ല്ല കഥാപാത്രങ്ങൾ ലഭിക്കാൻ മലയാളസിനിമയിലെ മഹാനടന്മാർ അവരുടെ നിലപാടുകളിൽ മാറ്റം വരുത്തണമെന്ന് സംവിധായകൻ കമൽ. സൂപ്പർതാരങ്ങൾ എന്ന നിലയിൽ ഫാൻസ് അസോസിയേഷന്റെ നിലപാടുകളെയും ആവശ്യങ്ങളെയും മാത്രം അംഗീകരിച്ച് പോയാൽ മികച്ച സിനിമകളും കഥാപാത്രങ്ങളും ഉണ്ടാകണമെന്നില്ല. റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമൽ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിലപാടുകൾ ഉദാഹരിച്ചുകൊണ്ടാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടിയോട് ഒരു സിനിമയുടെ കാര്യം പറഞ്ഞാൽ അദ്ദേഹം ആദ്യം തന്നെ പ്രായത്തിന്റെ കാര്യം വ്യക്തമാക്കും. തനിക്കൊരു സ്‌ക്രീൻ ഏജ് ഉണ്ട്. അത് 35-40 വയസ്സാണ്. തന്റെ ഫാൻസ് ആവശ്യപ്പെടുന്ന കഥാപാത്രത്തിന്റെ പ്രായം അതാണ്. ആ നിലയ്ക്ക് അത്തരം കഥാപാത്രങ്ങളാണ് വേണ്ടത്. എല്ലാം പറഞ്ഞ് ഫാൻസിന്റെ ഇഷ്ടത്തിനനുസരിച്ച് ഉള്ള മാറ്റങ്ങൾ നിർദ്ദേശിക്കും. ഈ നിലപാട് മാറണം. എന്നാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകുകയുള്ളൂ. മോഹൻലാലിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. 

ഇനി ഇവർ പറയും പോലെ ഫാൻസുകാരുടെ ആവശ്യം അതാണെന്ന് വയ്ക്കുക. ഫാൻസുകാർ ഈ താരങ്ങളുടെ എല്ലാ ചിത്രങ്ങളും എത്രമാത്രം വിജയിപ്പിക്കുന്നു എന്ന് നോക്കിയാൽമതി. തട്ടുപൊളിപ്പൻ ഹീറോയിസമുള്ള വിജയസാധ്യതയുള്ള സിനിമകൾ മാത്രമല്ലേ, ഫാൻസുകാർ ഏറ്റെടുക്കുന്നുള്ളൂ. മമ്മൂട്ടിയുടെ രാജമാണിക്യം ഏറ്റെടുക്കുന്ന ഫാൻസുകാർ അതേ സമയത്തിറങ്ങിയ അദ്ദേഹത്തിന്റെ ഒരേ കടൽ വിജയിപ്പിക്കാത്തതെന്തുകൊണ്ട്. മോഹൻലാലിന്റെ ഏതെങ്കിലും അമാനുഷ സിനിമകൾ വിജയിപ്പിക്കുന്നവർ അദ്ദേഹത്തിന്റെ പരദേശി ഏറ്റെടുക്കുമോ. അതുകൊണ്ട് ഫാൻസിനും ചില താൽപര്യങ്ങളുണ്ട്. അത് മനസ്സിലാക്കി നല്ല സിനിമയ്ക്ക് വേണ്ടി സൂപ്പർതാരങ്ങൾ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. -കമൽ വിശദീകരിച്ചു.

പുതുതലമുറയ്ക്ക രാഷ്ട്രീയ ബോധം കുറവായതുകൊണ്ടാണ് സിനിമകളിലും രാഷ്ട്രീയം കുറഞ്ഞുവരുന്നതെന്നും കമൽപറഞ്ഞു. പ്രേമം പോലെയുള്ള സിനിമകളുടെ വിഷയം അതിന്റെ സംവിധായകർക്ക് വലിയ പ്രധാന്യമുള്ളതാകാം. എന്നാൽ എനിക്ക് ഇക്കാലത്ത് അതൊരു വിഷയമേയല്ല. നിറം, നമ്മൾ തുടങ്ങി നിരവധി സിനിമകളിലൂടെ അത്തരം വിഷയങ്ങൾ ഞാൻ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് ഇനിയുള്ള കാലം ഒരു ക്യാമ്പസ് സിനിമ ഞാൻ ചെയ്യുകയില്ല. രാഷ്ട്രീയസാമൂഹ്യസാഹചര്യങ്ങളിൽ അനിവാര്യമായ വിഷയങ്ങളെ തെരഞ്ഞെടുത്ത്് അവതരിപ്പിക്കാനാണ് താ്ൻ ഇനി ശ്രമിക്കുകയെന്നും കമൽവിശദീകരിച്ചു.

സുരേഷ്‌ഗോപിയുടെ രാഷ്ട്രീയം എനിക്ക് വ്യക്തിപരമായി അംഗീകരിക്കാൻ കഴിയില്ലെന്നും കമൽപറഞ്ഞു. രാഷ്ട്രീയം ഉണ്ടാകുക എന്നത് ഒരു വിജോയിപ്പിനുള്ള കാരണമല്ല. എന്നാൽ കൃത്യമായ നിലപാടുണ്ടാകണം. ഒരിടത്ത് ഉറച്ചുനിൽക്കണം. മുരളിക്കുണ്ടായിരുന്നില്ലേ രാഷ്ട്രീയം. അദ്ദേഹം തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോഴാണ് സിനിമയിൽ ഏറ്റവും കൂടുതൽ മാർക്കറ്റുണ്ടായിരുന്നത്. വി എം സുധീരനോട് അദ്ദേഹം തോറ്റകാലത്തും അതിന് ശേഷവും അദ്ദേഹത്തിന് മികച്ച സിനിമകൾ ലഭിച്ചു. എന്നാൽ സുരേഷ്‌ഗോപിയുടെ കാര്യം അങ്ങനെയല്ല. സുരേഷ്‌ഗോപിയുടെ നിലപാടുകൾ പ്രശ്‌നമാണ്.

നരേന്ദ്ര മോദിയെ പ്രീണിപ്പിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമം തന്നെ നോക്കൂ. ഇന്ത്യയിൽ വികസനം കൊണ്ടുവന്നാൽ നരേന്ദ്ര മോദിയുടെ അടിമയാകും എന്ന് മോദി ഇന്ത്യൻപ്രധാനമന്ത്രിയാകും മുമ്പേ പ്രഖ്യാപിച്ചു. അത്തരത്തിൽ മറ്റുപലകാര്യങ്ങളിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ചും രാജ്യത്ത് പ്രത്യേക മതവിഭാഗത്തിൽ പെട്ട ഒരു രാഷ്ട്രീയപാർട്ടി അധികാരത്തിലേറിയതിന് ശേഷമുള്ള ഇത്തരമൊരു സാഹചര്യത്തിൽ ഒരുകലാകാരൻ ഇടപെട്ടുകൂടാത്ത രീതിയിലാണ് സുരേഷ്‌ഗോപി കാര്യങ്ങളിൽ ഇടപെടുന്നത്. അതുകൊണ്ടാണ് ഞാൻ വ്യക്തിപരമായി അതിനോട് യോജിക്കുന്നില്ലെന്ന് പറഞ്ഞത്.

അതേ സമയം സുരേഷ്‌ഗോപിയെ പോലുള്ള ഒരുതാരത്തെ പൊലിപ്പിക്കുന്ന സിനിമകളൊന്നും ചെയ്യുന്ന ആളല്ല ഞാൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകൾ വിജയിക്കുന്നില്ലെന്ന കാര്യത്തിൽ ഏതെങ്കിലും വിധത്തിൽ നിരീക്ഷണം നടത്താൻ കഴിയില്ല. എന്നാൽ സുരേഷ്‌ഗോപിയിൽ നിന്ന വ്യത്യസ്തമായി ഇന്നസെന്റിന്റെ നിലപാടുകളോട് യോജിപ്പാണ് കമൽ പ്രകടിപ്പിച്ചത്. ഇന്നസെന്റ് കൃത്യമായി ഒരു ഇടതുപക്ഷരാഷ്ട്രീയ പാർട്ടിയോട് ചേർന്ന് നിൽക്കുകയും തെരഞ്ഞെടുപ്പിൽ മൽസരിക്കുകയുമാണ് ചെയ്തത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാവുന്ന സാഹചര്യം നിലവിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷനിലപാടുള്ളയാളാണ എന്നതുകൊണ്ട് പല തെരഞ്ഞെടുപ്പുകളിലും മൽസരിക്കുന്നുവെന്ന വിധത്തിൽ തന്റെ പേര് ഉയർന്നുവരാറുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെങ്കിൽ കലാപ്രവർത്തനം അവസാനിപ്പിച്ചുകൊണ്ട് പൂർണസമയം ഇടപെടുന്ന വിധത്തിലേക്ക് താൻ മാറണം. നിലവിലെ സാഹചര്യത്തിൽ അതിന് കഴിയില്ലെന്നും അങ്ങനെ വരികയാണെങ്കിൽ അപ്പോൾ ആലോചിക്കാമെന്നുമാണ് കമൽവ്യക്തമാക്കിയത്.