- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലഹം കലയോടോ! 'കനകം കാമിനി കലഹം' പാളിപ്പോയ പരീക്ഷണം; ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകന് പ്രതീക്ഷ കാക്കാൻ ആയില്ല; പുതിയ താരോദയങ്ങളായി ഗ്രേസ് ആന്റണിയും രാജേഷ് മാധവനും; നിവിൻ പോളിക്ക് ഇത് നാണക്കേട്; ഇവർ 'തിങ്കളാഴ്ച നിശ്ചയം' കണ്ടുപഠിക്കട്ടെ!
സ്ലാപ്സ്റ്റിക് കോമഡി, സ്പൂഫ്, സിറ്റുവേഷണൽ കോമഡി, അബ്സേഡ് കോമഡി, ബ്ലാക്ക്ഹ്യൂമർ, തുടങ്ങി വിവിധ രീതിയിലുള്ള നർമ്മങ്ങൾ കൊണ്ട് അവിയലുണ്ടാക്കി ഒരു രണ്ടുമണിക്കൂർ ചിത്രം. ഓരോ സീനുകളായി ഒറ്റക്ക് വേർതിരിച്ച് നോക്കുമ്പോൾ ഒന്നും മോശമില്ല. എന്ന ടോട്ടാലിറ്റിയിൽ പ്രേക്ഷകന് ഒന്നും കിട്ടുന്നുമില്ല. നിവിൻ പോളി നായകനായ ഡിസ്നി ഹോട്സ്റ്റാർ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലെ ആദ്യ മലയാള ചിത്രം 'കനകം കാമിനി കലഹത്തെ' പാഴായിപ്പോയ ഒരു പരീക്ഷണം എന്നല്ലാതെ ഒറ്റവാക്കിൽ ഒന്നും വിശേഷിപ്പിക്കാൻ കഴിയില്ല.
ചിത്രം സ്പൂഫ് ചെയ്യുന്നത് ഒരു ജൂനിയർ ആർട്ടിസ്റ്റും ആക്റ്റിങ്ങ് സ്കുൾ നടത്തുകയും ചെയ്യുന്ന നിവിൻ പോളി കഥാപാത്രം പവിത്രനെയാണ്. പക്ഷേ പവിത്രനെപ്പോലെ ഒന്നുമാവാതെപോയി ചിത്രവും. നോക്കണം, ഒരേ ചക്കിൽ വട്ടം കറങ്ങുന്ന മലയാളസിനിമക്ക് തീർത്തും വ്യത്യസ്തമായ കഥയും പരിചരണവും നൽകിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് ചിത്രമെടുത്ത്, ആദ്യ സംരംഭത്തിന് തന്നെ സ്റ്റേറ്റ് അവാർഡ് വാങ്ങിയ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്, ഇതുപോലെ ഒരു തേഞ്ഞ ചിത്രമൊരുക്കിയതെന്ന് ഓർക്കണം. നിർമ്മാതാവ് കൂടിയായ നിവൻ പോളിക്കും വലിയ നാണക്കേടുതന്നെയാണ് ഈ പടം സമ്മാനിക്കുന്നത്. അടുത്തകാലത്തായി കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ, ഒരുകാലത്ത് മലയാളത്തിന്റെ വണ്ടർ ബോയി ആയിരുന്ന ഈ നടൻ ഒട്ടും ശ്രദ്ധിക്കുന്നില്ല.
ബ്ലാക്ക് ഹ്യൂമർ കൊണ്ടുള്ള ഭീകരാക്രമണം!
ഏറെ പ്രതീക്ഷ ഉണർത്തിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നതെന്ന് പറയാതെ വയ്യ. ടൈറ്റിലുകൾ കാണിക്കുന്നതുപോലും നാടകത്തിലെന്നപോലെ അനൗൺസ് ചെയ്തുകൊണ്ടാണ്. സെൽഫ് സ്പൂഫിങ്ങ് പരിപാടി അവിടെതന്നെ തുടങ്ങുന്നു. പലരുടെ പേര് തെറ്റിച്ച് അനൗൺസ് ചെയ്തുകൊണ്ടുംമറ്റും ചിരി ഉയർത്താനുള്ള ശ്രമം ചിത്രം നടത്തുന്നു. സംവിധാകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പേര് പൊതുവാൾ ഇല്ലാതെ വെറും രതീഷ് ബാലകൃഷ്ണൻ എന്നാണ് അനൗൺസ്മെന്റ്. ഇവിടെ ജാതിപ്പേര് ഞാൻ വായിക്കില്ലെന്നും, അനൗൺസ്മെന്റ്കാരൻ പറയുന്നു. പൊളിറ്റിക്കൽ കറക്ട്നസ്സുകാരെ ട്രോളുന്നുവെന്ന് വ്യക്തം. ( ജാതിപ്പേരുകൾ എല്ലാവരും ഉപേക്ഷിക്കണമെന്നും, പാഠപുസ്തകങ്ങളിൽ നിന്ന് ജാതിവാലുകൾ ഒഴിവാക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചത് ഈയിടെ വലിയ വാർത്തയായിരുന്നു. അതുവെച്ച് നോക്കുമ്പോൾ ഇത് നിർദോഷമായ ട്രോൾ ആയി തോനുന്നില്ല.) ചിത്രത്തിന്റെ പ്രധാന കൂഴപ്പവും അതുതന്നെയാണ്. ഗൗരവമായ കാര്യമേതാണ് ട്രോൾ ഏതാണെന്ന് പ്രേക്ഷകന് പിടികിട്ടില്ല. സ്പൂഫും, അബ്സേഡ് കോമഡിയുണ്ടാക്കാനായി കച്ചകെട്ടി ഇറങ്ങുന്നവരെപ്പോലെയാണ് ചിത്രത്തിന്റെ ഓരോ കഥാപാത്രങ്ങളുടെയും സംഭാഷണം. ഇത് പലപ്പോഴും ബ്ലാക്ക് ഹ്യൂമർ കൊണ്ടുള്ള ഭീകരാക്രമണമായി സാധാരണ പ്രേക്ഷകന് തോന്നിപ്പോവും.
സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പവിത്രനെയും (നിവിൻ പോളി) മുൻപ് സീരിയൽ നടിയായിരുന്ന അയാളുടെ ഭാര്യ ഹരിപ്രിയയെയും (ഗ്രെയിസ് ആന്റണി) ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇരുവർക്കുമിടയിൽ നിരന്തരം പ്രശ്നങ്ങളാണ്. അതിൽ ഇടപെടുന്ന സുഹൃത്തും സിനിമാക്കാരനുമായ ശിവകുമാറിന്റെ ( ചിത്രത്തിൽ സുധീഷ്) മധ്യസ്ഥതയിലുടെയാണ് കഥ തുടങ്ങുന്നത്. സുധീഷിന്റെ സദാ സമയമുള്ള തീറ്റയും, ഗ്രെയിസിന്റെ പ്രേത്യക ചേഷ്ടയിലുള്ള ഡയലോഗ് ഡെലിവറിയുമൊക്കെയായി തുടക്കത്തിൽ ചിത്രം പ്രതീക്ഷ നൽകുന്നുണ്ട്. ഹരിപ്രിയയുടെ അമ്മൂമ്മ കൊടുത്ത നാലു പവന്റെ കമ്മൽ പവിത്രൻ വിറ്റുപോയതാണ് പുതിയ പ്രശ്നം. അത് പരിഹരിക്കുന്നതിനായി അയാൾ രണ്ട് ഇമിറ്റേഷൻ ഗോൾഡ് കമ്മലുകൾ അവൾക്ക് സ്വർണ്ണമാണെന്ന് പറഞ്ഞ് വാങ്ങിക്കൊടുക്കുന്നു. അങ്ങനെ പ്രശ്നം ഒരു വഴിക്ക് തീർന്നുവെന്ന് കരുതുമ്പോഴാണ് അടത്ത കുരിശ്. ആ കമ്മൽ പണയം വെക്കാൻ ഹരിപ്രിയയുടെ സഹോദരന് വേണം. പിടിക്കപ്പെടുന്നത് ഒഴിവാക്കാനായി പവിത്രൻ ഭാര്യയെയും കൂട്ടി മൂന്നാറിലേക്ക് ടൂർ പോകുന്നു. അവിടെ ഹോട്ടൽ ഹിൽടോപ്പിൽ അവർ റൂം എടുക്കുന്നു. അവിടെവെച്ച് കമ്മൽ മോഷണം പോകുന്നു. അത് ആര് എടുത്തു. ചിത്രത്തിന്റെ ടൈറ്റിൽ പോലെ പടം കനകം കാമിനി കലഹം ആവുന്നു.
ഇവർ തിങ്കഴാഴ്ച നിശ്ചയം കണ്ടുപഠിക്കട്ടെ
പന്നീട് അങ്ങോട്ട് ഈ ഹോട്ടലിന്റെ ഒറ്റ സ്പേസിലാണ് കഥ നടക്കുന്നത്. കമ്മൽ ആരെടുത്തുവെന്ന അന്വേഷണത്തിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇവിടെയും ബ്ലാക്ക് ഹ്യൂമർ വാരിവിതറാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും പലതും ഏശുന്നില്ല. പക്ഷേ ജാഫർ ഇടുക്കിയും, രാജേഷ് മാധവനും വിനയ് ഫോർട്ടുമൊക്കെ ചെയ്യുന്ന കോമഡികൾ പലയിടത്തും നമ്മെ ചിരിപ്പിക്കുന്നുണ്ട്. പക്ഷേ മുഴുവൻ ആ ഫീൽ കൊടുക്കാൻ ചിത്രത്തിന് ആവുന്നില്ല. ദുർബലമായ കഥയാണ് ഇവിടെ പ്രശ്മായി വരുന്നത്.
എന്തും ഏതും ബ്ലാക്ക് ഹ്യൂമറാക്കി കാണാൻ തയ്യാറായിവെച്ചപോലെയാണ് ഹോട്ടലിലെ ജീവനക്കാർ. ഞാൻ ഒരു മുസ്ലിം ആയതുകൊണ്ടയ്യേ എന്നെ ടാർജറ്റ് ചെയ്യുന്നതൊക്കെ ചോദിച്ച്, ചിത്രത്തിലെ മനാഫ് എന്ന രാജേഷ് മാധവന്റെ കഥാപാത്രം, പെർഫോം ചെയ്യുന്നുണ്ട്. ഇരവാദ പൊളിറ്റിക്സിനെ സറ്റയറാക്കാനുള്ള സംവിധായകന്റെ ശ്രമം എന്നൊക്കെ താഴെ സബ്ടൈറ്റിൽ ചെയ്ത് കാണിക്കേണ്ട അവസ്ഥയാണ്. പ്രേക്ഷകന് തോന്നുക ഈ ഹോട്ടലിലെ ജീവനക്കാർ മൊത്തം സൈക്കോകൾ ആണെന്നാണ്. ഒരു ഉദാഹരണം പറയാം. ഹോട്ടലിൽനിന്ന് കിച്ചണിലേക്ക് വിളിച്ച് പൈനാപ്പിൾ ജ്യൂസ് ഉണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് പറയുന്നു. പകരം മറുപടി. ഫൈൻ ആപ്പിൾ ജ്യൂസ് ഉണ്ട് എന്നാണ്. എന്നാൽ ഒരു ഫൈൻആപ്പിൾ ജ്യൂസ് പോരട്ടെയെന്ന് മറുപടി. എജ്ജാതി കോമഡി. അതായത് സ്വാഭാവിക നർമ്മം ഒട്ടുമില്ലാതെ കൃത്രിമത്വത്തിന്റെ മേമ്പൊടിയിലാണ് ചിത്രം ആനിമധ്യാന്തം നീങ്ങുന്നത്. നിവിൽ പോളിയുടെ കഥാപാത്രത്തിന്റെ രീതികളും നർമ്മമല്ല ഗോഷ്ഠിയായാണ് മാറുന്നത്. മെത്തേഡ് ആക്റ്ററാണെന്ന് സ്വയം പറഞ്ഞ് ഭക്ഷണം കഴിക്കുന്ന നിവിന്റെ പവിത്രനോട് അമ്മ ചോദിക്കയാണ്, കുറച്ച് മെത്തേഡ് ആക്റ്റിങ്ങ് എടുക്കട്ടേയെന്ന്. ഈ സൈസ് കോമഡികളാണ് ചിത്രത്തിൽ സ്ഥാനത്തും അസ്ഥാനത്തും.
നോക്കുക, ഇതേ സെറ്റപ്പ് ആയിരുന്നു, അടുത്തിടെ വൻ തോതിൽ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനും. കഥ നടക്കുന്നത് ഒറ്റ വീട്ടിൽ. ഒരു വിവാഹം എന്ന ഒറ്റപ്രമേയം. അവസാനം കൂട്ടത്തല്ല് അടക്കം വേറെയുമുണ്ട് സാമ്യതകൾ. പക്ഷേ ഈ ചിത്രം അൺബോക്സ് ചെയ്യുന്ന പൊളിറ്റിക്സും, സൂചികുത്തുന്ന ഡയലോഗുകളും, സ്വാഭാവികമായ നർമ്മങ്ങളും ഒന്നും ഈ കലഹത്തിൽ ഉണ്ടാവുന്നില്ല. ശരിക്കും വേണ്ടത് നിവിൻ പോളിയും കൂട്ടരും തിങ്കളാഴ്ച നിശ്ചയം ഇമ്പോസിഷൻ പോലെ കണ്ടുപഠിക്കയാണ്.
താരങ്ങളായി രാജേഷ് മാധവനും സുധീർ പറവൂരും
ബലമുള്ള അടിത്തറിയില്ലാതെ കെട്ടിപ്പൊക്കിയ ഈ ചിത്രത്തെ, പൊളിഞ്ഞുവീഴാതെ പിടിച്ചു നിർത്തുന്നത് അഭിനേതാക്കളുടെ അതി ഗഭീരമായ പ്രകടനമാണ്. അതിൽ മോശമായത് നിവിൻ പോളി മാത്രമാണ്. ഇത്രയും ദുർബല വേഷത്തിൽ നിവിനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ലൗവ് ആക്ഷൻ ഡ്രാമ എന്ന മുൻ ചിത്രത്തിലെ കഥാപാത്രത്തിന്റെ പല ഭാവങ്ങളും ഇവിടെയും ആവർത്തിക്കപ്പെടുന്നുണ്ട്. എന്നാൽ നിവിന്റെ ഭാര്യയായി വന്ന ഗ്രേഡ് ആന്റണി പൊളിച്ചു. കുമ്പളങ്ങി നൈറ്റ്സിൽ സൈക്കോ ഷമ്മിയുടെ ഭാര്യയായും, ഒരു ഹലാൽ ലൗ സ്റ്റോറിയിലെ സിനിമാ നടിയായ താത്തയായും, ശ്രദ്ധേയയായ ഗ്രേസ് തന്റെ ആദ്യ സോളോ നായിക വേഷം കലക്കിയിട്ടുണ്ട്. സുധീഷ്, വിനയ് ഫോർട്ട്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, വിൻസി അലോഷ്യസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്. ജോയ്മാതൂ അവതരിപ്പിക്കുന്ന നോവലിസ്റ്റിന്റെ കരച്ചിൽ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പക്ഷേ ജാഫർ ഇടുക്കിയുടെ പ്രകടനം അവസാനമെത്തുമ്പോൾ ഓവറും വെറുപ്പിക്കലും ആവുന്നുണ്ട്. ഇവിടെയാണ് നാം ജഗതി ശ്രീകുമാറിന്റെ അഭാവം എത്ര വലുതാണെന്ന് ചിന്തിച്ചുപോവുക.
പക്ഷേ ഈ ചിത്രത്തിലെ യഥാർഥ താരങ്ങൾ രാജേഷ് മാധവനും, സുധീർ പറവൂരുമാണ്. മഹേഷിന്റെ പ്രതികാരത്തിലും, ആൻഡ്രോയിഡ് കുഞ്ഞപ്പനിലൊക്കെ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത രാജേഷ് മാധവന്റെ ബ്രേക്ക് ആയിരിക്കും ഈ പടത്തിലെ മനാഫ്. 'മഴവെള്ളം കെട്ടിനിൽക്കുന്ന കാൽശരായി പൂവുകൾക്കിടയിലൂടെ അവൾ നടന്നു' എന്ന് മനാഫ് ഒരു നോവലിലെ കഥ പറയുന്നതും, യുവാൽ നോഹ ഹരാരിയുടെ സാപ്പിയൻസ് എന്ന വിഖ്യാതമായ പുസ്തകത്തെ ഉദ്ധരിച്ച് താൻ ബാത്ത്റൂമിൽ ഒളിക്യാമറ വെച്ചതിനെ ന്യായീകരിക്കുന്നതുമെല്ലാം, ശരിക്കും ചിരിപ്പിക്കും. കുതിരവട്ടം പപ്പുവിനെയൊക്കെപ്പോലെ ശരീരഭാഷകൊണ്ട് ചിരിപ്പിക്കുന്ന നടനാണ് ഇയാൾ. ഭാവിയുള്ള നടൻ. അതുപോലെ നിരവധി മിമിക്രി- കോമഡി വേദികളിൽ കസറിയ സുധീർ പറവൂർ, (ക്ലിഞ്ഞോ പ്ലിഞ്ഞോ പാട്ട് ഫെയിം) ഈ ചിത്രത്തിൽ പ്രേക്ഷകരുടെ ഇഷ്ടം കവരുന്നുണ്ട്. ഇവർ എല്ലാം കൂടിയാണ് അൺസഹിക്കബിൾ എന്ന വിഭാഗത്തിൽനിന്ന് 'കണ്ടിരിക്കാം' എന്ന മലയാളിയുടെ പതിവ് മറുപടിയിലേക്ക് ഈ കലഹത്തെ മാറ്റുന്നത്.
വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. യാക്സൻ ഗാരി പെരേര, നേഹ നായർ എന്നിവരാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്ത്. ലൂക്ക, വരത്തൻ തുടങ്ങിയ ചിത്രങ്ങളുടെ ആർട്ട് ചെയ്ത അനീസ് നാടോടിയാണ് കലാസംവിധാനം. ഹോട്ടൽ 'ഹിൽ ടോപ്പി'നു വളരെ ആകർഷകമായ ലൂക്ക് നല്കാൻ അനീസിന് കഴിഞ്ഞിട്ടുണ്ട്.
കല കലക്കുവേണ്ടിയാണോ, അതോ സമൂഹത്തിന് വേണ്ടിയാണോ എന്നൊക്കെ പറഞ്ഞ് ഇ.എം.സിന്റെ നേതൃത്വത്തിൽ പണ്ട് വെറുതെ കുറേ സാഹിത്യ സംവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കലഹത്തിന്റെ അന്തർധാര എന്തായിരുന്നുവെന്ന് ചിത്രം കഴിഞ്ഞപ്പോൾ സംശയം തോനുന്നു. ആര് ആരെയാണ് സ്പൂഫിയത്!
വാൽക്കഷ്ണം: സാധാരണ ആമസോൺ പ്രൈം അടക്കമുള്ള ഒ.ടി.ടി ചാനലുകളുടെ ്ഏറ്റവും വലിയ ഗുണം, ടെലിവിഷനിൽനിന്ന് വ്യത്യസ്തമായി പ്രേക്ഷകന് പരസ്യങ്ങളുടെ കോലാഹലങ്ങൾ ഒന്നുമില്ലാതെ ചിത്രം ആസ്വദിക്കാം എന്നായിരുന്നു. എന്നാൽ ഈ കലഹം കാണിക്കുന്ന ഡിസ്നി ഹോട്സ്റ്റാറിൽ ഏഷ്യാനെറ്റിലെ തറവളിപ്പ് പരമ്പരകളായ സ്വാന്തനത്തിന്റെയും കുടുംബ വിളക്കിന്റെയും പരസ്യങ്ങൾ ഇടക്കിടെ വരുന്നത് ആസ്വാദനത്തിൽ ശല്യവും കല്ലുകടിയുമാവുകയാണ്. സീരിയലുകൾ മടുത്ത് എത്തുന്ന പ്രേക്ഷകർ ഇവിടെയും ഒരു സ്വസ്ഥതയും തരില്ലേയെന്ന് ആത്മാർഥമായി ചോദിച്ചുപോവും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ