ടി പാർവ്വതി കസബ എന്ന ചിത്രത്തെ വിമർശിച്ചതിന്റെ പേരിലുണ്ടായ കോലാഹലങ്ങൾ അടങ്ങിവരുന്നതിന് പിന്നാലെ പുതിയ വിവാദ പരാമർശവുമായി സംവിധായകൻ കമൽ.ബിഗ് ബിയിലെ കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് തെറ്റായ സന്ദേശം ജനങ്ങൾക്കു നൽകുമെന്നാണ് കമൽ കഴിഞ്ഞദിവസം പൊതുവേദിയിൽ പറഞ്ഞതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഫോർട്ടുകൊച്ചിയിലെ ഇസ്്‌ലാമിക് ഹെറിട്ടേജ് സെന്റർ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി കമൽ എത്തിയപ്പോഴായിരുന്നു ഈ വിവാദ പരാമർശം.ബിഗ് ബി എന്ന ചിത്രത്തിൽ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് കമൽ ആരോപിക്കുന്നത്. 'കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, പക്ഷേ ബിലാല് പഴയ ബിലാൽ തന്നെയാണ്' എന്നാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ബിലാൽ പറയുന്നത്.

ഈ ഡയലോഗിനോട് തീർത്തും വിയോജിക്കുന്ന ആളാണ് താനെന്ന് കമൽ പറയുന്നു. 'കൊച്ചി പഴയ കൊച്ചി ആണ്. കൊച്ചി പഴയ കൊച്ചി അല്ലെന്ന് സിനിമയിലൂടെ പറയുമ്പോൾ അത് പുതിയ തലമുറയ്ക്ക് നൽകുന്നത് തെറ്റായ ധാരണയാണ്'. - കമൽ പറഞ്ഞു.

എന്നാൽ കമലിന്റെ പരാമർശത്തിന് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉണ്ണി ആറും രംഗത്തെത്തി. കൊച്ചി മാത്രമല്ല, സിനിമയും പഴയതല്ല എന്നാണ് ബിഗ് ബിയുടെ സംഭാഷണങ്ങൾ എഴുതിയ ഉണ്ണി പറഞ്ഞത്.

കൊച്ചി പഴയ കൊച്ചിയല്ല എന്ന സിനിമ ഡയലോഗ് എങ്ങനെയാണ് എന്തിനാണ് താങ്കളെ ചൊടിപ്പിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. കൊച്ചിയെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നുവെന്നോ? താങ്കൾ സിനിമയിൽ സന്ദേശം വേണമെന്ന് കരുതുന്ന തലമുറയിൽപ്പെട്ടയാളാണല്ലേ? എങ്കിൽ ഒന്നുകൂടി പറയാം കമൽ സർ, കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ല. ഒരുപാട് മാറി, മുന്നോട്ട് പോയി; ഉണ്ണി ആർ എഴുതിയ കുറിപ്പിൽ പറയുന്നു.

കൊച്ചി മാത്രമല്ല കാലവും പഴയ കാലമല്ലെന്ന് ഓർമിപ്പിക്കുന്ന ഉണ്ണി, നമ്മുടെ രാജ്യവും പഴയ രാജ്യമല്ലെന്നും കമൽ എന്ന സംവിധായകൻ കമാലുദ്ദീൻ ആയി പെട്ടെന്ന് മാറിപ്പോയതിന്റെ ഭയപ്പെടുത്തുന്ന വൈരുദ്ധ്യത്തെ താങ്കൾ തിരിച്ചറിഞ്ഞു കാണുമല്ലോ എന്നും ചോദിക്കുന്നു. പഴയതെല്ലാം അതേപടി നിലനിർത്തണമെന്ന് വാദിക്കുന്നവരുടെ, മാറ്റങ്ങളെ അംഗീകരിക്കാൻ കഴിയാത്തവരുടെ ഭരണം. ബഹുസ്വരതയെ മനസിലാവാത്തവരുടെ ഭരണം. ഇസ്ലാമിക് ഹെറിറ്റേജിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള ഒരു പരിപാടിയിൽ പങ്കെടുത്തിട്ടാണ് താങ്കൾ ഇങ്ങനെയൊരു പരാമർശം നടത്തിയത് എന്നതും വിചിത്രമാണ്; ഉണ്ണി ആർ പറയുന്നു.

ആ ഡയലോഗ് സിനിമയിൽ നിന്നും പുറപ്പെട്ട് എവിടെയൊക്കെ എത്തിപ്പെട്ടെന്ന് താങ്കൾക്ക് മനസിലായിട്ടുണ്ടോ? മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കാൻ, പോസ്റ്റുകളായും ക്യാംപെയ്ൻ ക്യാപ്ഷനുകളായും സംസാരങ്ങളിലെ രസങ്ങളായുമൊക്കെ തലമുറഭേദമോ ലിംഗഭേദമോ കൂടാതെ ആളുകൾ ഏറ്റെടുത്ത ഒരു വാചകമാണത്. അതും പുരോഗമാനാത്മകമായിത്തന്നെ. അത് സിനിമയിലെ ഒരു ഗുണപാഠ സന്ദേശ വാക്യമായി ഒതുങ്ങിയില്ല എന്നതു തന്നെയാണ് അതിന്റെ വിജയവും. കൊച്ചിയെക്കുറിച്ച് ഓർമിച്ച് പറയാൻ താങ്കൾക്കു പോലും മറ്റൊരു വാചകം കിട്ടിയില്ലല്ലോ എന്നതാണ് എന്റെ അതിശയം; ഉണ്ണിയുടെ വാക്കുകൾ.

കൊച്ചിക്ക് പല മുഖങ്ങളുണ്ടെന്നും അത് ഗ്രാമഫോൺ സംഗീതം മാത്രമല്ലെന്നും ഉണ്ണി കമലിന്റെ വാക്കുകളെ പരോക്ഷമായി എതിർത്തുകൊണ്ട് പറയുന്നു. ഒരു മുഖമേ കൊച്ചിക്കുള്ളൂ എന്ന് വാശിപിടിച്ചാൽ നമ്മളൊക്കെ ആഗ്രഹിക്കുന്ന ബഹുസ്വരത ഇല്ലാതാവും. മലയാള സിനിമയിൽ സമൂഹ്യ വിരുദ്ധവും അരാഷ്ട്രീയവുമായ ഡയലോഗുകൾ ഉണ്ട് എന്ന് പറയുകയായിരുന്നു താങ്കളുടെ ഉദ്ദേശമെങ്കിൽ അത് പറയണമായിരുന്നു. പക്ഷേ, അതിനുവേണ്ടി താങ്കൾ തെരഞ്ഞെടുത്ത ഡയലോഗ് മാറിപ്പോയെന്ന് സ്‌നേഹപൂർവം വിമർശിക്കട്ടെയെന്നും കുറിപ്പ് പൂർത്തിയാക്കി കൊണ്ട് ഉണ്ണി ആർ കമലിനെ ഓർമ്മിപ്പിക്കുന്നു. ' ആ ഡയലോഗ് എഴുതിയ ഉണ്ണി ആർ എന്ന് സംഭോധന ചെയ്താണ് ഉണ്ണി ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിൽ സംഘടിപ്പിച്ച ഇസ്ലാമിക് ഹെറിറ്റേജ് സെന്ററിന്റെ ഉത്ഘാടന ചടങ്ങിൽവച്ചായിരുന്നു കമൽ മമ്മൂട്ടി ചിത്രത്തിലെ സംഭാഷണത്തിനെ സംസാരിച്ചത്. 'കൊച്ചി പഴയ കൊച്ചി തന്നെയാണ്. ഗ്രാമഫോൺ എന്ന ചിത്രം മട്ടാഞ്ചേരിയിൽ ചിത്രീകരിച്ചപ്പോൾ പലരും നിരുത്സാഹപ്പെടുത്തി. എന്നാൽ മട്ടാഞ്ചേരിക്കാർ തന്നോട് പൂർണമായി സഹകരിച്ചു. കൊച്ചിയെ ക്വട്ടേഷൻകാരുടെ നാട് അല്ലാതെ ചിത്രീകരിച്ച ചുരുക്കം സിനിമകളിലൊന്നാണ് ഇതെന്നാണ് പിന്നീട് ചില സുഹൃത്തുക്കൾ ഗ്രാമഫോണിനെ കുറിച്ച് പറഞ്ഞതെന്നും കമൽ അഭിപ്രായപ്പെട്ടു