കൊച്ചി: ജമ്മുകാശ്മീരിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന ക്രൂരത.... ഈ നരാധമനെ പിന്തുണയ്ക്കാൻ ചില രാഷ്ട്രീയക്കാരുണ്ടായി. അവിടെത്തെ ഹിന്ദുക്കളായ മിക്ക രാഷ്ട്രീയക്കാരും പ്രതിക്ക് വേണ്ടി വാദമുയർത്തി. അതിനെ തുറന്ന് കാട്ടിയത് മാധ്യമങ്ങളാണ്. മാധ്യമ ഇടപെടൽ മൂലം പ്രധാനമന്ത്രി മോദിക്ക് പോലും വാ തുറക്കേണ്ടി വന്നു. പീഡകനെ രക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടവർക്ക് മന്ത്രിസ്ഥാനവും പോയി. കത്വയിലെ പീഡകന്റെ കൈയിൽ കാശുണ്ടെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ഇത് ചിന്തിപ്പിക്കുന്നത് ഇന്നത്തെ മലയാള പത്രങ്ങളാണ്. സിനിമാക്കാരുടെ ബഹിഷ്‌കരണം കാരണം മാതൃഭൂമി മാത്രം രക്ഷപ്പെട്ടു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നു. സിനിമയ്ക്കുള്ളിലെ സിനിമ പൾസർ സുനിയുടെ അറസ്റ്റോടെ ചർച്ചയായി. എന്നിട്ടും പലരും മുന്നോട്ട് തന്നെ കുതിച്ചു. ഇതിനിടെയിൽ പലതും വിളിച്ചു പറഞ്ഞു. മാധ്യമങ്ങളെ ആക്ഷേപിച്ചു. ഒടുവിൽ കേസിൽ പ്രതിയുമായി. ഒരു സഹപ്രവർത്തകയെ പീഡിപ്പിക്കാൻ കൊടുത്ത ആദ്യ ക്വ്‌ട്ടേഷനായി അത് മാറി. പ്രതികൾക്ക് പല ന്യായങ്ങൾ പറയാനുണ്ടാകും. ഇതൊക്കെ കേസിൽ വിചാരണ പൂർത്തിയായാലും അവർ പറഞ്ഞു കൊണ്ടിരിക്കും. ഇത് തന്നെയാണ് കാശ്മീരിലും പീഡകർക്കായി രംഗത്ത് വന്നവരും പറയുന്നത്. ഇന്നത്തെ മലയാള പത്രങ്ങളും ഈ രാഷ്ട്രീയക്കാരുടെ നിലവാരത്തിലേക്ക് താഴുന്നു. പരസ്യം കൊടുക്കാം. അതിൽ ഒരു തെറ്റുമില്ല. പക്ഷേ പീഡകനെന്ന് പൊലീസ് വിളിക്കുന്ന പ്രതിക്ക് വെള്ളപൂശാൻ പത്രത്താളുകളിലെ ആദ്യ പുറം നൽകാമോ എന്നതാണ് ചോദ്യം. അങ്ങനെ നൽകുന്നവർ എങ്ങനെ കാശ്മീരിലെ പീഡകരെ വെള്ളപൂശാൻ ഇറങ്ങുന്നവരെ വിമർശിക്കാനാകുമെന്നതും ചോദ്യമായി അവശേഷിക്കും.