തിരുവനന്തപുരം: എൽഡിഎഫിലെ മുന്നണി വിപുലീകരണ ചർച്ചകളിൽ പുരോഗമിക്കുമ്പോഴും കെ എം മാണിയെ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് പരോക്ഷമായി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇന്ന് തൃശ്ശൂരിൽ സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന 'കേരളം ഇന്നലെ, ഇന്ന്, നാളെ' എന്ന സെമിനാറിൽ സംസാരിക്കവേയാണ് കാനം തന്റെ മുൻനിലപാടിൽ ഉറച്ചു നിന്ന് സംസാരിച്ചത്. മാണിയെ വേദിയിൽ ഇരുത്തി സംസാരിച്ച കാനം അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ കൊട്ടുകയായിരുന്നു ചെയ്തത്.

സമ്മേളന വേദിയിൽ ഒരു കസേരയുടെ അകലത്തിൽ രണ്ട് നേതാക്കളും ഇരുന്നതെങ്കിലും തുടക്കത്തിൽ പരസ്പ്പരം സംസാരിക്കുകയോ ചിരിക്കുകയോ കൈ കൊടുക്കുകയോ ചെയ്തില്ല. ഇടയ്ക്ക് ഒഴിഞ്ഞ കസേര ഇരുവർക്ക് നടുവിലായി വന്നെങ്കിലും രണ്ട് പേരും ഗൗരവം വിടാതെ നിന്നു. ഒടുവിൽ സെമിനാർ കഴിഞ്ഞപ്പോഴാണ് നേതാക്കൾ ഗൗരവം വിട്ടത്. പരസ്പ്പരം കൈകൊടുത്ത് ചാനൽ ക്യാമറക്ക് പോസ് ചെയ്തു മാണിയും കാനവും. ഇതിനായിരുന്നില്ലേ നിങ്ങൾ കാത്തിരുന്നതെന്ന് മാധ്യമങ്ങളോടായി പറഞ്ഞു.

സെമിനാറിൽ സംസാരിക്കാനുള്ള ആദ്യ ഊഴം ലഭിച്ചത് കാനത്തിനായിരുന്നു. തനിക്ക് കിട്ടിയ അവസരത്തിൽ സിപിഐയുടെ രാഷ്ട്രീയ നിലപാട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കുറുക്കുവഴികളിലൂടെ എൽ.ഡി.എഫിനെ ശക്തിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും വേണ്ടത് അഴിമതിക്കെതിരായുള്ള നിലപാടാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിച്ചത് അഴിമതിയിൽ മുങ്ങിയ യു.ഡി.എഫ് സർക്കാരിനെതിരേ ജനവികാരം ഉയർത്താൻ കഴിഞ്ഞതാണ്. ഇത്തരം നിലപാട് തന്നെയാണ് ഇടതുപക്ഷത്തിന്റെ വിജയ ചരിത്രമെന്നും കാനം പറഞ്ഞു.

കഴിഞ്ഞ സർക്കാറിൽ ഏറ്റവും അധികം അഴിമതി ആരോപണം ഉയർന്ന വ്യക്തി മാണിയായിരുന്നു എന്നതു കൊണ്ട് അദ്ദേഹം ലക്ഷ്യം വെച്ചത് മാണിയെ തന്നെയായിരുന്നു. ഫാസിസത്തിനെതിരേ പോരാടാൻ ഇടതുപക്ഷ ബദൽ ഉയർന്ന് വരണം. അത് കേരളത്തിൽ നിന്ന് തന്നെയാണ് ആദ്യം ഉയർന്ന് വരേണ്ടത്. ഈ ബദൽ അഴിമതിക്കെതിരേയും, വർഗീയതയ്‌ക്കെതിരേയും, മതനിരപേക്ഷതയ്‌ക്കെതിരേയും ഉള്ള ബദലായിരിക്കണമന്നും കാനം പറഞ്ഞു.

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു മാത്രമേ വോട്ടു കൂടിയുള്ളൂ. മറ്റു പാർട്ടികൾക്കെല്ലാം വോട്ടു കുറഞ്ഞു. കേരളത്തിലെ തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മെച്ചപ്പെട്ട വിജയം കരസ്ഥമാക്കുന്നു. ഇതെല്ലാം കാണിക്കുന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയത്തെ ജനം അംഗീകരിക്കുന്നു എന്നാണ്. വർത്തമാനകാല സാഹചര്യത്തിൽ ഇടതുമുന്നണിക്കു വലിയ സാധ്യതയുണ്ട്. മുഖ്യധാരാ ഇടതുപാർട്ടികളിൽ സിപിഎമ്മും സിപിഐയും മാത്രമാണ് ഒരുമിച്ചു നിൽക്കുന്നതെന്നും കാനം പറഞ്ഞു.

വോട്ട് ബാങ്കിനപ്പുറം ജനങ്ങളുടെ ക്ഷേമം കൂടി പരിഗണിക്കണം. ഇടതുപക്ഷം നിലവിൽ വന്ന ശേഷം എത്ര ചെറു കക്ഷികൾ ഇടതുപക്ഷം വിട്ടുപോയി എന്ന് നമ്മൾ സ്വയം വിമർശനമായി എടുക്കണം. വ്യത്യസ്ഥ അഭിപ്രായം പറയുമ്പോഴും ഒരേ ചിന്താഗതിയാണ് സിപിഎമ്മിനും-സിപിഐക്കുമുള്ളത്. അതങ്ങനെത്തന്നെ തുടർന്ന് പോവുമെന്നും കാനം ചൂണ്ടിക്കാട്ടി. അതേസമയം കാനം വിഷയം പരോക്ഷമയി ഉന്നയിച്ചെങ്കിലും മാണി കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളാണ് സെമിനാറിൽ ഉന്നയിച്ചത്. ഇടതു സർക്കാറിനെ പൊക്കിപ്പറഞ്ഞു കൊണ്ടാണ് മാണി സംസാരിച്ചത്. കർഷക പ്രശ്‌നങ്ങളും അദ്ദേഹം ഉന്നയിച്ചു.

ഇതിനിടെ കേരളാ കോൺഗ്രസ് ബി നേതാവ്് ആർ ബാലകൃഷ്ണ പിള്ളയും പ്രസംഗിച്ചു. തന്റെ ഊഴമെത്തിയപ്പോൾ സദസിനെ കൈയിലെടുത്തു കൊണ്ടാണ് പിള്ള പ്രസംഗിച്ചത്. രാജേന്ദ്രൻ രാഷ്ട്രീയ നിലപാട് പറഞ്ഞെന്നും മാണി പറഞ്ഞില്ലെന്നും പിള്ള പറഞ്ഞു. കർഷക പ്രശ്‌നം ഉയർത്തിയ മാണി ഓർക്കണമെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. നമ്മൾ രണ്ട് പേരും ഭരിച്ച സമയത്തും കർഷകർക്ക് എന്തു നേട്ടുമുണ്ടായെന്ന് ചിന്തിക്കണമെന്നും പിള്ള പറഞ്ഞു. മാണി മറുപടി പറയാത്തതിൽ തനിക്ക് നിരാശയുണ്ടെന്നും പിള്ള തമാശ രൂപേണ പറഞ്ഞു.

സിപിഎമ്മിൽനിന്നു പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ളയാണു സെമിനാറിൽ പങ്കെടുക്കുന്നത്. മാണിക്കു കാത്തിരിക്കേണ്ടിവരുമെന്ന സിപിഎം സമ്മേളന റിപ്പോർട്ടിനിടെയാണ് കാനം തന്റെ നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്. മാണിയെയും പാർട്ടിയെയും ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം എൽഡിഎഫിനു വിടാനാണു സിപിഎം സമ്മേളനത്തിന്റെ തീരുമാനം എന്നറിയുന്നു. മാണിയെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സിപിഐ നിലപാടു പരേക്ഷമായി സിപിഎം സംഘടനാ റിപ്പോർട്ട് അംഗീകരിച്ചിട്ടുണ്ട്.

എൽഡിഎഫ് വിപുലീകരണ വിഷയത്തിൽ സിപിഎമ്മിനുള്ളിലും ഭിന്നതയുണ്ടെന്നു മാണി ബന്ധത്തെ എതിർത്തു ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിനു കത്തു നൽകിയതോടെ വ്യക്തമായി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു മാണിക്കെതിരെ പറഞ്ഞതെല്ലാം മറന്ന് അദ്ദേഹവുമായി കൂട്ടുചേരാനില്ലെന്നാണു സിപിഐയുടെ തീരുമാനം. ബജറ്റ് ദിനം നിയമസഭയ്ക്കകത്തു മാണി കടക്കുന്നതു തടയാൻ കൈമെയ് മറന്നു പ്രയത്‌നിക്കുകയും മനുഷ്യവേലി കെട്ടുകയും ചെയ്ത ഇടതുമുന്നണി തന്നെ അദ്ദേഹം കടന്നുവരാനായി പരവതാനി വിരിക്കണോയെന്ന ചോദ്യമാണ് അവരുടേത്. മാണിക്കെതിരെ മൂന്നു കേസുകൾക്കു കോടതിയെ സമീപിച്ചതു സിപിഐയുടെ ഇപ്പോഴത്തെ മന്ത്രി വി എസ്.സുനിൽകുമാറാണ്.

അതേസമയം, ഇടതുമുന്നണി വിപുലീകരണത്തിൽ സിപിഐ നിലപാട് നിർണായകമാകും. ബഹുജനാടിത്തറ വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾ ഇടതുമുന്നണിക്ക് വിട്ട് സിപിഎം സംഘടനാ റിപ്പോർട്ട് തയാറായതോടെയാണിത്. ഏകപക്ഷീയ തീരുമാനമില്ലെന്ന് സിപിഎം പ്രഖ്യാപിച്ചു. രണ്ട് കാര്യങ്ങളാണ് തൃശൂരിൽ തീരുമാനമായത്. ഒന്ന് മുന്നണി വിപുലീകരിക്കും മറ്റൊന്ന് ഘടകകക്ഷികളുമായുള്ള ചർച്ചകളിലൂടെ ആകും തീരുമാനം. എന്ന് വച്ചാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തോടുള്ള സിപിഐ എതിർപ്പ് പരിഗണിക്കപ്പെടും. എതിർപ്പുകൾ ഇല്ലാതെ ജനതാതൾ യു മുന്നണിയിൽ എത്തും.