ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം വിഷു റിലീസായി ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിർമ്മാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

ദിലീപിനും മുരളീ ഗോപിക്കുമൊപ്പം തമിഴ് താരം സിദ്ധാർത്ഥും കമ്മാര സംഭവത്തിൽ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. ഷങ്കറിന്റെ ബോയ്‌സിലൂടെ ശ്രദ്ധേയനായ സിദ്ധാർത്ഥിന്റെ ആദ്യ മലയാള ചിത്രമാണിത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.