കൊച്ചി: ദിലീപിന്റെ കമ്മാര സംഭവം ഏപ്രിൽ അഞ്ചിന് തിയറ്ററുകളിലെത്തും. ദിലീപിന്റെ തന്നെ വിതരണ കന്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. ദിലീപിന്റെ രാമലീല വലിയ വിജയമായിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയുമായാണ് കമ്മാരസംഭവം തിയേറ്ററിലെത്തുന്നത്. 

തമിഴ് നടൻ സിദ്ധാർഥ് ആണ് ദിലീപിനൊപ്പം മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ നിർമ്മാണം ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ചിത്രത്തിൽ കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലാകുമ്പോൾ കമ്മാരസംഭവം ഷൂട്ടിംഗിലായിരുന്നു. ജാമ്യം കിട്ടി ജയിൽ മോചിതനായ ശേഷം ദിലീപ് അഭിനയിച്ചതും കമ്മാരസംഭവത്തിലാണ്.

മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിത പ്രമോദാണ് നായിക. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.