- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജ്ഞാപനം വരട്ടെ അപ്പോൾ ആലോചിക്കാമെന്ന് കാനം രാജേന്ദ്രൻ; നിയമസഭയിലേക്ക് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടോ എന്ന് വ്യക്തമാക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ എല്ലാ പാർട്ടികൾക്കും ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. ഭരണത്തുടർച്ച എന്ന അത്ഭുതം ഇടതുപക്ഷം ലക്ഷ്യം വെക്കുമ്പോൾ അധികാരം പിടിച്ചെടുക്കുക എന്ന ദൗത്യമാണ് യുഡിഎഫിന് മുന്നിലുള്ളത്. നേമത്തിനും അപ്പുറത്തേക്കുള്ള വളർച്ചയെങ്കിലും ബിജെപിയും ലക്ഷ്യമിടുന്നു. അതേസമയം, ഓരോ പാർട്ടിയിലും ആരൊക്കെ സ്ഥാനാർത്ഥികളാകും എന്നുള്ള ചർച്ചകളും സംസ്ഥാനത്ത് സജീവമാണ്. ഇടത് മുന്നണിയിൽ നിലപാടുകൾ കൊണ്ട് തിരുത്തൽ ശക്തിയായി പ്രവർത്തിച്ച സിപിഐയുടെ സ്ഥാനാർത്ഥി നിർണയവും ഏറെ പ്രാധാന്യത്തോടെയാണ് കേരളം നോക്കി കാണുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്ഥാനാർത്ഥിയാകുമോ എന്നുള്ള സംശയങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കാനവും തയ്യാറാകുന്നില്ല എന്നതാണ് ഏറെ രസകരം. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, വിജ്ഞാപനം വരട്ടെ അപ്പോൾ ആലോചിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാഷ്ട്രീയത്തിൽ വർഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയത്തിൽ മതം കൊണ്ടുവരുന്നത് എൽഡിഎഫ് ആണോയെന്ന് കാനം ചോദിച്ചു. തികച്ചും മതനിരപേക്ഷ നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നത് ചില നിക്ഷിപ്ത താല്പര്യക്കാരാണ്. അക്കൂട്ടത്തിൽ എൽഡിഎഫിനെ കാണാൻ സാധിക്കില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉയർത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുമെന്നും കാനം പറഞ്ഞു. സുപ്രീം കോടതി വിധി പ്രഖ്യാപിക്കുകയും അതിൽ പുഃനപരിശോധന വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടുകയും ചെയ്തു. അക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യത്ത് ജനങ്ങൾക്കും കൃഷിക്കാർക്കും തൊഴിലാളികൾക്കുമെല്ലാം ധാരാളം പ്രശ്നങ്ങളുണ്ട്. അതിലെല്ലാം കേന്ദ്ര ഗവൺമെന്റിന് നിലപാടുമുണ്ട്. അതിനേ സംബന്ധിച്ച് പറയുകയാണ് ഇപ്പോഴത്തെ കാലത്ത് രാഷ്ട്രീയത്തിൽ ആവശ്യമായിട്ടുള്ളത്. അതുകൊണ്ട് എൽഡിഎഫ് അത്തരം കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നതെന്നും കാനം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ