കൊച്ചി: ഏറെ വിവാദങ്ങളിൽ മുങ്ങി പൊങ്ങി കരകയറിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. പരസ്യ ചിത്രങ്ങളുടെ സംവിധായകനായ രതീഷ് അംബാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാരസംഭവം.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി മിനുട്ടുകൾക്കുള്ളിൽ തന്നെ വൈറലായി മാറുകയായിരുന്നു. പട്ടാളവേഷത്തിൽ താടിവെച്ചരൂപത്തിലാണ് ജനപ്രിയനായകൻ ഫസ്റ്റ് ലുക്കിൽ എത്തുന്നത്. ഫേസ്‌ബുക്ക് പോസ്റ്റ് വഴി ദിലീപ് തന്നെയാണ് ആദ്യ ലുക്ക് പുറത്ത് വിട്ടത്.

ശക്തി,തുടർന്നും,നിങ്ങളുടെ സ്‌നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ 'കമ്മാരസംഭവം 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങൾക്ക് സമർപ്പിക്കുന്നുവെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ ഉള്ളത്.

പ്രേക്ഷകർക്ക് അതിരുകളില്ലാതെ സ്വപ്നം കാണാനുള്ളതെല്ലാം കമ്മാരസംഭവത്തിലുണ്ടാവും എന്നാണ് പ്രതീക്ഷ. തമിഴിലെ ശ്രദ്ധേയ താരങ്ങളായ സിദ്ധാർത്ഥും ബോബി സിൻഹയും ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നുണ്ട്.

മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 20 കോടി ചെലവുള്ള സിനിമ വലിയ പ്രതീക്ഷയിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഭാഗമായി മലയാറ്റൂർ വനത്തിൽ ഷൂട്ടിങിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ് നടന്നത്

ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരെ,
ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്‌നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ 'കമ്മാരസംഭവം 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങൾക്ക് സമർപ്പിക്കുന്നു.

ചരിത്രം ചമച്ചവർക്ക് സമർപ്പിതം.
വളച്ചവർക്ക് സമർപ്പിതം.
ഒടിച്ചവർക്ക് സമർപ്പിതം.
വളച്ചൊടിച്ചവർക്ക്... സമർപ്പിതം.
#കമ്മാരസംഭവം