- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ബിജെപിക്ക് ഫണ്ട് നൽകിയതിനൊപ്പം വിജയാശംസയുമായി മുസ്ലിംലീഗ് വനിതാ നേതാവ്; മോദിയും കൂട്ടരും ജനങ്ങൾക്ക് വേണ്ടി ഒട്ടേറെ ചെയ്യുന്നുവെന്നും പ്രശംസ; ഖമറുന്നിസ അൻവറിന്റെ നടപടിയിൽ ഞെട്ടി ലീഗ് നേതൃത്വം; വനിതാ ലീഗ് അധ്യക്ഷയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും
മലപ്പുറം: ബിജെപിക്ക് വിജയാശംസ നേർന്ന വനിതാ ലീഗ് അധ്യക്ഷ ഖമറുന്നിസ അൻവറിന്റെ പ്രസ്താതാവന വിവാദമായതോടെ തിരുത്താൻ ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കൾ. ഖമറുന്നിസയുടെ നിലപാട് അണികൾക്കിടയിൽ ശക്തമായ അമർഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് നേതാക്കൾ ഖമറുന്നിസയെ ബന്ധപ്പെട്ട് തിരുത്താൻ നിർദ്ദേശം നൽകിയത്. അല്ലാത്ത പക്ഷം വിശദീകരണം തേടി നടപടിയെടുക്കുമെന്നാണ് സൂചന. ബിജെപിയുടെ ഫണ്ട് നൽകിയ ശേഷം വിജയാശംസകൾ നേർന്ന് ബിജെപിയെ അനുമോദിച്ചതായിരുന്നു വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസാ അൻവറിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് അമർഷം ഉയരാൻ ഇടയാക്കിയത്. ഇന്നലെ വൈകിട്ടായിരുന്നു ബിജെപി സംസ്ഥാന ഫണ്ട് ശേഖര ണത്തിന്റെ തിരൂർ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ തിരൂരിലെ വീട്ടിൽ വെച്ച് നടന്നത്. പരിപാടിയുടെ കവറേജിനായി മാധ്യമങ്ങളെയെല്ലാം ബിജെപി നേതാക്കൾ ഖമറുന്നിസയുടെ വീട്ടിലേക്ക് നേരത്തേ വിളിച്ചു വരുത്തിയിരുന്നു. ബിജെപി സംസ്ഥാന സമിതിയംഗം എംകെ ദേവീദാസൻ, ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ബിജെ
മലപ്പുറം: ബിജെപിക്ക് വിജയാശംസ നേർന്ന വനിതാ ലീഗ് അധ്യക്ഷ ഖമറുന്നിസ അൻവറിന്റെ പ്രസ്താതാവന വിവാദമായതോടെ തിരുത്താൻ ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കൾ. ഖമറുന്നിസയുടെ നിലപാട് അണികൾക്കിടയിൽ ശക്തമായ അമർഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് നേതാക്കൾ ഖമറുന്നിസയെ ബന്ധപ്പെട്ട് തിരുത്താൻ നിർദ്ദേശം നൽകിയത്. അല്ലാത്ത പക്ഷം വിശദീകരണം തേടി നടപടിയെടുക്കുമെന്നാണ് സൂചന.
ബിജെപിയുടെ ഫണ്ട് നൽകിയ ശേഷം വിജയാശംസകൾ നേർന്ന് ബിജെപിയെ അനുമോദിച്ചതായിരുന്നു വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസാ അൻവറിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് അമർഷം ഉയരാൻ ഇടയാക്കിയത്. ഇന്നലെ വൈകിട്ടായിരുന്നു ബിജെപി സംസ്ഥാന ഫണ്ട് ശേഖര ണത്തിന്റെ തിരൂർ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ തിരൂരിലെ വീട്ടിൽ വെച്ച് നടന്നത്. പരിപാടിയുടെ കവറേജിനായി മാധ്യമങ്ങളെയെല്ലാം ബിജെപി നേതാക്കൾ ഖമറുന്നിസയുടെ വീട്ടിലേക്ക് നേരത്തേ വിളിച്ചു വരുത്തിയിരുന്നു.
ബിജെപി സംസ്ഥാന സമിതിയംഗം എംകെ ദേവീദാസൻ, ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ബിജെപി നേതാക്കളായ സുനിൽപരിയാ പുരം, ശശി കറുകയിൽ, മനു മോഹൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് കെ പി പ്രദീപ് കുമാറിന് ഫണ്ട് കൈമാറിയതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് ഖമറുന്നിസ സംസാരിച്ചത്. എന്നാൽ നൊടിയിടയിൽ ഇത് വിവാദമാകുകയും സോഷ്യൽ മീഡിയകളിലും വാർത്താ മാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തു. ലീഗിന്റെ ബിജെപിയുമായുള്ള ബന്ധത്തെ പരിഹസിച്ച് രാഷ്ട്രീയ എതിരാളികളും രംഗത്തെത്തി. ഇതോടെ ലീഗ് പ്രതിരോധത്തിലായി. ഖമറുന്നിസയെ പിന്തുണച്ച് ലീഗ് അണികൾ ന്യായീകരണങ്ങൾ നിരത്തിയെങ്കിലും വലിയ വിഭാഗം അണികളും അമർഷം മറച്ചു വെച്ചില്ല. അതിരൂക്ഷമായ ഭാഷയിൽ തന്നെ അണികൾ രംഗത്തെത്തി.
ഖമറുന്നിസയുടെ പ്രസ്താവനയും ബിജെപിയുടെ ഫണ്ട് സമാഹരണ പരിപാടി വീട്ടിൽ വെച്ച് നടത്തിയതുമെല്ലാം ബോധപൂർവമാണെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഈ നടപടി ന്യായീകരണം അർഹിക്കുന്നില്ലെന്നുമുള്ള നിലപാടിലാണ് വലിയ വിഭാഗം അണികളും നേതാക്കളും. ഖമറുന്നിസയിൽ നിന്ന് വിശദീകരണം തേടിയ ശേഷം നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ബിജെപി വളർന്നുകൊണ്ടിരിക്കുകയാണെന്നും ബിജെപി ജനങ്ങൾക്കു വേണ്ടി ഒട്ടേറെ ചെയ്തിട്ടുണ്ടെന്നും ബിജെപി ക്ക് സർവ്വവിധ വിജയാശംസകളും നേരുന്നുവെന്നുമാണ് ഖമറുന്നീസ പറഞ്ഞത്.
ബിജെപിക്ക് സംഭാവന കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഖമറുന്നിസ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിന്റെ ശക്തി കോട്ടയിൽ നിന്നും വനിതാ ലീഗ് അധ്യക്ഷ ഫണ്ട് കൈമാറിക്കൊണ്ട് പ്രശംസിച്ചത് മുന്നോട്ടുള്ള പ്രവർത്തനത്തിൽ വലിയ കരുത്തായി കാണുന്നതായി ബിജെപി നേതാക്കളും പ്രതികരിച്ചു. നിലവിൽ കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ് എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗമായ ഖമറുന്നിസ ഈ സ്ഥാനത്തേക്ക് പരിഗണിച്ച ശേഷം ബിജെപിയെ പ്രശംസിച്ച് നേരത്തേ പ്രസ്ഥാവനയിറക്കിയിരുന്നു. അതേസമയം, വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തിനും ബീഫ് വിഷയത്തിലും ഖമറുന്നിസ സംഘ്പരിവാരിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിരുന്നെങ്കിലും ഇപ്പോൾ എല്ലാം മറന്ന് പ്രശംസിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്.
ഒരു വശത്ത് മുസ്ലിം ലീഗ് ബിജെപിക്കെതിരെ ശക്തമായി നിലപാടെടുക്കുമ്പോഴാണ് വനിതാ ലീഗ് അധ്യക്ഷ ബിജെപിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ മലപ്പുറം ഉപതെരഞ്ഞെടുപ്പിലടക്കം ബിജെപിക്കും സംഘ പരിവാരിനുമെതിരെ മുസ്ലിം ലീഗ് ശക്തമായ പ്രചാരണം നടത്തുകയും കൊടിഞ്ഞി ഫൈസൽ വധം അടക്കം ചർച്ചാ വിഷയമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ചൂടാറും മുമ്പാണ് വനിതാ ലീഗ് നേതാവ് ബിജെപിയെ പ്രശംസിച്ച് വിവാദം വിളിച്ചു വരുത്തിയിരിക്കുന്നത്.
ഇടക്കിടെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഖമറുന്നിസയെ നേതൃത്വം ഇടപെട്ട് പലപ്പോഴും പ്രസ്താവനകളിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇത് ഖമറുന്നിസ തന്നെ മുമ്പ് പറഞ്ഞിരുന്നു. വനിതകൾക്ക് അർഹമായ സ്ഥാനം നൽകുന്നതിനെ ചൊല്ലിയാണ് പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ വനിത കൾക്ക് പ്രാതിനിധ്യം നൽകണമെന്ന് കാണിച്ച് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് കത്ത് നൽകിയതും അന്ന് വിവാദമായിരുന്നു. എന്നാൽ മുൻപെല്ലാം വനിതാ ലീഗിന്റെ പൂർണ പിന്തുണ ഖമറുന്നിസക്ക് ലഭിച്ചിരുന്നെങ്കിലും പുതിയ വിവാദത്തിൽ മറ്റ് വനിതാ ലീഗ് നേതാക്കൾക്കും അതൃപ്തിയുണ്ട്. കൂടുതൽ വിവാദമാകും മുമ്പ് പ്രസ്താവന തിരുത്തി കൈ കഴുകാനാണ് നിർദ്ദേശം. എന്നാൽ പാർട്ടിക്കു മേൽ കടുത്ത സമ്മർദമുണ്ടായാൽ ഖമറുന്നിസക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.
വനിതാ ലീഗ് രൂപീകരണ കാലം മുതൽ അധ്യക്ഷയായി പ്രവർത്തിക്കുന്ന ഖമറുന്നിസ നിലവിൽ സംസ്ഥാന വനിതാസാമൂഹ്യക്ഷേമ വകുപ്പ് അധ്യക്ഷ, കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ് എ ക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് കോഴിക്കോട് രണ്ടിൽ നിന്നും ലീഗ് സ്ഥാനാർത്ഥിയായി മൽസരിച്ച് പരാജയപ്പെട്ടിരുന്നു. സാമൂഹ്യ സന്നദ്ധ ജീവകാരുണ്യ മേഖലകളിലും ഖമറുന്നിസ അൻവർ സജീവമായി പ്രവർത്തിച്ചു വരുന്നു.