തിരുവനന്തപുരം: ഇത്രയുമേയുള്ളൂ മനോരമ. തലയ്ക്കു വെളിവില്ലാത്ത കുറച്ചു സദാചാരവാദികൾ പരാതി പറഞ്ഞാൽ മതി, അപ്പോൾത്തന്നെ വിവാദമുണ്ടാക്കുന്ന കാര്യം തങ്ങളുടെ പ്രസിദ്ധീകരണത്തിൽനിന്ന് പിൻവലിച്ചിരിക്കും. ഭാഷാപോഷിണി കവർചിത്രത്തിൽനിന്ന് ടോം വട്ടക്കുഴിയുടെ വിവാദ പെയിന്റിങ് പിൻവലിച്ചതിനു പിന്നാലെ കമാലിനി മുഖർജിയെ ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് തുണിയുടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ മനോരമ.

അടുത്തിടെ നടന്ന വനിതാ അവാർഡ് ദാന വേളയിൽ കമാലിനി മുഖർജി ധരിച്ച വേഷത്തെച്ചൊല്ലി സദാചാര വാദികൾ സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളിയിരുന്നു. കമാലിനിയുടെ ഫ്രോക്കിന്റെ കഴുത്തിന് ഇറക്കം കുറഞ്ഞുപോയതാണ് കാരമം. കുളിക്കുന്നതിനിടെ ഓടിവന്നതാണോ, ഭർത്താവിനെ കാണിക്കേണ്ടത് നാട്ടുകാരെ കാണിക്കണോ, ബാക്കിയുടുപ്പ് പുലിമുരുഗനിലെ പുലി കടിച്ചു തിന്നോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.

എന്തിന്റെ പേരിലായാലും സർക്കുലേഷൻ നിലനിർത്തുകയെന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന മനോരമ സദാചരാവാദികളുടെ പരാതി ശ്രദ്ധിച്ചു കേട്ടു. കമാലിനി മുഖർജി അവാർഡ് നിശയിൽ സംസാരിച്ചതിനെക്കുറിച്ച് മനോരമ ഓൺലൈനിലും വനിതയിലും റിപ്പോർട്ട് ചെയ്തപ്പോൾ നല്കിയ ഫോട്ടോയിൽ നഗ്നത ഫോട്ടോഷോപ്പ് ഉപയോഗിച്ച് മറച്ചു. നേരത്തേ ഭാഷാപോഷിണിയിൽ ടോം വട്ടക്കുഴി വരച്ച പെയിന്റിങ് വിവാദമായതിനെത്തുടർന്ന് പിൻവലിച്ചിരുന്നു.

വനിത ഫിലിം അവാർഡ് 2017 ൽ പങ്കെടുക്കാനെത്തിയ കമാലിനി മുഖർജിയെ വനിതയുടെ ഫേസ്‌ബുക് പേജ് ലൈവായി കാണിച്ചിരുന്നു. കറുത്ത ഒരു ഗൗൺ അണിഞ്ഞാണ് കമാലിനി വനിത ഫിലിം അവാർഡിൽ പങ്കെടുക്കാനെത്തിയത്. ഫേസ്‌ബുക്ക് ലൈവിലും അങ്ങനെ തന്നെ. ഇത് കണ്ടപ്പോളാണ് സദാചാരവാദികൾക്കു കുരുപൊട്ടിയത്.

ഇതെന്താ ഫാഷൻ ടിവി ആണോ എന്നായിരുന്നു ചിലരുടെ സംശയം. ഓരോരോ ദുരന്തങ്ങളെന്ന് വിളിച്ചവരും കുറവല്ല. കമാലിനിയുടെ അൽപം വസ്ത്രം കണ്ട് ചൊടിച്ചവർ പറയാത്തതില്ല. ദരിദ്രയാണ്... തുണിക്ക് വകയില്ലെന്നൊക്കെയാണ് ചിലരുടെ പരിഹാസം. നല്ല ഒരു ഡ്രസ്സ് ഇടാമായിരുന്നു എന്ന് ഉപദേശിക്കുന്നവരും ഉണ്ട്.

ഇവൾക്ക് മര്യാദയ്ക്ക് തുണിയുടുത്തൂടെ എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. എഫ് ടിവിയൊക്കെ എന്ത്... കഷ്ടം തന്നെ എന്ന് കമന്റ് ചെയ്തവരും ഉണ്ട്. ഫേസ്‌ബുക്ക് ലൈവിലെ വീഡിയോ മുഴുവൻ കണ്ടതിന് ശേഷമാണ് ഈ ആക്രോശങ്ങളെല്ലാം. ചിലർ അശ്ലീലം പറഞ്ഞാണ് അധിക്ഷേപിക്കുന്നതെങ്കിൽ മറ്റ് ചിലർ പരിഹാസം കൊണ്ടാണ്.

ആരെങ്കിലും അവൾക്ക് ഒരു ഷർട്ട് ഇട്ട് കൊടുക്ക്, തുണി തന്നെ വേണ്ട, ഇവളൊന്നും ഇവിടെ ജനിക്കേണ്ടവളല്ല, മലയാളം പീസ് കണ്ട ഫീലിങ്.... ഇങ്ങനെ പോകുന്നു കമന്റുകൾ. ഇതൊക്കെ സ്വന്തം ഭർത്താവിനെ കാണിച്ചാൽ പോരെ എന്നാണ് മറ്റൊരാളുടെ ഉപദേശം. വസ്ത്രം മറയ്ക്കാനുള്ളതാണ്, പുറത്ത് കാണിക്കാനുള്ളതല്ലെന്ന് മറ്റൊരാളുടെ ഉപദേശം. കുളിച്ചുകൊണ്ടിരുന്നപ്പോൾ ഇറങ്ങി ഓടി വന്നതാണോ എന്നാണ് മറ്റൊരാളുടെ പരിഹാസം. പച്ചത്തെറി വിളിച്ചവരുമുണ്ട്.

വസ്ത്രധാരണം ഓരോരുത്തരുടേയും സ്വാതന്ത്ര്യം ആണ്. അതിൽ കയറി ഇങ്ങനെ തെറിവിളിക്കുന്നവർ സദാചാര ഊളകളാണെന്നാണ് ഒരാൾ കമന്റ് ചെയ്തിട്ടുള്ളത്. ലോകം കാണാത്തവരാണ് ഇത്തരത്തിൽ ആഭാസ കമന്റുകളുമായി വരുന്നത് എന്ന് പറയുന്നവരും ഉണ്ട്.