- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട- കോട്ടയം മലയോര മേഖലകളിൽ കനത്തമഴ; കണമലയിൽ ഉരുൾപൊട്ടി വ്യാപക നാശം; 60കാരിയെ കണ്ടെത്തിയത് മണ്ണിൽ പുതഞ്ഞനിലയിൽ; ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി; വീടുകൾ തകർന്നു; അതിസാഹസികമായി ഏഴുപേരെ രക്ഷപ്പെടുത്തി
കോട്ടയം: എരുമേലി കണമലയിൽ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. രണ്ടിടങ്ങളിലാണ് അപകടകരമായ ഉരുൾപൊട്ടലുകൾ ഉണ്ടായത്. രണ്ടു വീടുകൾ തകർന്നു. ഈ വീടുകളിൽ ഉണ്ടായിരുന്ന ഏഴു പേരെ സാഹസികമായി രക്ഷപ്പെടുത്തി.
എരുത്വാപ്പുഴ-കണമല ബൈപാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്. റോഡിനും കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. മണ്ണിൽ പുതഞ്ഞ് ജോബിന്റെ അമ്മ അന്നമ്മയ്ക്ക് (60) പരുക്കേറ്റു. ജോസിന്റെ വീടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകർന്നു. ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന കണമല എഴുത്വാപുഴ സമാന്തര പാത മലവെള്ളപ്പാച്ചിലിൽ തകർന്നു. ഈ മേഖലയിൽ രാത്രി 9 മണിയോടെ തുടങ്ങിയ മഴ രാവിലെ പുലർച്ചെ 5 മണിക്കാണ് അവസാനിച്ചത്. കണമല സാന്തോം സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി. ഒമ്പതു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പുലർച്ചെ വലിയ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടി മാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. മണ്ണിടിച്ചിലിൽ പെട്ട ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. മൂന്ന് വീടുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. കോട്ടയം- പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലയിൽ രാത്രി മുതൽ ശക്തമായ മഴയായിരുന്നു. ഇപ്പോൾ മഴയ്ക്ക് അൽപം ആശ്വാസമുണ്ട്. ശബരിമല വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് എരുമേലി കണമല.
കോന്നി കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടിയതായി സംശയിക്കുന്നുണ്ട്. ഒരേക്കർ ഭാഗത്ത് നാല് വീടുകളിൽ പൂർണമായും വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ:
മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
മറുനാടന് മലയാളി ബ്യൂറോ