കൊച്ചി: ദിലീപ് നായകനായെത്തുന്ന കമ്മാരസംഭവത്തിന്റെ ടീസർ പുറത്തിറങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നടൻ മുരളി ഗോപിയാണ്. ചിത്രത്തിൽ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളിൽ എത്തുന്ന ദിലീപിന്റെ ത്രില്ലിങ് എന്റെർറ്റൈനെർ ആവും ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ .നമിത പ്രമോദാണ് കമ്മാരസംഭവത്തിൽ ദിലീപിന്റെ നായിക.

കൂടാതെ, മുരളി ഗോപി, തമിഴ് നടൻ സിദ്ധാർത്ഥ്, ബോബി സിൻഹ, ശ്വേതാ മേനോൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തെ പരിസരത്തിൽ കമ്മാരന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രം പക്ഷെ ഒരു ആക്ഷേപഹാസ്യമാണ് വെള്ളിത്തിരയിൽ എത്തുന്നതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം വിഷു റിലീസായി തീയേറ്ററുകളിൽ എത്തും.

ഗംഭീര ദൃശ്യങ്ങളും ദിലീപിന്റെ കിടിലൻ മേക്കോവറുകളുമായി കമ്മാര സംഭവത്തിന്റെ ടീസർ മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായി കൊണ്ടിരിക്കുകയാണ്. ഗോപി സുന്ദർ സംഗീത സംവിധാനവും സുനിൽ കെ.എസ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.