- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റില്ല; മാനദണ്ഡത്തിൽ ആർക്കും ഇളവു നൽകില്ല; സ്ഥാനാർത്ഥികളായി പുതുമുഖങ്ങൾക്ക് അവസരം നൽകും; സംഘടനാ ചുമതലയുള്ളവർ മത്സരിച്ചാൽ പാർട്ടിസ്ഥാനം ഒഴിയണം; മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികം: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനാർത്ഥി മാനദണ്ഡത്തിൽ യാതൊരു ഇളവുകളും നൽകില്ല. ആരെയും മാറ്റി നിർത്താനല്ല ഈ തീരുമാനമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
സ്ഥാനാർത്ഥികളായി പുതുമുഖങ്ങൾക്ക് അവസരം നൽകും. സംഘടനാ ചുമതലയുള്ളവർ മത്സരിച്ചാൽ പാർട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാൽതന്നെ ആപേക്ഷികമായ കാര്യങ്ങൾ സ്ഥാനാർത്ഥി നിർണയ തീരുമാനത്തിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റിൽ ഇത്തവണ മത്സരിക്കാൻ കഴിയില്ല. പുതിയ കക്ഷികളെത്തി മുന്നണി വിപുലപ്പെടുത്തുമ്പോൾ സീറ്റുകൾ കുറയും. ഇത് സർവസാധാരണമാണ്. സീറ്റ് നൽകുന്നത് സംബന്ധിച്ച കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി. എൻ.സി.പി ഇടതുമുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും ഇക്കാര്യത്തിൽ എൻ.സി.പി നേതൃത്വം അന്തിമ തീരുമാനം അറിയിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ മാനദണ്ഡം അനുസരിച്ച് സിപിഐ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ മാത്രമാകും വീണ്ടും മത്സരിക്കുക. മറ്റ് മൂന്ന് മന്ത്രിമാർക്ക് മത്സരിക്കാൻ അവസരം ഉണ്ടാകില്ല. കഴിഞ്ഞ തവണ ജില്ലാ നേതൃത്വങ്ങളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് ഇവർക്കു മൂന്നാം ഊഴത്തിനായി ഇളവു നൽകിയത്. മാർഗരേഖ തന്നെ അപ്രസക്തമാക്കുന്ന ഇളവു വേണ്ടെന്നാണു നേതൃതലത്തിൽ ഇപ്പോഴുള്ള ധാരണ. സിപിഐ ദേശീയ നിർവാഹക, കൗൺസിൽ യോഗങ്ങൾ ഹൈദരാബാദിൽ ചേർന്ന ഘട്ടത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരവും ഇക്കാര്യത്തിൽ തേടിയിരുന്നു. ഇതോടെ 4 സിപിഐ മന്ത്രിമാരിൽ 3 പേരും തിരഞ്ഞെടുപ്പു രംഗത്തു നിന്ന് ഒഴിവാക്കപ്പെടും.
മൂന്നു ടേമായവർക്ക് ഇളവില്ലാത്തതിനാൽ ആറ് എംഎൽഎമാർ ഈ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാവില്ല, വി എസ് സുനിൽകുമാർ(തൃശൂർ),കെ. രാജു(പുനലൂർ), പി തിലോത്തമൻ(ചേർത്തല), ഇ.എസ് ബിജിമോൾ(പീരുമേട്), സി ദിവാകരൻ(നെടുമങ്ങാട്), മുല്ലക്കര രത്‌നാകരൻ(ചടയമംഗലം) എന്നീ എംഎൽഎമാർക്ക് സീറ്റുണ്ടാവില്ല.
17 എംഎൽഎമാരാണ് നിലവിൽ സിപിഐക്കുള്ളത്. ഇതിൽ 11 പേർക്ക് ഈ മാനദണ്ഡപ്രകാരം മത്സരിക്കാം. എങ്കിലും ഇവർ എല്ലാവരും മത്സരിക്കുമോ എന്ന് വ്യക്തമല്ല. ജി.എസ് ജയലാൽ(ചാത്തന്നൂർ) ഇ.കെ വിജയൻ(നാദാപുരം), വി.ശശി(ചിറയൻകീഴ്) രണ്ട് ടേം പൂർത്തിയാക്കിയ ഈ മൂന്നുപേരിൽ ഒന്നോ രണ്ടോ പേർക്ക് പകരവും പുതുമുഖങ്ങൾ വരാനുള്ള സാധ്യതയുമുണ്ട്.