- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരംമുറി ഉത്തരവിൽ ഇടഞ്ഞ് സിപിഐ; മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയം; ഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല; അന്വേഷിക്കണമെന്ന് കാനം; സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും പ്രതികരണം
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് ഗൗരവ വിഷയമെന്ന് സിപിഐ. വിഷയം സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണം. ഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാറിൽ സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമാണ്. അതിനാൽ ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേ?ഹം കൂട്ടിച്ചേർത്തു. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളം ഇന്ധന നികുതി കുറക്കേണ്ടതില്ലെന്നും കാനം കൂട്ടിച്ചേർത്തു. കേരളത്തിൽ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനെക്കാൾ 1 ശതമാനം നികുതി ഇടത് സർക്കാർ കുറക്കുകയും ചെയ്തു. കൂട്ടിയവർ കുറക്കട്ടെ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ജി സുധാകരനെതിരായ നടപടി സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേ സമയം മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് ഉദ്യോഗസ്ഥതല യോഗ തീരുമാനപ്രകാരമെന്നു റിപ്പോർട്ട്. ജലവിഭവവകുപ്പു സെക്രട്ടറി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം. വനംവകുപ്പ് മേധാവി നൽകിയ റിപ്പോർട്ടിലാണു വിശദീകരണം. സുപ്രീംകോടതി നിർദ്ദേശങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുത്തിയ ഉത്തരവ് തിങ്കളാഴ്ച തമിഴ്നാടിന് അയക്കും. അതേസമയം, മരംമുറി ഉത്തരവിലേക്കു നയിച്ച നിയമവശങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഉത്തരവിനു കാരണമായ സുപ്രീംകോടതി ഉത്തരവും വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ നിയമവശവും പരിശോധിക്കാനാണു മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
കഴിഞ്ഞ ദിവസമാണ് ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. എന്നാൽ ഈ തീരുമാനം മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെയായിരുന്നു. തുടർന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. അസാധാരണ നടപടിയാണ് ഉണ്ടായതെന്നും അതിനു പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി യോഗം വിളിച്ചത് അനുസരിച്ചാണു തീരുമാനമെന്നാണു വനം ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ഏതു സാഹചര്യത്തിലായാലും ഇത്തരം പ്രധാന കാര്യങ്ങൾ ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞാൽപോര. സർക്കാരിനു മുകളിലാണ് ഉദ്യോഗസ്ഥരെന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഉത്തരവ് ഇറക്കിയതിൽ വീഴ്ച പറ്റിയെന്നും അസാധാരണ നടപടിയാണ് ഉണ്ടായതെന്നും വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച വീഴ്ചയ്ക്ക് കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മരം മുറിക്കാൻ ഉത്തരവ് നൽകിയത് തന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഓഫിസുകൾ അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണ് മരംമുറിയെപ്പറ്റി മുഖ്യമന്ത്രിയുടെയും ഇറിഗേഷന്റെയും ഓഫീസ് അറിഞ്ഞതെന്നും മന്ത്രി പ്രതികരിച്ചു. ഏതു സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഉത്തരവ് നൽകിയത് എന്ന കാര്യത്തിൽ വിശദീകരണം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചർച്ചകൾക്ക് ഇടയായ വിഷയങ്ങളാണ്. അത്തരത്തിലുള്ള ഒരു പ്രശ്നത്തിൽ തീരുമെനമെടുക്കുമ്പോൾ ഉദ്യോഗസ്ഥതലത്തിൽ മാത്രം തീരുമാനമെടുത്താൽ പോരാ. ഏത് സഹാചര്യത്തിലാണ് മരംമുറിക്കാനുള്ള തീരുമാനമെടുത്തത് എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചുമതലയുള്ള ചീഫ് ഫോറസ്റ്റ് ഓഫീസറോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയതായി കഴിഞ്ഞദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബേബി ഡാം ബലപ്പെടുത്തിയതിനു ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് അണക്കെട്ട് സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കുവെന്നും ദുരൈ മുരുകൻ പറഞ്ഞു.
മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ ഉത്തരവിറക്കിയെന്ന വാദം വിശ്വാസയോഗ്യമല്ല. തമിഴ്നാട് മന്ത്രിയുടെ ഭീഷണിക്ക് വഴങ്ങിയെന്ന് പറയുന്നത് ശരിയല്ല. ബേബി ഡാം ബലപ്പെടുത്തുകയല്ല. പുതിയ ഡാമാണ് ആവശ്യം. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ