- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് പറയുന്നത് വിശ്വാസം ഇല്ലായ്മയാണ് എന്നൊക്കെ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി; ചില യാന്ത്രിക ഭൗതിക വാദികളാണ് ഇതിനെ സംബന്ധിച്ചിടത്തോളം ഇത്തരം അഭിപ്രായം പറയുന്നത്; സമൂഹത്തെ നിരീക്ഷിക്കുന്നതിന്റെ ഒരു രീതി ശാസ്ത്രമാണിതെന്നും കാനം രാജേന്ദ്രൻ
കണ്ണൂർ: വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് പറയുന്നത് വിശ്വാസം ഇല്ലായ്മയാണ് എന്നൊക്കെ തെറ്റിദ്ധരിക്കപ്പെടുകയാണ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയിൽ നടപ്പാക്കാൻ കഴിയില്ലെന്ന സിപിഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം. വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായിട്ടില്ലെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അതിനർത്ഥം മാർക്സിസം അപ്രസക്തമായി എന്നാണെന്നും കാനം കൂട്ടിച്ചേർത്തു.
ചില യാന്ത്രിക ഭൗതിക വാദികളാണ് ഇതിനെ സംബന്ധിച്ചിടത്തോളം ഇത്തരം അഭിപ്രായം പറയുന്നത്. അതുകൊണ്ട് അങ്ങനെയായിരിക്കില്ല ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് എന്നാണ് എന്റെ വിശ്വാസം. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം അപ്രസ്കതമായി എന്ന് ആരെങ്കിലും പറഞ്ഞാൽ മാർക്സിസം അപ്രസക്തമായി എന്നാണ് അതിന്റെ അർത്ഥം. അങ്ങനെ ലോകത്ത് ഒരു ചിന്തയില്ല', കാനം പറഞ്ഞു. ‘അദ്ദേഹം അങ്ങനെയാണോ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും ചരിത്രപരമായ ഭൗതിക വാദവും സമൂഹത്തെ നിരീക്ഷിക്കുന്നതിന്റെ ഒരു രീതി ശാസ്ത്രത്തെയാണ് പറയുന്നത്. എങ്ങനെ ഒരു സാമൂഹ്യപ്രശ്നത്തെ അപഗ്രഥിക്കണം. അതിന് കമ്യൂണിസ്റ്റുകാർ സ്വീകരിക്കുന്ന രീതിയാണ് ഇത്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം, ചരിത്രപരമായ ഭൗതിക വാദം തുടങ്ങിയ മാർക്സിസത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾ ഒരു രാജ്യത്തിന്റെ സാഹചര്യമനുസരിച്ച് ഒരിക്കലും പ്രായോഗികമാക്കാനോ അല്ലാതാക്കാനോ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ടി.എ കണ്ണൂർ ജില്ലാ സമ്മേളനം മുനിസിപ്പൽ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മാർക്സിസത്തിന്റെ കാതലായ വൈരുധ്യാധിഷ്ടിത ഭൗതിക വാദത്തെ സിപിഎം നേതാവ് തള്ളിപ്പറഞ്ഞത്. '1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല.'
ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത്. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ അതിൽ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനികപ്രപഞ്ചത്തെ മുന്നിൽ നിർത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. അതിനാൽ വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തിൽ നിന്നേ പ്രവർത്തിക്കാൻ കഴിയൂ -ഗോവിന്ദൻ വ്യക്തമാക്കി.
തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഇക്കാര്യങ്ങൾ ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ ഫലപ്രദമായി പ്രയോഗിക്കേണ്ടുന്ന അതിന്റെ അടവുപരമായ നിലപാടുകളെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ അബദ്ധത്തിലേക്ക് ചെന്നുചാടും. ഒരു പാർട്ടി മതത്തെ അടിസ്ഥാനപ്പെടുത്തി ഭരണകൂട പ്രക്രിയയിലേക്ക് കടക്കുന്നതിനെ ആണ് വർഗീയത എന്ന് പറയുന്നത്.
വർഗീയതയ്ക്കെതിലെ നിലപാടെടുക്കുമ്പോൾ തന്നെ അവരവരുടെ വിശ്വാസത്തെ നിഷേധിക്കാൻ പാടില്ല. ആ അവകാശം നിഷേധിക്കുന്ന ഘട്ടം വന്നാൽ ആ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് മുമ്പന്തിയിൽ നിൽക്കാൻ ചെമ്പതാക ഏന്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോലും ബാധ്യതയുണ്ട്. അതാണ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട്. ആ നിലപാട് കൃത്യമായി മനസ്സിലാക്കാതെ നമുക്ക് ശരിയായ ദിശാബോധത്തോടെ മുമ്പോട്ടു പോകാനാകില്ല- ഗോവിന്ദൻ പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശം വീണ്ടും ചർച്ചയാകുന്ന വേളയിലാണ് എംവി ഗോവിന്ദന്റെ പരമാർശങ്ങൾ. പ്രസംഗത്തിൽ ശബലിമലയിലെ വിവാദങ്ങളെ കുറിച്ചും ഗോവിന്ദൻ പ്രതികരിക്കുന്നുണ്ട്.
എന്താണീ വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദം?
മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നാണിത്. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെയും വൈരുദ്ധ്യത്തിലൂടെയും പരസ്പര പ്രവർത്തനത്തിലൂടെയുമാണ് നിലനിൽക്കുന്നതും വളരുന്നതും. പദാർത്ഥമാണ് പ്രാഥമികം, ആശയം പിന്നീടുണ്ടായതാണ്, പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ല എന്നാണ് സിദ്ധാന്തം പറയുന്നത്.
ഭൗതികവാദം, വൈരുദ്ധ്യാത്മകവാദം എന്നീ രണ്ട് തത്വസംഹിതകളെ സംയോജിപ്പിച്ചാണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഉണ്ടായത്. ഭൗതികമായ വസ്തുക്കൾ (ഉദാഹരണം കല്ല്, വെള്ളം) അഥവാ പദാർത്ഥങ്ങൾ, അതാണ് പ്രാഥമികം എന്ന് പറയുന്ന ദർശനമാണ് ഭൗതികവാദ ദർശനം. ഒരു വസ്തുതയുടെ തത്വവും എതിർതത്വവും തമ്മിലുള്ള വൈരുധ്യം പരിഹരിക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട യാഥാർത്ഥ്യം അല്ലെങ്കിൽ സത്യം മനസ്സിലാക്കാം. ഇതാണ് വൈരുദ്ധ്യാത്മക വാദത്തിന്റെ അടിസ്ഥാനം.
കാൾ മാർക്സോ എംഗൽസോ തങ്ങളുടെ കൃതികളിൽ ഒരിടത്തു പോലും വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പേര് ഉപയോഗിച്ചിട്ടില്ല. ചരിത്രപരമായ ഭൗതികവാദം എന്നാണ് മാർക്സ് പരാമർശിച്ചിട്ടുള്ളത്. 1887ൽ ജർമൻ തത്വശാസ്ത്രജ്ഞനായ ജോസഫ് ഡീറ്റ്സ്ഗൻ ആണ് ആദ്യമായി വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം എന്ന പദം ഉപയോഗിക്കുന്നത്.
പാർട്ടി ക്ലാസുകളിൽ ലളിതമായി പറയുന്നത്
ഒരു ചിന്തയെ അഥവാ ഒരു ദർശനത്തെ തീസിസ് എന്ന് പറയുന്നു. കാലം ചെല്ലുന്നതോടെ ഈ തീസിസിൽ ദൂഷ്യങ്ങൾ പ്രകടമാകുന്നു. ക്രമേണ ഈ ദുഷിച്ച സംവിധാനത്തിനെതിരെ മറ്റൊരു ദർശനം ഉയർന്ന് വരുന്നു. ഇതിനെ ആന്റീ- തീസിസ് എന്ന് പറയുന്നു. തീസിസും ആന്റീ തീസിസും തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുന്നു. കാലക്രമേണ ഇതിലെ രണ്ടിലേയും നല്ല വശങ്ങൾ ചേർന്ന് ഒരു സിന്തസിസ് രൂപപ്പെടുന്നു. ഈ സിന്തസിസ് മറ്റൊരു തീസിസ് ആണ്. ഇത്തരത്തിൽ അവസാനിക്കാത്ത സംഘർഷങ്ങളിലൂടെയാണ് ലോകം പരിവർത്തനം ചെയ്യപ്പെടുന്നത്. ( മാർക്സിസവും ഒരു തീസിസ് ആണെന്നും അതിനും ഈ വാദങ്ങൾ ബാധകമാണെന്നും വിമർശകർ എല്ലാക്കാലും ചൂണ്ടിക്കാണിക്കാറുണ്ട്)
മറുനാടന് മലയാളി ബ്യൂറോ