- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസില്ലാതെ രാഷ്ട്രീയ ബദൽ സാധ്യമല്ല; ബിജെപിയെ നേരിടാൻ രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിന് കാണിച്ചു തരാൻ സാധിക്കുമോ? ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തെ ശരിവെച്ച് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസ് ഇല്ലാതെ ബിജെപിക്കെതിരായ രാഷ്ട്രീയ ബദൽ സാധ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപിയെ നേരിടാൻ ദേശീയ-തദ്ദേശീയ പാർട്ടികളുടെ വിപുലമായ സഖ്യം വേണമെന്നും അതിൽ നിന്നും കോൺഗ്രസിനെ മാറ്റിനിർത്താനാവില്ലെന്നും കാനം പറഞ്ഞു. ബിജെപിക്കെതിരായ രാഷ്ട്രീയസഖ്യത്തെ നയിക്കാൻ രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിനെ കാണിച്ചു തരാൻ സാധിക്കുമോ എന്നും കാനം ചോദിച്ചു.
നേരത്തെ സിപിഐയുടെ രാജ്യസഭാ എംപിയായ ബിനോയ് വിശ്വവും ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിന് നിർണായക പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. ബിനോയ് വിശ്വം പറഞ്ഞത് ദേശീയരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണെന്നും, കേരളത്തിലേത് വ്യത്യസ്തമായ സാഹചര്യമാണെന്നുമായിരുന്നു കാനത്തിന്റെ വിശദീകരണം.
2004ലും 2009ലും ദേശീയതലത്തിൽ ഇടതുപക്ഷം യു.പി.എ സഖ്യത്തെ പിന്തുണച്ചപ്പോഴും കേരളത്തിൽ തെരഞ്ഞെടുപ്പുണ്ടായിരുന്നുവെന്നും, എന്നാൽ ദേശീയ തലത്തിലെ ബന്ധം കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നില്ലെന്നും കാനം പറയുന്നു. ദേശീയതലതത്തിൽ കോൺഗ്രസ് തകർന്നാലുണ്ടാവുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിനാവില്ലെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം പറഞ്ഞത്. കഴിഞ്ഞ ദിവസം പി.ടി. തോമസ് അനുസ്മരണവേദിയിൽ വച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
കോൺഗ്രസ് തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് തകർന്നാൽ അവിടെ സംഘപരിവാർ സംഘടനകൾ ശക്തിപ്പെട്ടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തകർന്നുപോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത്. കോൺഗ്രസ് തകർന്നാലുണ്ടാകുന്ന വിടവ് നികത്താനുള്ള കെൽപ് ഇടതുപക്ഷത്തിന് ഇല്ല. കോൺഗ്രസ് വലിയ പ്രാധാന്യമുള്ള പാർട്ടിയാണ്. വിയോജിപ്പ് ഉണ്ടെങ്കിലും ഇക്കാര്യത്തിൽ തങ്ങൾക്ക് തിരിച്ചറിവുണ്ട്.
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാതൽ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായി. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ എന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.
അതേസമയം, ബിനോയ് വിശ്വത്തെ പിന്തുണച്ച് പാർട്ടി മുഖപത്രമായ ജനയുഗവും രംഗത്തെത്തിയിരുന്നു. മുഖപ്രസംഗത്തിലൂടെയായിരുന്നു ജനയുഗത്തിന്റെ പരസ്യപിന്തുണ. ബിനോയ് വിശ്വം നടത്തിയ പരാമർശത്തിന് സമിശ്രമായ പ്രതികരണമാണ് ഉണ്ടായതെന്നും ഇത്തരം പ്രതികരണം തികച്ചും സ്വാഭാവികവും ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കേണ്ടതുമാണെന്നുമായിരുന്നു ജനയുഗം മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ