെ ചോദ്യം ചെയ്യുന്നത് തുടരണമെന്നും ആരാധകരോട് കമൽഹാസൻ അഭ്യർത്ഥിച്ചു. രാഷ്ട്രീയ മാറ്റങ്ങൾക്കുള്ള സമയമാണിത്. മാറ്റങ്ങൾക്കായുള്ള പോരാട്ടം തുടരണം. മുന്നിൽ നിന്ന് നയിക്കാൻ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് എന്റെ നേതൃത്വം സ്വീകരിക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ എന്നായിരുന്നു ഉലകനായകന്റെ മറുചോദ്യം.

ശരിയായ സമയത്ത് സെൻ ജോർജ് ഫോർട്ടിലേക്കുള്ള (നിയമസഭ സ്ഥിതിചെയ്യുന്ന സ്ഥലം)യാത്ര തുടങ്ങും. കവർച്ചക്കാരെ കൈക്കൂലിനൽകി വോട്ട് വാങ്ങി അധികാരത്തിലെത്താൻ അനുവദിച്ചു. അത് നിങ്ങൾ ചെയ്ത തെറ്റാണ്. അത് മാറ്റി മറിക്കണം- അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സർക്കാരിനെതിരേ ആഞ്ഞടിച്ച് അടുത്തിടെ കമൽ നിരവധി തവണ രംഗത്തെത്തിയിരുന്നു. പളനിസാമി സർക്കാരിൽ അഴിമതി സർവ്വവ്യാപിയാണെന്നും മറ്റ് പാർട്ടികൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമൽ ചോദിച്ചിരുന്നു. അഴിമതിയിൽ നിന്ന് മോചിപ്പിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന് കാത്തിരിക്കാനായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്റെ ആഹ്വാനം.

നേരത്തെ മുതൽ താൻ കമ്മ്യൂണിസ്റ്റുകാരനാണ് എന്നാണ് കമൽ ഹാസൻ അഭിപ്രായപ്പെട്ടിരുന്നത്. ഇടതുരാഷ്ട്രീയത്തെ പിന്തുണക്കാനും അദ്ദേഹം മറന്നിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കമൽ കേരള മുഖ്യമന്ത്രിയെ കണ്ടതും.